Sunday, 8 October 2023

പോകാം, ഗോവയ്ക്ക്... (ഗോവൻ ഡയറി -1)

 








ഫെനിയുടെ മാത്രമല്ല മനോഹര ബീച്ചുകളുടെയും വർണ്ണ വെളിച്ചങ്ങളുടെയും നൈറ്റ് ലൈഫിന്റെയുമൊക്കെ നാടാണ് ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവ. ഒപ്പം പുരാതന സംസ്കാരത്തിൻ്റെ ശേഷിപ്പുകളെ ഏറെ സൂക്ഷ്മതയോടെ സംരക്ഷിച്ചുകൊണ്ട് ആധുനികതയെ മുറുകെ പുൽകുക കൂടി ചെയ്യുകയാണ് ഈ നഗരം. കൊങ്കൺ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു സംസ്ഥാനം ടൂറിസ്റ്റുകളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രവുമാണ്.

പനജിയാണ് സംസ്ഥാനത്തിന്റെ തലസ്ഥാനമെങ്കിലും വാസ്കോ ഡ ഗാമയാണ് ഏറ്റവും വലിയ പട്ടണം. എന്നാൽ മാർഗാവോണിലേക്ക് എത്തുമ്പോൾ പോർച്ചുഗീസ് സംസ്കാരം ഗോവയുടെ ജീവിതവുമായി ഇഴുകി ചേർന്നിരുന്നതിൻ്റെ ശേഷിപ്പുകൾ കാണാം. ആ സംസ്കാരം ഇപ്പോഴും പൂർണമായി അവരെ വിട്ടു പോയി എന്ന് നമുക്ക് പറയാനും കഴിയില്ല. ഇന്ത്യയാകെ ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ചപ്പോഴും ഗോവ പോർച്ചുഗീസിനു കീഴിൽ തന്നെയായിരുന്നു. 450 ലധികം വർഷങ്ങൾക്കുശേഷം 1961 ഡിസംബർ 19നാണ് ഗോവ സ്വതന്ത്രമായത്. 

ഗോവ എന്ന പേര് എങ്ങനെ വന്നു എന്നത് വ്യക്തമല്ല. ഗോമൻചാല, ഗോപകപട്ടണം, ഗോപകപുരി, ഗോവാപുരി ഇങ്ങനെ പല പേരുകളിലും ഗോവ ചരിത്രത്തിൽ പരാമർശിച്ചു കാണുന്നുണ്ട്. എന്തായാലും ഒരു നല്ല തുറമുഖമായിരുന്ന ഗോവ, സാമ്പത്തികമായും പണ്ടു മുതലേ മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. നല്ല തുറമുഖമായിരുന്നതു കൊണ്ടുതന്നെ ആകണമല്ലോ വിദേശികൾ ആദ്യം തീരമണഞ്ഞതും.

ഗോവ സഞ്ചാരികളുടെ ഒരു ഇഷ്ടകേന്ദ്രമാണ്. വിദേശികൾ മാത്രമല്ല സ്വദേശികളും ഗോവയുടെ സന്ദർശകരാണ്. നവംബറിൽ സീസൺ തുടങ്ങിയാൽ വിദേശികൾ ധാരാളമായി ഇവിടേയ്ക്കെത്തും. ഓഫ് സീസനിൽ പ്രധാനമായും സഞ്ചാരികൾ ഇന്ത്യക്കാരാണ്, അതിൽ ഒരു വലിയ വിഭാഗം കേരളീയരും. കുടുംബമായി ഗോവയിലേക്ക് എത്തുന്ന കേരളീയ സന്ദർശകരുടെ എണ്ണം ദിനംപ്രതി കൂടി വരികയുമാണ്...

No comments:

Post a Comment