Sunday, 8 October 2023

സാൻ സിന്ദഗി ആസാദി സ്ത്രീ-ജീവിതം-സ്വാതന്ത്ര്യം



നർഗെസ് മൊഹമ്മദിക്ക് സമാധാനത്തിനുള്ള നോബൽ പുരസ്കാരം. 

ഈ പുരസ്കാര വാർത്ത നമ്മുടെ അരികിലേക്ക് എത്തുമ്പോൾ, സിക്കിമിലെ ജനത മേഘവിസ്ഫോടനത്തിന്റെ പിടിയിലാണ്. സിക്കിമിൽ നിന്നു മാത്രമല്ല, ന്യൂയോർക്ക് സിറ്റിയിൽ നിന്നു വരുന്നതും അത്തരത്തിലുള്ള വാർത്തയാണ്. കേരളീയരും ഒരുപക്ഷേ അതിൻറെ രൂക്ഷത നേരിട്ടനുഭവിച്ചവരാണ്. അതൊക്കെ നമുക്കൊരു വാർത്തയേ അല്ലാതായിരിക്കുന്നു. 

ഇതൊക്കെ പ്രകൃതിദുരന്തങ്ങളാണെന്ന് സമാധാനപ്പെടുമ്പോഴും, അങ്ങനെയല്ലാത്ത വാർത്തകൾക്കും ക്ഷാമമില്ല. സിറിയയിലെ സൈനിക അക്കാദമിയിൽ ബിരുദദാന ചടങ്ങിനിടയിലാണ് ബോംബാക്രമണം നടന്നത്. അറിവിൻറെ ഉത്സവത്തിൽ പങ്കെടുത്ത 100 പേരാണ് മരിക്കാനിടയായത് എന്നത് വേദനയുടെ ആഴം ഒന്നുകൂടി വർദ്ധിപ്പിക്കുന്നു. ഉക്രൈനിലെ ദുരന്തങ്ങൾക്കും ശമനമില്ല. മണിപ്പൂരിൽ അശാന്തി നടമാടിത്തുടങ്ങിയിട്ട് നാളുകളേറെയായി. നവജാത ശിശുക്കളടക്കം 40 കുഞ്ഞുങ്ങൾ ഒരു ദിവസം മരിക്കുന്നതായി മഹാരാഷ്ട്രയിൽ നിന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. മനുഷ്യനിർമ്മിതമായ ദുരന്തങ്ങൾ ഇത്രയധികമായിരിക്കുമ്പോഴും നയതന്ത്രങ്ങളിലെ വിള്ളലുകളുടെ ആഴം കുറയ്ക്കാനുള്ള ശ്രമങ്ങളല്ല നടക്കുന്നത്. ഭരണത്തിലിരിക്കുന്നവർ തമ്മിലുള്ള ചേരിപ്പോരിൽ സുപ്രീം കോടതി പലപ്പോഴും ഇടപെടുന്നതും കാണുന്നു. മാധ്യമങ്ങളിൽ നാവരിയപ്പെടുന്നവരെ കാണുമ്പോൾ ഭീതിയും ഒപ്പം മുട്ടിലിഴയുന്നവരെ കാണുമ്പോൾ ദൈന്യതയും ഉണ്ടാകുന്നത് സാധാരണമായിരിക്കുന്നു. മതാധികാര- ലിംഗാധികാരവാഴ്ച ലോകം മുഴുവൻ തിമിർത്താടുകയാണ്. 


ഈ ദുരന്തങ്ങൾക്കിടയിലും സ്ത്രീകളെ അടിച്ചമർത്താൻ ഭരണാധികാരികളോ മതാധികാരികളോ മറക്കാറില്ല. തട്ടം വലിച്ചെറിഞ്ഞ് പുറത്തിറങ്ങി സ്വാതന്ത്ര്യം അനുഭവിക്കുന്ന സ്ത്രീകളെ ഇവിടിരുന്ന് കാണുക തന്നെ വേണം. ചർച്ചുകളും ചാപ്പലുകളുമൊക്കെ ബാർ ഹോട്ടലുകൾ പോലുമായി മാറുന്ന യൂറോപ്പിലേക്കാണ് ഇവിടത്തെ പുതുതലമുറ ഓടിപ്പോകുന്നത്. സ്വാതന്ത്ര്യം 75 ആണ്ടായിട്ടും ഭരണത്തിലേയ്ക്കെത്താൻ സ്ത്രീസംവരണ ബില്ലിനെ വേഴാമ്പലിനെപ്പോലെ കാത്തിരിക്കേണ്ടിവരുന്ന ഗതികേടിലാണ് ഇന്ത്യൻ സ്ത്രീകൾ. ഈ ദുഃഖങ്ങൾക്കും ദുരന്തങ്ങൾക്കും ഇടയിലാണ് മുനിഞ്ഞു കത്തുന്ന ചേരാതുകളായി ചില നേർത്ത പ്രകാശനാളങ്ങൾ കാണുന്നത്. വെടിയുണ്ട ശിരസ്സിലേറ്റുവാങ്ങിയ മലാലയും പാർലമെന്റിനു മുന്നിൽ സമരം ചെയ്തു തുടങ്ങിയ ഗ്രെറ്റ തൻബെർഗ്ഗും ഒക്കെ ഈ ചങ്ങലയിലെ കണ്ണികളാണ്. സ്ത്രീകൾക്ക് നേരെയുള്ള കടന്നുകയറ്റത്തിനെതിരെയും മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിച്ച നർഗെസാണ് ഇപ്പോൾ ആദരിക്കപ്പെട്ടിരിക്കുന്നത്.

പക്ഷേ സമാധാനത്തിന്റെ ഈ വെള്ളരിപ്രാവിപ്പോൾ ഇറാനിലെ കുപ്രസിദ്ധമായ എവിൻ തടവറയിലാണ്. എട്ടുവർഷമായി തന്റെ കുഞ്ഞുങ്ങളെ ഒന്ന് താലോലിക്കാനോ കാണാനോ എന്തിന് ഒന്ന് സംസാരിക്കാനോ പോലും ആകാതെ കഴിയുകയാണ് ഈ മനുഷ്യാവകാശ പ്രവർത്തക.


 സൻ-സിന്ദഗി-ആസാദി

സ്ത്രീ-ജീവിതം-സ്വാതന്ത്ര്യം

പ്രിയപ്പെട്ട ഭരണാധികാരികളെ, മതനേതാക്കളെ...

മനുഷ്യർക്ക് വേണ്ടത് സമാധാനമാണ്, സ്നേഹമാണ്, സ്വസ്ഥമായ ജീവിതമാണ്...

അത് നൽകാൻ കഴിഞ്ഞില്ലെങ്കിൽ, ഇത് തങ്ങൾക്ക് പറ്റിയ ഇടമല്ല എന്ന് തിരിച്ചറിയുക... 

അതിന് കഴിവുള്ളവർ ഏറ്റെടുത്തുകൊള്ളും. 

 കൂടുതൽ നർഗെസുമാരെയാണ് പുതിയ കാലം ആവശ്യപ്പെടുന്നത്..

Dr Sindhu Prabhakaran

No comments:

Post a Comment