കേരളത്തിൽ നിന്ന് വന്നയാളെ പരിചയപ്പെടുത്തിയ ശേഷം ക്ലാസ് ടീച്ചർ കുട്ടികളോട് ചോദിച്ചു, "കേരളത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ..?"
ഒന്നും മൂന്നും ക്ലാസുകളിൽ ഇരുന്ന പകുതിയിലേറെപ്പേരും ഉവ്വെന്ന് പറഞ്ഞപ്പോൾ,
സന്തോഷം...
അഭിമാനം...
ഗോവൻ യാത്രയിലെ അഭിമാനമുഹൂര്‍ത്തം...
ഒരു പുതിയ സ്ഥലത്തെത്തുമ്പോൾ, അവിടെ ഒരു സ്കൂൾ കാണുന്നത് പൊതുവേ താല്പര്യമുള്ള കാര്യമാണ്. ഇത്തവണത്തെ ഗോവ യാത്രയിൽ രണ്ട് സ്കൂളുകൾ കാണാൻ കഴിഞ്ഞു. കലങ്കുട്ടെയിലെ ഗവ. പ്രൈമറി സ്കൂളും ഡോണാ പൗളായിലെ ഗവ. ഹൈസ്കൂളും. നല്ല സൗകര്യങ്ങൾ ഉള്ള സ്കൂളുകളായിരുന്നു ഇവ രണ്ടും. പൊതുവേ ഗോവയിലെ സ്കൂളുകളിൽ രാവിലെ എട്ടുമണിക്ക് ക്ലാസ് ആരംഭിച്ച് ഉച്ചയോടെ അവസാനിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്. നാലാം ക്ലാസ് വരെ മറാത്തിയിലോ കൊങ്കണിയിലോ ആണ് പഠനം. അത് കഴിഞ്ഞാൽ മീഡിയം ഇംഗ്ലീഷ് ആയി മാറും. ആഴ്ചയിലെ എല്ലാദിവസവും പോഷകാഹാരവിതരണവും ഉണ്ട്. ചപ്പാത്തിയും റൊട്ടിയും ചോറും സബ്ജിയും ദാലുമൊക്കെ മാറി മാറി വിതരണം ചെയ്യുന്നു. എല്ലാദിവസവും ഒരേ തരം ഭക്ഷണം കഴിച്ച് കുട്ടികൾക്ക് മടുപ്പുണ്ടാകുന്നില്ല.
നമ്മുടെ നാട്ടിലെ പോലെ തന്നെ സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറയുന്നത് ഇവിടെയും ഒരു പ്രശ്നം തന്നെയാണ്. പുറത്തുനിന്നും പണിക്കായി വന്നു താമസിക്കുന്നവരുടെ മക്കൾ മാത്രമാണ് ഇവിടെ പഠിക്കുന്നതെന്ന് ഡോണാ പൗളാ ഹൈസ്കൂളിലെ പ്രൈമറി ടീച്ചർ പറയുന്നു.
എടുത്തുപറയേണ്ട മറ്റൊരു കാര്യമുണ്ട്. ഒന്നു മുതൽ നാലു വരെ ക്ലാസുകൾക്കായി അധ്യാപക പോസ്റ്റുകൾ രണ്ടെണ്ണം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഒന്നും മൂന്നും ക്ലാസുകളും രണ്ടും നാലും ക്ലാസുകളും ഒരേ സമയം ഓരോ ടീച്ചർമാർ കൈകാര്യം ചെയ്യേണ്ടിവരുന്നു. മറാത്തിയും കണക്കും EVS ഉം ഒക്കെ ഇവർ തന്നെ പഠിപ്പിക്കണം. ഇത് അധ്യാപകർക്ക് മാത്രമല്ല കുട്ടികൾക്കും പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ ഈ അധ്യാപകർക്ക് പുറമേ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഒരാളെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട് എന്നത് ഒരു നല്ല കാര്യമായി തോന്നി. ഇതിനൊക്കെ പുറമേ പോർച്ചുഗീസ് ഭാഷ പഠിപ്പിക്കുന്ന സ്കൂളുകളും ഇപ്പോഴും ഗോവയിലുണ്ട്. പോർച്ചുഗീസ് സംസ്കാരത്തിൻറെ പ്രഭാവം ഇപ്പോഴും ഗോവയിലൂടെ നീളം കാണാനാകും.
സ്കൂളുകളിൽ കണ്ട വൃത്തിയുള്ള അന്തരീക്ഷം എടുത്തു പറയേണ്ടതു തന്നെയാണ്. ക്ലാസ് മുറികൾ മാത്രമല്ല സ്കൂളും പരിസരവുമൊക്കെ വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു. ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിന് വലിയ വേസ്റ്റ് ബാസ്ക്കറ്റുകളും സ്ഥാപിച്ചിരിക്കുന്നത് കണ്ടു. ഈ ശീലം കൊണ്ടായിരിക്കും അവിടുത്തെ പൊതുനിരത്തുകളിലും പൊതുവെ വൃത്തി കാണാനായത്. ഇത്തിരി പഴക്കം ഉണ്ടായിരുന്നെങ്കിലും, സ്കൂളിലെ ടോയ്‌ലറ്റും വളരെ വൃത്തിയുള്ളതായിരുന്നു.
ഒരു സ്കൂള് കാണുമ്പോൾ, അവിടത്തെ കുട്ടികളെ കാണുമ്പോൾ, അധ്യാപകരോടു സംസാരിക്കുമ്പോൾ, അറിയാതെ ഒരു സന്തോഷം മനസ്സിൽ ഓടിയെത്തും. വേണ്ടപ്പെട്ടവരെ ആരെയോ കണ്ടതുപോലെ...വേണ്ടപ്പെട്ട എവിടെയോ എത്തിയതുപോലെ...









No comments:
Post a Comment