ഗോവയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത് അവിടത്തെ മനോഹരങ്ങളായ ബീച്ചുകളാണ്. ലോകപ്രസിദ്ധമായ ഈ ബീച്ചുകൾക്കു പുറമേ, ഏറെ സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകം കൂടി ഈ നാടിന് സ്വന്തമായുണ്ട്. വെൽഹ ഗോവ എന്നുകൂടി അറിയപ്പെടുന്ന ഓൾഡ് ഗോവയാണ് ഈ ചരിത്ര പൈതൃകത്തിന്റെ പ്രധാന കേന്ദ്രം. പതിനാറാം നൂറ്റാണ്ടു മുതൽ നിർമ്മിക്കപ്പെട്ട ഒട്ടേറെ കെട്ടിടങ്ങളാൽ സമ്പന്നമാണ് ഓൾഡ് ഗോവ. അക്കാലത്ത് യൂറോപ്പിൽ നിലനിന്നിരുന്ന വാസ്തുവിദ്യാ രീതികൾ (ക്ലാസിക്കൽ, ബാറോക്ക്, മാനുലിൻ ശൈലികൾ) ഈ കെട്ടിടങ്ങളുടെ നിർമ്മിതികളിൽ പ്രതിഫലിക്കുന്നുണ്ട്. കത്തീഡ്രലുകൾ, പള്ളികൾ, ചാപ്പലുകൾ, കോൺവെന്റുകൾ എന്നിവയുടെയൊക്കെ രൂപത്തിലാണ് ഈ വാസ്തുവിദ്യാ കലാസൃഷ്ടികൾ നിർമ്മിക്കപ്പെട്ടത്.
ഇന്ത്യയിൽ ക്രിസ്തുമതത്തിന് ആഴത്തിൽ വേരുകളുണ്ടായത് പോർച്ചുഗീസുകാർ ഗോവയിലെത്തിയതോടെയാണെന്നു പറയാം. അന്ന് ഭരണവും മതവും തോളോട് തോൾ ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. തങ്ങൾ കീഴടക്കിയ പ്രദേശങ്ങളിലെല്ലാം തന്നെ തദ്ദേശീയരായ ജനങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ അവർ സ്ഥാപിച്ച സഭകൾക്കെല്ലാം വേണ്ടി പള്ളികളോ കോൺവെന്റുകളോ ഒക്കെ പണി കഴിപ്പിച്ചത് യൂറോപ്പിൽ നിലനിന്നിരുന്ന വാസ്തുവിദ്യാ ശൈലിയിലാണ്. സെൻറ് അഗസ്റ്റിൻ ചർച്ച്, സെന്റ് ഫ്രാൻസിസ് അസീസി ചർച്ച്, ബോം ജീസസ് ബസലിക്ക, സെ കത്തീഡ്രൽ, ചാപ്പൽ ഓഫ് സെൻറ് കാതറിൻ, അവർ ലേഡി ഓഫ് റോസറി ചർച്ച് എന്നിവയൊക്കെ അവയിൽ ചിലതാണ്. വിശുദ്ധ ഫ്രാൻസ് സേവ്യറുടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസിലിക്ക, പോർച്ചുഗീസ്-ഗോത്തിക് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഗോവയിലെ ഏറ്റവും വലിയ കത്തീഡ്രൽ ആയ സേ കത്തീഡ്രൽ, റോമിലെ സെൻറ് പീറ്റേഴ്സ് ചർച്ചിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന സെൻ്റ് കജേതാൻ ചർച്ച് എന്നിവ പ്രത്യേകം പരാമർശിക്കാതെ തരമില്ല. ഇവ ഓരോന്നിനെക്കുറിച്ചും വിശദമായി എഴുതിയാൽ അത് വല്ലാതെ നീണ്ടു പോവും എന്നതുകൊണ്ട് അതിന് മുതിരുന്നില്ല.
തടിയിൽ വരച്ച പെയിൻറിംഗുകളും തടിയിലും കല്ലിലും തീർത്ത ശില്പങ്ങളും ഈ കെട്ടിടങ്ങളിൽ പലയിടത്തും കാണാവുന്നതാണ്. കാഴ്ചകൾ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. ആദിൽ ഷായുടെ കൊട്ടാരം നശിച്ചുവെങ്കിലും അവിടുത്തേയ്ക്കുള്ള പ്രവേശനകവാടം, പോർച്ചുഗീസുകാർ ഗോവ കീഴടക്കിയപ്പോൾ നിർമിച്ച വൈസ്രോയിയുടെ ആർച്ച്, ആർക്കിയോളജിക്കൽ മ്യൂസിയം എന്നിങ്ങനെ കാഴ്ചയുടെ പട്ടിക പിന്നെയും നീളുകയാണ്.
മറ്റൊട്ടേറെ ചരിത്ര സ്മാരകങ്ങളുടെ നടുവിലായി വെൽഹ ഗോവയുടെ ഹൃദയഭാഗത്താണ് ആർക്കിയോളജിക്കൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇതിൻ്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന 3.6 മീറ്റർ ഉയരമുള്ള അഫോൻസോ ഡി അൽബുക്കർക്കിൻ്റെ വെങ്കല പ്രതിമയും ആദ്യകാല പര്യവേക്ഷകരുടെ കടൽ വഴികൾ കാണിക്കുന്ന ഭൂപടങ്ങളും സന്ദർശകരെ ഗോവയുടെ ഗതകാല ചരിത്രത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ആദ്യകാല- മധ്യകാലഘട്ടങ്ങളിലെ വീരശിലകൾ, ഛായാചിത്രങ്ങൾ, നാണയങ്ങൾ, കറൻസികൾ, റവന്യൂ, കോർട്ട് ഫീ സ്റ്റാമ്പുകൾ, പോർച്ചുഗീസ് കാലഘട്ടത്തിലെ തടി, വെങ്കല ശിൽപങ്ങൾ, ആയുധശേഖരം തുടങ്ങി കൗതുകമുണർത്തുന്ന ഒട്ടേറെ ചരിത്രവസ്തുക്കൾ ഇവിടത്തെ ശേഖരത്തിലുണ്ട്. പോർച്ചുഗീസ് ഭാഷയിലെ മഹാനായ കവി ലൂയീഷ് വാഷ് ദ് കാമോയിഷിൻ്റെ വെങ്കലത്തിൽ തീർത്ത ഒരു പൂർണ്ണകായ പ്രതിമ പ്രധാന ഗ്യാലറിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഒരു കണ്ണ് മാത്രമുണ്ടായിരുന്ന ഈ ദേശീയ കവിയുടെ വലതു കൈയിൽ നിവർത്തി പിടിച്ചിരിക്കുന്നത് ഉഷ് ലുസീയദഷ് എന്ന കവിത എഴുതിയ പേപ്പറാണ്. വാസ്കോ ദ ഗാമ ഇന്ത്യയിലേക്ക് നടത്തിയ ആദ്യ സമുദ്രയാത്രയുടെ മനോഹരമായ വിവരണമാണ് ഈ കവിത. ഇങ്ങനെ അനവധി നിരവധി ചരിത്ര വസ്തുതകളിലേക്ക് കൺതുറക്കുന്ന ഈ മ്യൂസിയത്തിന്റെ ടിക്കറ്റ് നിരക്ക് വെറും 10 രൂപയാണ്. എങ്കിലും ബോം ജീസസ് ബസിലിക്കയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ മ്യൂസിയം പല യാത്രക്കാരും ഒഴിവാക്കാറാണ് പതിവ്. കുട്ടികളുമായി പോകുന്ന യാത്രക്കാരെങ്കിലും നിർബന്ധമായും ഈ സ്ഥലങ്ങളിൽ പോകണം. അവരെ നമ്മുടെ നാടിൻറെ ചരിത്രത്തിലൂടെ നടത്തിക്കണം.
നോർത്ത് ഗോവയിലേയ്ക്കും സൗത്ത് ഗോവയിലേയ്ക്കുമുള്ള രണ്ട് ട്രിപ്പും ഒരു ക്രൂയിസ് സന്ദർശനവും കഴിഞ്ഞാൽ ഗോവ കണ്ടു കഴിഞ്ഞു എന്ന് കരുതുന്ന സന്ദർശകരാണ് അധികവും. എന്നാൽ ഗോവയുടെ സാംസ്കാരികവും ചരിത്രപരവുമായ കാഴ്ചകൾ കൂടി ഉൾപ്പെടുമ്പോഴാണ് ഗോവ ഒരു വികാരമായി മനസ്സിൽ കയറി കൂടുന്നത്. വെറുമൊരു വിനോദത്തിനപ്പുറം ഒരു രണ്ടുദിവസമെടുത്ത് ഓൾഡ് ഗോവയിലെ ചരിത്രത്തിൻറെ നേർസാക്ഷ്യങ്ങളിലൂടെ യാത്ര ചെയ്താൽ ഗോവയുടെ തുടിപ്പ് ഒരു പെരുമ്പറ പോലെ മനസ്സിൽ മുഴങ്ങിക്കേൾക്കും.









No comments:
Post a Comment