അടൽ സേതു
കാസിനോ
മാണ്ഡവി നദി...
ഗോവയുടെ ജീവദായിനി..
കർണാടകയിലെ ബൽഗാം ജില്ലയിൽ നിന്നും ഉൽഭവിച്ച്,
ആകെയുള്ള 81 കിലോമീറ്റർ നീളത്തിന്റെ പകുതിയിലധികം ഭാഗവും ഗോവയിലൂടെ ഒഴുകി,
കാബോ അഗൗഡയിൽ വെച്ച് സുവാരി നദിയുമായി ചേർന്ന്, മോർമുഗാവ് എന്ന പ്രധാന തുറമുഖത്തിന്റെ സൃഷ്ടിയൊരുക്കി,
അറബിക്കടലിലേക്ക് വിലയം പ്രാപിക്കുന്ന മഹാനദി...
മഹാദായി എന്നും മാദേയി എന്നും അറിയപ്പെടുന്ന ഈ നദി ഗോവൻ ജീവിതവുമായി ഇഴപിരിക്കാനാകാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്നു..
ചിലയിടങ്ങളിലെങ്കിലും ഗോമതി എന്ന വിളിപ്പേരും ഈ നദിക്കുണ്ട്..
പനജിയിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ദൂധ് സാഗർ വെള്ളച്ചാട്ടം ഈ നദിയിലാണ്..
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ, ആകാശത്തുനിന്നും ഭൂമിയിലേക്ക്,
പാൽനുര ചിതറിത്തെറിച്ചു വരുന്നതുപോലെയാണ് ഈ വെള്ളച്ചാട്ടം. അക്ഷരാർത്ഥത്തിൽ ഒരു പാൽക്കടൽ. നാല് തട്ടുകളിലായി താഴേക്ക് ഒഴുകിയെത്തുന്ന ഇത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. മാണ്ഡവി സമ്മാനിക്കുന്ന ഈ മനോഹര ദൃശ്യം ഒരു പ്രാവശ്യമെങ്കിലും കാണാനിടയാകുന്ന ഒരാളുടെയും മനസ്സിൽ നിന്ന് അത് മാഞ്ഞു പോകില്ല. ബൽഗാമിൽ നിന്നും വാസ്കോഡഗാമയിലേക്ക് യാത്ര ചെയ്താൽ ട്രെയിനിലിരുന്നും ഈ കാഴ്ച ആസ്വദിക്കാം...
ഷാരൂഖ് ഖാനും ദീപികയും തകർത്തഭിനയിച്ച ബോളിവുഡ് സിനിമ ചെന്നൈ എക്സ്പ്രസിലെ രംഗങ്ങൾ ഇവിടെ ചിത്രീകരിച്ചിരുന്നു.
ഗോവയുടെ ഇപ്പോഴത്തെ തലസ്ഥാനമായ പനജിയും പഴയ തലസ്ഥാനമായ ഓൾഡ് ഗോവയും മാണ്ഡവിയുടെ ഇടതു കരയിലെ പ്രധാന പട്ടണങ്ങളാണ്. ഓൾഡ് ഗോവയുടെ സമീപത്തായി ഈ നദിയിൽ ചില ദ്വീപുകളുമുണ്ട്. ഈ ദ്വീപുകളെയും കരയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഫെറി സർവീസും ചരക്കും കൊണ്ട് നീങ്ങുന്ന കപ്പലുകളും ടൂറിസ്റ്റുകളെയും വഹിച്ചുകൊണ്ടുള്ള കാസിനോകളും ഈ പുഴയിലെ സാധാരണ കാഴ്ചയാണ്.
ഗോവയിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് ക്രൂയിസിലൂടെയുള്ള യാത്ര. ക്രൂയിസുകളും കാസിനോകളും യാത്രക്കാരന്റെ പോക്കറ്റിന്റെ കനമനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്. കരയോടടുത്ത് നിർത്തിയിട്ടിരിക്കുന്നതും വെള്ളത്തിലൂടെ ഒഴുകി നടക്കുന്നതുമായ കാസിനോകൾ മാണ്ഡവിയിലുണ്ട്. പാട്ടും നൃത്തവും കുടിയും തീറ്റയുമായി പാതിരാവോളം നീളുന്ന ആഘോഷങ്ങളാണ് ഈ ജലയാനങ്ങളിൽ ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത്.
ഗോവയുടെ ടൂറിസത്തിന്റെ വളർച്ചയിൽ ഒരു പ്രധാന പങ്ക് ഈ നദിക്കുണ്ട്. എന്നാൽ ഇതിലെ വെള്ളം പങ്കുവയ്ക്കുന്നതിൽ കർണാടകയും ഗോവയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളും കാലങ്ങളായി നിൽക്കുന്നു.
മാണ്ഡവിക്കു കുറുകെ പണിതിട്ടുള്ള അടൽ സേതു വെറുമൊരു പാലം മാത്രമല്ല, ഒരു മനോഹര കാഴ്ച കൂടിയാണ്. ഒട്ടേറെ പ്രത്യേകതകൾ ഈ പാലത്തിനുണ്ട്. പനജിയെയും പർവോറിമിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇതിന് അഞ്ച് കിലോമീറ്ററിലധികം നീളമുണ്ട്.
ഈ പാലത്തിൻറെ ഉയരക്കൂടുതൽ കണക്കിലെടുത്ത് ടൂവീലറുകളെയും ത്രീവീലറുകളെയും ഇതിലൂടെ പോകുന്നതിൽ നിന്നും നിരോധിച്ചിട്ടുമുണ്ട്. കേബിളുകളിൽ താങ്ങി നിർത്തിയിരിക്കുന്ന ഒരു പാലമാണിത്. ഇത്തരത്തിൽ ഇന്ത്യയിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും നീളം കൂടിയ മൂന്നാമത്തെ പാലം. ഈ നദിക്ക് കുറുകെ നേരത്തെ ഉണ്ടായിരുന്ന രണ്ട് പാലങ്ങളുടെയും മധ്യത്തിലൂടെയാണ് അടൽ സേതു നിർമ്മിച്ചിരിക്കുന്നത്.
പകലും രാത്രിയും വ്യത്യസ്ത തലത്തിലുള്ള കാഴ്ചയാണ് ഈ പാലം ഓരോ സഞ്ചാരിക്കും നൽകുന്നത്. അതിന്റെ എഞ്ചിനീയറിങ് വൈദഗ്ദ്ധ്യവും നിർമ്മാണചാതുരിയുമായിരിക്കും പകൽ നമ്മെ ആകർഷിക്കുന്നത്. ഈ പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ വിമാന സഞ്ചാരത്തിലെന്ന പോലുള്ള കാഴ്ചകളാണ് കാണാനാകുന്നത്. എന്നാൽ രാത്രിയായാൽ, മിന്നിത്തെളിയുന്ന വൈദ്യുത ദീപങ്ങളാലവൾ അണിഞ്ഞൊരുങ്ങും. ഈ വർണ്ണങ്ങൾ വെള്ളത്തിൽ പ്രതിഫലിക്കുക കൂടി ചെയ്യുമ്പോൾ, സൗന്ദര്യം ഒന്നുകൂടി വർദ്ധിക്കും. ക്രൂയിസിലൂടെ യാത്ര ചെയ്യുന്ന ഒരു സഞ്ചാരിയ്ക്കും തങ്ങളുടെ മനസ്സിലേക്കും ഒപ്പം ക്യാമറയിലേക്കും ഈ ദൃശ്യം പകർത്താതെ കടന്നുപോകാനാകില്ല.














No comments:
Post a Comment