പൊതുവേ ഗോവയിലേയ്ക്ക് സഞ്ചാരികൾ എത്തുന്നത് ബീച്ചുകളും നൈറ്റ് ലൈഫും പാർട്ടിയും മദ്യവുമൊക്കെ ആഘോഷിക്കുന്നതിനാണ്. എന്നാൽ ഗോവയ്ക്ക് വളരെ മെച്ചപ്പെട്ട ഒരു കലാ- സാംസ്കാരിക പാരമ്പര്യമുണ്ട്. അത് ഒന്ന് തൊട്ടറിയണമെങ്കിൽ ഗോവയിലെ മ്യൂസിയങ്ങളിലൂടെയും പഴയ ഗോവയിലെ പുരാതന കെട്ടിടങ്ങളിലൂടെയും ഒക്കെ ഒന്ന് കയറിയിറങ്ങിയാൽ മതി. ഓൾഡ് ഗോവയിലെ ആർക്കിയോളജിക്കൽ മ്യൂസിയം, സാൻ തോം മ്യൂസിയം, ക്രിസ്ത്യൻ ആർട്ട് മ്യൂസിയം, നേവൽ ഏവിയേഷൻ മ്യൂസിയം, ഗോവ ചിത്രമ്യൂസിയം, ബിഗ് ഫൂട്ട് മ്യൂസിയം, ഗോവ സയൻസ് സെൻറർ, മ്യൂസിയം ഓഫ് ഗോവ തുടങ്ങി പബ്ലിക്കും പ്രൈവറ്റുമായി ഒട്ടേറെ മ്യൂസിയങ്ങൾ ഉള്ള ഒരു സംസ്ഥാനമാണ് ഗോവ. ഗോവയിൽ എത്തുന്ന ടൂറിസ്റ്റുകൾ അധികം സന്ദർശിക്കാത്ത ഒരു മ്യൂസിയമാണ് മ്യൂസിയം ഓഫ് ഗോവ. സമകാലിക കലാരൂപങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള ഒരു പ്രൈവറ്റ് മ്യൂസിയമാണിത്. ഗോവയിലെ പ്രശസ്ത ആർട്ടിസ്റ്റായ ഡോ. സുബോധ് കെർക്കർ ആണ് പിലേനിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ മ്യൂസിയം ഓഫ് ഗോവ സ്ഥാപിച്ചത്.
വളരെ ചിട്ടയായി അവിടെ ക്രമീകരിച്ചിരിക്കുന്ന പ്രദർശന വസ്തുക്കൾ മാത്രമല്ല, തുടർച്ചയായി സംഘടിപ്പിക്കപ്പെടുന്ന പലതരം വർഷോപ്പുകളും ചർച്ചകളും നാടക-സിനിമാ പ്രദർശനങ്ങളുമൊക്കെ ഇവിടുത്തെ പ്രത്യേകതയാണ്. മ്യൂസിയം ഓഫ് ഗോവ എന്നതിൻറെ ചുരുക്കഴുത്താണ് MOG. കൊങ്കിണി ഭാഷയിൽ ഈ വാക്കിനർത്ഥം സ്നേഹമെന്നാണ്. ചിത്രകാരനായ അച്ഛനോടൊപ്പം (ചന്ദ്രകാന്ത് കെർക്കർ) ചെറുപ്പത്തിൽ കടൽതീരത്തിലൂടെ നടത്തിയ യാത്രകൾ അദ്ദേഹത്തിന്റെ സർഗ്ഗാത്മകതക്ക് പ്രേരകമായി. ചിത്രരചനയും ശില്പനിർമ്മാണവും ഇൻസ്റ്റലേഷനുമൊക്കെ കെർക്കറിന് ഒരുപോലെ വഴങ്ങി. ഇരുമ്പും ടെറാക്കോട്ടയും പ്രകൃതിയിൽ നിന്ന് കിട്ടുന്ന സാധാരണ വസ്തുക്കളും പ്ലാസ്റ്റിക് വേസ്റ്റും ഇരുമ്പ് നട്ട്സും ടയറിന്റെ വേസ്റ്റും ഒക്കെ കലാരൂപങ്ങൾ നിർമ്മിക്കാനുള്ള വസ്തുക്കളായി അദ്ദേഹം മാറ്റിയെടുത്തു. ഡോക്ടറായിരുന്ന അദ്ദേഹം ആശുപത്രിയും പ്രാക്ടീസും ഒക്കെ ഉപേക്ഷിച്ചാണ് ഒരു കലാകാരനാകാൻ തീരുമാനിച്ചത്. എന്തായാലും ചിത്രകാരൻ എന്ന നിലയിലും ശില്പി എന്ന നിലയിലും ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വ്യക്തിയായി മാറാൻ സുബോധ് കെർക്കറിന് സാധിച്ചു.
ഗൗർ എന്ന ശക്തനായ കാളയാണ് മ്യൂസിയത്തിന്റെ വാതുക്കൽ സന്ദർശകരെ എതിരേൽക്കാനായി നിൽക്കുന്നത്. കാളയുടെ ശക്തിയെ കാണിക്കാനാകണം ഇതിനെ ഇരുമ്പ് കൊണ്ട് നിർമ്മിച്ചത്. കാലിയെ മേച്ച് നടന്ന ഗോവൻ സംസ്കാരവും ഇതിൽ പ്രതിഫലിക്കുന്നു. ഗോവക്കാർക്ക് മത്സ്യത്തോടുള്ള ഇഷ്ടം മാത്രമല്ല, ഏണസ്റ്റ് ഹെമിങ്‌വേ യുടെ കിഴവനും കടലും എന്ന പുസ്തകത്തെയും ഓർമ്മിപ്പിക്കുന്ന ശില്പമാണ് ദി ഓൾഡ് മാൻ ആൻഡ് ദി ഫിഷ്. ഈ ഇരട്ട ശില്പത്തിലൊന്ന് ചുവന്ന കല്ലുകൊണ്ട് നിർമ്മിച്ചപ്പോൾ മറ്റേത് ഇരുമ്പ് നട്ടുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കടലിനോടും കടൽ വിഭവങ്ങളോടും ചേർന്ന് കിടക്കുന്ന ഗോവൻ ജീവിതത്തിന്റെ നേർക്കാഴ്ചയായി ഈ ശില്പം മാത്രമല്ല, വിവിധ മാധ്യമത്തിൽ ചെയ്തെടുത്ത ഒട്ടേറെ മനോഹരശില്പങ്ങൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുമാത്രം നിർമ്മിച്ച ഭൂമിയുടെ രൂപമാകട്ടെ ഇന്നത്തെ അവസ്ഥയെ സൂചിപ്പിക്കുന്നു. കലാമൂല്യം കൊണ്ടും ആശയ സമ്പുഷ്ടത കൊണ്ടും മെച്ചപ്പെട്ടതാണ് ഇവിടത്തെ ഓരോ പ്രദർശന വസ്തുക്കളും.
ഇന്ത്യയിൽ പൊതുവേ പാചകത്തിന് കുരുമുളകും മറ്റ് സുഗന്ധ വ്യഞ്ജനങ്ങളും വളരെ പ്രാചീനകാലം മുതലേ ഉപയോഗിച്ചുവന്നിരുന്നു. എന്നാൽ മുളക് ഉപയോഗിച്ച് തുടങ്ങിയത്, പതിനാറാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തെക്കേ അമേരിക്കയിൽ നിന്നും പോർച്ചുഗീസുകാർ ഗോവയിലേക്ക് അത് എത്തിച്ചതോടുകൂടിയാണ്. അതുകൊണ്ടാണ് മുളകിനെ ബഹുമാനിക്കുന്നതിനായി റബ്ബർ ടയറും കോട്ടൺ തുണികളും ഫൈബർ ഗ്ലാസും ഒക്കെ ചേർത്ത് മനോഹരമായ മുളകുരൂപങ്ങൾ അദ്ദേഹം തീർത്തത്.
ധാരാളം പെയിന്റിങ്ങുകൾ കൊണ്ടുകൂടി സമ്പന്നമാണ് ഈ മ്യൂസിയം. ടെക്നോളജി കൂടി ഉൾച്ചേർത്ത നിർമ്മിതികളും ഇവിടുത്തെ പ്രത്യേകതയാണ്. ഗോവൻ ജീവിതത്തെക്കുറിച്ചും ചിത്ര ശിൽപ്പ നിർമ്മാണത്തെക്കുറിച്ചുമൊക്കെ കെർക്കർ തന്നെ വിശദീകരിക്കുന്ന 15 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻററി പ്രദർശനവും കുട്ടികളുടെ കലാവിരുതുകളുടെ സെക്ഷനും പുതിയ ശില്പങ്ങളുടെ നിർമ്മാണവും മനോഹരമായി സെറ്റ് ചെയ്തിരിക്കുന്ന ഒരു കോഫി ഷോപ്പുമൊക്കെ ഈ മ്യൂസിയത്തിന്റെ ഭാഗമാണ്.
ഗോവയിലെ ഈ മ്യൂസിയം കലാരൂപങ്ങളുടെ ഒരു ശേഖരം എന്ന നിലയിൽ മാത്രമല്ല അവ പരസ്പരം സംവാദം നടത്തുന്ന ആശയങ്ങളുടെ പരീക്ഷണശാലയായും കണക്കാക്കപ്പെടുന്നു. കലയിലും സംസ്കാരത്തിലും ചരിത്രത്തിലും താത്പര്യമുള്ളവർ മാത്രമല്ല മാനവികത ഉൾക്കൊള്ളുന്നവരെല്ലാം ഗോവയിലെത്തിയാൽ ഈ മ്യൂസിയം കാണാതെ മടങ്ങരുത്.










No comments:
Post a Comment