Tuesday, 5 September 2023

തായ്ത്തള്ളുകൾ -(3)😜😜😜

 ഫുക്കറ്റ് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും ഒരു മണിക്കൂറിലധികം യാത്രയുണ്ട് പാത്തോങ്ങിലേക്ക്. ഇവിടത്തെ റോഡുകൾ അധികവും തന്നെ സ്ട്രൈറ്റ് ആണ്. വളവും തിരിവും  വാഹനത്തിരക്കും കുറഞ്ഞ ആ റോഡുകളിലൂടെയുള്ള യാത്രയും രസകരമാണ്. ഈ ബസ് യാത്രയ്ക്കിടയിൽ ഒരു ഘോഷയാത്ര കാണാനിടയായി. വെളുത്ത വസ്ത്രം ധരിച്ച ആളുകളും പുഷ്പാലങ്കൃതമായ ചില പ്ലോട്ടുകളും അതിലുണ്ടായിരുന്നു. നമ്മുടെ നാട്ടിലേതു പോലെ തന്നെ, കവിളിലൂടെ ശൂലം പോലെ എന്തോ ഒന്ന് കുത്തിയിറക്കിയ ആളുകളും ഈ ഘോഷയാത്രയുടെ കൂട്ടത്തിലുണ്ടായിരുന്നു.

പാത്തോങ്ങിലേക്ക് അടുക്കും തോറും യാത്ര കൂടുതൽ മനോഹരമായി. കടലും മനോഹരമായ തീരവും ചെറിയ മലനിരകളും തെളിഞ്ഞ ആകാശവും പ്രകൃതിയുടെ പച്ചപ്പും കാഴ്ചയ്ക്ക് നിറമേകി. പ്രകൃതിദത്തമായ ബീച്ചുകൾ കൊണ്ട് സമൃദ്ധമാണ് പാത്തോങ്ങ്. Freedom beach, Surin beach, Karon beach, Kamala beach, Nai Harn beach, kata beach, rawai beach തുടങ്ങി ബീച്ചുകളുടെ ഒരു നീണ്ട നിര തന്നെ ഇവിടെയുണ്ട്. സന്തോഷിക്കാനും യുവത്വത്തിനെ ഹരം കൊള്ളിക്കാനും കഴിയുന്ന തരത്തിലുള്ള എല്ലാ ചേരുവകളും ഈ ബീച്ചുകളുടെ അരികിലായി ലഭ്യവുമാണ്. അതുകൊണ്ടാണല്ലോ അവധി ആഘോഷിക്കാനെത്തുന്നവരെയും ടൂറിസ്റ്റുകളെയും കൊണ്ട് ഇവിടമാകെ നിറഞ്ഞിരിക്കുന്നത്.


ഇവിടുത്തെ ബംഗളാ വാക്കിംഗ് സ്ട്രീറ്റ് വളരെ പ്രസിദ്ധമാണ്. പാത്തോങ് ബീച്ചിലേക്കുള്ള റോഡ് ഇവിടെയാണ് തുടങ്ങുന്നത്







. ഈ റോഡിലൂടെ മെല്ലെ നടന്നാൽ തായ്‌ലൻഡിന്റെ സംസ്കാരം നമുക്ക് തൊട്ടറിയാം. ഒരു കൾച്ചറൽ കോറിഡോർ ആണ് ഈ റോഡ് എന്ന് പോലും നമുക്ക് പറയാൻ സാധിക്കും. വൈകുന്നേരത്തോടെ സജീവമാകുന്ന ഈറോഡ് വെളുക്കുവോളം സഞ്ചാരികൾക്ക് വിനോദം പകർന്നു നൽകും. ഇരുവശങ്ങളിലും പ്രവർത്തിക്കുന്ന ബാറുകളും നിശാക്ലബ്ബുകളും സഞ്ചാരികൾക്ക് നൽകുന്നത് മദ്യം മാത്രമല്ല സംഗീതവും നൃത്തവും ആഘോഷവും സന്തോഷവും കൂടിയാണ്.

മ്യൂസിക് ബാറുകളും നൈറ്റ് ക്ലബ്ബുകളും ഗോഗോ ബാറുകളുമൊക്കെ നൈറ്റ് ലൈഫിന്റെ അടയാളങ്ങളാണ്. ഓരോ സ്ഥാപനങ്ങളിലും ലഭ്യമായ സേവനങ്ങളും അവയുടെ മേന്മയും എണ്ണിപ്പറഞ്ഞ് യാത്രക്കാരെ കൂട്ടിക്കൊണ്ടു പോകാൻ ഏജൻറുമാരും ധാരാളമുണ്ട്. വൈകുന്നേരമായാൽ നിങ്ങളെത്തന്നെ ഏതെങ്കിലും ഒരു ബാറിൽ കൊണ്ടുപോയി പാർക്ക് ചെയ്ത്, ബിയറോ മദ്യമോ വാങ്ങി രാത്രി മുഴുവൻ സംഗീതവും നൃത്തവും ആസ്വദിച്ച് ലഹരിയിലലിയാം. പ്രകാശവും വർണ്ണങ്ങളും ചേർന്ന അത്ഭുതപ്രപഞ്ചവും സംഗീതവും നൃത്തവും മദ്യവും മദിരാക്ഷിയുമൊക്കെയാമായി തിമിർത്താടുന്ന യൗവനവും നിറഞ്ഞ ഈ തെരുവിലൂടെ നടക്കുമ്പോൾ വിണ്ണ് മണ്ണിലുദിച്ചതാണെന്ന് തോന്നിപ്പോയാൽ അത് അതിശയോക്തിയേയല്ല..


No comments:

Post a Comment