തെരുവിൽ തളിരിടുന്ന ജീവിതങ്ങൾ
നൈറ്റ് ക്ലബ്ബുകളും ഗോഗോ ക്ലബ്ബുകളും ഡാൻസ് ബാറുകളും മാത്രമല്ല തെരുവോരക്കച്ചവടക്കാരും കലാകാരന്മാരുമൊക്കെ ബംഗളാ വാക്കിംഗ് സ്ട്രീറ്റിൻ്റെ ഭാഗമാണ്. ഇവരൊക്കെ വന്ന് ഇടം പിടിക്കുമ്പോഴാണ്, വൈകുന്നേരം റോഡ് സജീവമാകുന്നത്. ടൂറിസ്റ്റുകളുടെ നാടായ തായ്‌ലൻഡിൽ തെരുവ് കച്ചവടത്തിലൂടെ ഉപജീവനം നടത്തി ഒരു വലിയ വിഭാഗം ജനങ്ങൾ ജീവിക്കുന്നു.
നിത്യോപയോഗസാധനങ്ങൾ മുതൽ അലങ്കാരവസ്തുക്കൾ വരെ തെരുവുകച്ചവടത്തിൽ വില്പനയ്ക്കുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ചും ആവശ്യങ്ങൾക്കനുസരിച്ചും വളരെ പെട്ടെന്ന് കച്ചവടതന്ത്രം മാറ്റാൻ കഴിയുന്നതുതന്നെ അവരുടെ വലിയ വിജയമാണ്. മനോഹരമായി പല വർണ്ണങ്ങളിൽ ലൈറ്റ് കത്തുന്ന ബോ, തെരുവിലൂടെ കൊണ്ടുനടന്ന് വിൽക്കുന്ന സ്ത്രീയെ ഒരു ദിവസം കണ്ടിരുന്നു. എന്നാൽ പിറ്റേദിവസത്തെ ചാറ്റൽ മഴയത്ത് റെയിൻ കോട്ടും കുടയുമായാണ് അവർ തെരുവിലേക്കെത്തിയത്. അപ്പപ്പോൾ മാറുന്ന പരിതസ്ഥിതികളോട് പൂർണമായും ഇണങ്ങാൻ അവരെപ്പോലുള്ളവരെ കണ്ടു പഠിക്കണമെന്ന് തോന്നിപ്പോയി.
കടൽക്കരയോട് ചേർന്ന് കരിക്ക് വിൽക്കുന്നവർ ഉപഭോക്താക്കൾക്ക് ഒരു പായ കൂടി കൊടുക്കും. മണൽപ്പരപ്പിൽ പായ വിരിച്ചിരുന്ന് കാറ്റേറ്റ് കരിക്ക് നുണയാം. പായ മടക്കിക്കൊടുത്താൽ മതി. കസ്റ്റമേഴ്സിനെ ആകർഷിക്കാനും തൃപ്തിപ്പെടുത്താനും പരമാവധി അവർ ശ്രമിക്കുന്നുണ്ട്.
തെരുവ് കച്ചവടത്തിൽ ഏറ്റവും സജീവമായത് ഫുഡ് തന്നെയാണ്. ഇത് ഇവിടത്തെ ഒരു പ്രധാന ആകർഷണവുമാണ്. പലതരത്തിലുള്ള, രുചികരമായ, വൃത്തിയുള്ള ഭക്ഷണം അത്യാവശ്യം വിലക്കുറവിൽ ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ടൂറിസ്റ്റുകൾക്ക് ആനന്ദ ലബ്ധിക്കിനിയെന്തു വേണം. അല്ലേലും ഒരാളുടെ മനസ്സിലേക്ക് കയറിപ്പറ്റാനുള്ള ഏറ്റവും എളുപ്പവഴി രുചികരമായ ആഹാരമാണല്ലോ. തെരുവോര ഭക്ഷണത്തിൽ ഒരു പ്രധാന ഇനം ചിക്കൻ വിഭവങ്ങളാണ്. മസാല ചേർത്ത്, കമ്പിൽ കോർത്തെടുത്ത്, കനലിൽ വേവിച്ചെടുത്ത ചിക്കൻ വിഭവങ്ങൾ 10 ബാത്ത് മുതൽ ലഭ്യമാണ്.
കോൽ ഐസ്ക്രീം കഴിക്കുന്നതുപോലെ കോലിലെ ചിക്കനും കടിച്ച്, കാഴ്ചകൾ കണ്ടു നടക്കാം. വറുത്തുവെച്ച ചെറു പ്രാണികളെയോ പുൽച്ചാടികളേയോ അതുമല്ലെങ്കിൽ പാറ്റകളേയോ തേളുകളേയോ ചെറിയ പാത്രത്തിൽ വാങ്ങി, കൊറിച്ച് ഒരു അത്ഭുത ലോകത്തിലെന്നപോലെ തെരുവുകളിലൂടെ നടക്കാം. മേമ്പൊടിയായി ബിയറോ മദ്യമോ ആകാം. അതൊന്നും വേണ്ടാത്തവർക്ക് സോഫ്റ്റ് ഡ്രിങ്കും സുലഭം.
തിന്നും കുടിച്ചും ടൂറിസ്റ്റുകൾ നടക്കുന്നതുകൊണ്ട് പൊതുസ്ഥലങ്ങളൊക്കെ വൃത്തികേടായിരിക്കും എന്ന് ആരെങ്കിലും വിചാരിച്ചെങ്കിൽ അത് ശരിയല്ല. താമസിക്കുകയും കഴിക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ മാത്രമല്ല പരിസരം കൂടി വൃത്തിയുണ്ടെങ്കിൽ മാത്രമേ ടൂറിസ്റ്റുകൾ വരൂ എന്ന് നമ്മുടെ നാട് മനസ്സിലാക്കേണ്ടതുണ്ട്.











No comments:
Post a Comment