Friday, 26 April 2024

തണൽ വിരിയുന്ന വഴിത്താരകൾ - 2

 














പരിശ്രമം ചെയ്യുകിലെന്തിനേയും...

കളമശ്ശേരിയിലെ ആ ചെറിയ വാടകവീട്ടിലിരുന്ന് സുമതി കുമാരന്റെ മനസ്സ് തുഴയുകയാണ്, ചേരാനല്ലൂരിലെ ഇടയക്കുന്നം പുഴയിലൂടെസ്വന്തമായി നിർമ്മിച്ച് വെള്ളത്തിലിറക്കിയ ആ ചങ്ങാടം ഇപ്പോഴും മനസ്സിലുണ്ട്. കാൽപാദത്തിലെ എല്ലൊടിഞ്ഞതിൽ പ്ലാസ്റ്ററിട്ട് നടക്കാനാകാതെ മകളുടെ വീട്ടിൽ വിശ്രമത്തിലാണിപ്പോൾ. റോഡിൻറെ വശത്തുണ്ടായിരുന്ന സ്ലാബിൽ ചെറുതായെന്ന് കാൽ തട്ടിയതാണ്. എത്രയും വേഗം നടക്കാനായാൽ തന്റെ ചങ്ങാടവുമായി പുഴയിൽ ഇറങ്ങാനുള്ള ആവേശമാണ് മനസ്സു നിറയെ. ഏറെ ആവേശം തരുന്നതാണ് സുമതി ചേച്ചിയുടെ കഥ. കർമ്മോത്സുകരായ് കടമകൾ ചെയ് വിൻ സമ്മാനങ്ങൾ കൊതിച്ചീടാതെ എന്ന് കവി പാടിയതു പോലെയാണ് അവരുടെ പ്രവർത്തനങ്ങൾ. തൻറെ പ്രവൃത്തിയിലൂടെ ഒരാൾക്കെങ്കിലും മനം മാറ്റമുണ്ടായാൽ അത് ഏറ്റവും വലിയ കാര്യമായി കരുതുന്ന ആളാണ് 62 കാരിയായ സുമതി കുമാരൻ.

 

വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗമായിരുന്നു സുമതി. വിവാഹശേഷവും സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല. ഭർത്താവ് കുമാരൻ കാര്യമായ പണിക്കൊന്നും പോയിരുന്നില്ല. സ്വയം പണിയെടുത്ത് കുടുംബം പോറ്റേണ്ട ബാധ്യതകൂടി വിവാഹശേഷം സുമതിയുടെ ചുമലിലായി. എല്ലുകൾ പെട്ടെന്ന് ഒടിഞ്ഞുപോകുന്ന അസുഖമുള്ളയാളാണ് സുമതി. ഈ അസുഖത്തിനിടയിലും കെട്ടിടം പണിക്ക് പോകാതെ നിവൃത്തിയുണ്ടായിരുന്നില്ല. ഭർത്താവ് കൂടെ ഉണ്ടായിരുന്ന കാലത്തും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ കാലത്തും കുട്ടികളെ വളർത്താൻ ഇവർ തന്നെ പണിയെടുക്കേണ്ടി വന്നു. അതിനായി കണ്ടെത്തിയതാണ് കെട്ടിടം പണിക്ക് കയ്യാളാവുക(helper) എന്നത്. ശ്വാസംമുട്ടലും നടുവേദനയും കൂട്ടിനെത്തിയതോടെ ആ പണി ചെയ്യാനാവാതായി. ആയിടെയെയാണ് ചേരാനല്ലൂർ പഞ്ചായത്ത് വീടുകളിൽ നിന്നും മാലിന്യ ശേഖരണം ആരംഭിച്ചത്. അന്ന് വാതിൽപ്പടി മാലിന്യ ശേഖരണത്തിന് ആളെ കിട്ടുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ജീവിക്കാൻ മറ്റൊരു മാർഗവുമില്ലാതിരുന്ന ആ കാലത്ത് മാലിന്യ ശേഖരണത്തിനായി കൂടെ ചേരുക മാത്രമേ ഒരു പോംവഴിയായി സുമതിയുടെ മുന്നിലുണ്ടായിരുന്നുള്ളൂ. അങ്ങനെ 2016-ൽ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ജോലിക്ക് ചേർന്നു. ഈ ജോലിയിലൂടെയാണ്, 2019-, ഹരിതകർമ്മസേനാംഗമായി മാറിയത്. അജൈവ മാലിന്യ ശേഖരണത്തിനിടയിൽ കിട്ടിയിരുന്ന ചില വസ്തുക്കൾ സുമതിയെ വല്ലാതെ മോഹിപ്പിച്ചു. അവയൊക്കെ ഉപയോഗിച്ച് എല്ലായ്പ്പോഴും പുതിയ വസ്തുക്കൾ നിർമ്മിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്നിരുന്ന കലാവാസന ചെറുപ്പത്തിൽ രക്ഷിതാക്കൾ തിരിച്ചറിഞ്ഞില്ല. പിന്നീട് ജീവിതത്തിലേക്ക് കടന്നുവന്ന പങ്കാളിക്കും അതിനു കഴിഞ്ഞില്ല. എന്നും കൂട്ടായുണ്ടായിരുന്ന മോശം സാമ്പത്തികാവസ്ഥയും ഇതിനൊന്നും അവരെ അനുവദിച്ചില്ല. പലപ്പോഴായി കൈയും കാലുമൊക്കെ ഒടിഞ്ഞു കിടന്നിരുന്ന അവസരത്തിൽ, ആദ്യ പരീക്ഷണം നടത്തിയത് സ്വന്തം എക്സ് റേ ഫിലിമുകളിൽ ആയിരുന്നു. ഈ എക്സറേ ഷീറ്റുകൾ ഉപയോഗിച്ച് മനോഹരമായ പൂക്കൾ നിർമ്മിച്ചു കൊണ്ടായിരുന്നു സുമതി തൻറെ മനസ്സിലെ ആഗ്രഹങ്ങൾ പൂർത്തീകരിച്ചത്. തുടർന്ന് തന്റെ പേരക്കുട്ടിയായ ഗൗതം ദേവക്ക് സ്കൂളിൽ കൊണ്ടുപോകാൻ പൂക്കളും ചിത്രശലഭങ്ങളും മറ്റു ചില വസ്തുക്കളും നിർമ്മിച്ചു നൽകി. ഈ പൂക്കളുടെ മനോഹാരിത കണ്ട് ചിലരൊക്കെ ആവശ്യക്കാരായെത്തി. സെമിത്തേരിയിലും മറ്റും വയ്ക്കുന്നതിനാണ് അവർ പൂക്കൾക്ക് ഓർഡർ നൽകിയത്. ആസ്റ്റർ മെഡിസിറ്റിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന സഹോദരി ഓമന കൊണ്ടുവന്നു നൽകിയ ഉപയോഗശൂന്യമായ എക്സറേ ഷീറ്റുകൾ അങ്ങനെ മനോഹരങ്ങളായ പൂക്കളായി വിടർന്നു. പൂക്കളും പൂപ്പാത്രങ്ങളും മറ്റു ചില അലങ്കാരവസ്തുക്കളുമൊക്കെ ഈ കാലഘട്ടത്തിൽ സുമതി തയ്യാറാക്കിയിരുന്നു. ചില്ലറ നാണയത്തുട്ടുകളും ആയിനത്തിൽ സുമതിക്ക് ലഭിച്ചിട്ടുണ്ട്. ജോലിക്കൊന്നും പോകാൻ കഴിയാതിരുന്ന ആ കാലഘട്ടത്തിൽ ഒരു ചെറിയ ആശ്വാസം ഇതിലൂടെ കണ്ടെത്താനും അവർക്ക് സാധിച്ചു.

 

ജീവിതത്തിലെ ഏതു പ്രയാസങ്ങൾക്കിടയിലും മനസ്സിനെ കുളിരണിയിപ്പിക്കുന്ന ചില ബാല്യകാല  ഓർമ്മകൾ എല്ലാവർക്കും ഉണ്ടാകുമല്ലോ. ഇടയക്കുന്നം പുഴയിൽ നീന്തിത്തുടിച്ചതും കക്ക വാരിയതും മീൻ പിടിച്ചതുമൊക്കെ സുമതിയും ഇടയ്ക്കിടെ ഓർക്കാറുണ്ട്. അന്ന് കിട്ടിയ മീനും കക്കയുമൊക്കെ ഒരുതരത്തിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സഹായിച്ചിരുന്നു എന്നതും ഒരു സത്യമായിരുന്നു. കണ്ണീരു പോലെ തെളിഞ്ഞ വെള്ളമുണ്ടായിരുന്ന ആ പുഴയുടെ ഇന്നത്തെ അവസ്ഥ വളരെ മോശമാണ്. സ്വന്തമായി നിർമ്മിച്ച ഒരു വള്ളത്തിൽ പുഴയുടെ അക്കരെയിക്കരെ തുഴഞ്ഞു നടക്കുന്നത് ഒരു സ്വപ്നം പോലെ സുമതി കൊണ്ടുനടന്നു. നീന്താൻ പോയിട്ട് കാലു കഴുകാൻ പോലും ഇപ്പോൾ ആ വെള്ളം ഉപയോഗിക്കാനാവില്ല. 2018ലെ വെള്ളപ്പൊക്കം കൂടിയായപ്പോൾ സംഗതി ഒന്നു കൂടി മോശമായി. കണക്കിൽ കവിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പുഴയിലൂടെ ഒഴുകിയെത്തിയതും കരയ്ക്കടിഞ്ഞതും. ഇതുകൂടി കണ്ടപ്പോൾ ആഗ്രഹം ഒന്നു കൂടി ബലപ്പെട്ടു. തുഴഞ്ഞുപോവുക മാത്രമല്ല കഴിയുന്നിടത്തോളം ഈ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും മോഹിച്ചു.  ഹരിതകർമ്മസേനയിൽ എത്തിയതോടെ ഇഴഞ്ഞു നടന്നിരുന്ന മോഹങ്ങൾക്കു ചിറകു വന്നു. പാഴ്വസ്തുക്കൾ ഉപയോഗിച്ച് പലപല കൗതുക വസ്തുക്കളും ഉണ്ടാക്കിയിരുന്ന ശീലം ഒന്നുകൂടി വർദ്ധിച്ചു. കുടുംബശ്രീയിൽ നിന്നും ഹരിതകർമ്മസേനാംഗം എന്ന നിലയിലും ലഭിച്ച പരിശീലനങ്ങൾ സുമതി കുമാരനിലെ ആത്മവിശ്വാസം വളർത്തി. സ്വന്തമായി എന്തെങ്കിലും ചെയ്യാനാകുമെന്ന ചിന്ത കൂടിക്കൂടി വന്നു. വാഴത്തട ചേർത്തു കെട്ടി പുഴയിലൂടെ തുഴഞ്ഞു നടന്നിരുന്ന കുട്ടിക്കാലം പലപ്പോഴും ഓർമ്മയിലേക്ക് തെളിഞ്ഞുവന്നു. പാഴ് വസ്തുക്കൾ ഉപയോഗിച്ച് അതുപോലെ ഒരു വഞ്ചി ഉണ്ടാക്കിയാലോ എന്ന തന്റെ ചിന്ത കൂട്ടുകാരുമായി പങ്കുവച്ചു. പക്ഷേ കൂടെച്ചേരാൻ ആരുമുണ്ടായില്ല. ഒരു പുതിയ സംരംഭം ഏറ്റെടുക്കാൻ പൊതുവേ മടിയുള്ളവരാണല്ലോ സ്ത്രീകൾ. എന്നിരുന്നാലും അവരൊന്നും തന്നെ സുമതികുമാരനെ നിരുത്സാഹപ്പെടുത്തിയില്ല. ആകെ ഒരു സെൻറ് മാത്രമുണ്ടായിരുന്ന സ്ഥലത്തെ കുഞ്ഞു വീടിനുള്ളിലെ കട്ടിലിനടിയിൽ ശേഖരിച്ചുവച്ചിരുന്ന ഒട്ടനവധി വസ്തുക്കളിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ പുറത്തെടുത്തു. മൂന്നെണ്ണം വീതം ചേർത്ത് കെട്ടി, സെല്ലോ ടേപ്പ് ഒട്ടിച്ചു. അവയെല്ലാം ചേർത്തുവച്ച് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു. അതിനു മുകളിൽ കയറി ഇരുന്നപ്പോൾ ഒരു വശം മുഴുവനും ചുളിഞ്ഞു പോയി. തൽക്കാലം ആ ശ്രമം ഉപേക്ഷിക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. 

 

 ജീവിതവും ചേരാനല്ലൂർ പുഴ പോലെ നിറഞ്ഞും മെലിഞ്ഞും ഒഴുകിക്കൊണ്ടിരുന്നു. ഈ വർഷം(2024) റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരു മത്സരം ഹരിതകർമ്മസേനാംഗങ്ങൾക്കായി നടത്തുന്നുണ്ട് എന്നറിഞ്ഞപ്പോൾ സുമതിയുടെ മോഹം വീണ്ടും ചിറകു വിടർത്തി. മത്സരത്തിനു വേണ്ടിയെന്നായപ്പോൾ മറ്റ് അംഗങ്ങൾ ഉത്സാഹിപ്പിച്ചു. വാർഡ് മെമ്പറും സഹപാഠിയുമായ ബെന്നി ഫ്രാൻസിസും ഹരിതകേരളം മിഷൻ ആർ പി ആയ ആഷ്ന ജിബിനും പ്രോത്സാഹനവുമായി കൂടെ ചേർന്നു.  കുറേശ്ശെയായി പണി തുടങ്ങി. പണം കൊടുത്തു വാങ്ങിയത് രണ്ട് റോൾ സെല്ലോടേപ്പ്, ആകെ ചെലവ് 80 രൂപ.

 

ഓരോ ദിവസവും തന്റെ ജോലി കഴിഞ്ഞു വന്നതിനുശേഷമാണ് വഞ്ചിയുണ്ടാക്കുന്ന പണി സുമതി ചെയ്തിരുന്നത്. നേരത്തെ കുപ്പിവെള്ളത്തിൻ്റെ കുപ്പികളാണ് സുമതി ഉപയോഗിച്ചത്. അതിന് ബലക്കുറവ് അനുഭവപ്പെട്ടതിനാൽ തവണ കുറച്ചു കൂടി കട്ടിയുള്ള സോഡാ ബോട്ടിലുകൾ ഉപയോഗപ്പെടുത്തി. രാത്രി വീട്ടിലിരുന്ന് കുപ്പികൾ പരസ്പരം കൂട്ടിക്കെട്ടി സെല്ലോ ടേപ്പ് വച്ച് ഒട്ടിച്ചെടുത്തു. പഴയ ബെഡ് കവറിനകത്തേക്ക് കയറ്റി ഇവ അടുക്കിവെച്ചു. അങ്ങനെയുള്ള മൂന്ന് തട്ടുകളാക്കി, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ് ചങ്ങാടത്തിന്റെ മാതൃകയിലാക്കി. ഏകദേശം നൂറോളം കുപ്പികളാണ് ഈ ചങ്ങാട നിർമ്മാണത്തിന് ആവശ്യമായി വന്നത്. ഫ്രിഡ്ജിനകത്ത് ഉപയോഗിക്കുന്ന തെർമോകോൾ ഒരു ആക്രിക്കടയിൽ നിന്ന് സംഘടിപ്പിച്ച് ഇരിക്കാനുള്ള സീറ്റുമാക്കി. അങ്ങനെ ജനുവരി 26ന് വൈകുന്നേരം സുമതി കുമാരന്റെ വഞ്ചി ചേരാനല്ലൂർ പുഴയിലിറങ്ങി. പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും ഹരിതകർമ്മ സേനാംഗങ്ങളും കുടുംബശ്രീയും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം ഒരു വലിയ ജനക്കൂട്ടം ഈ കാഴ്ച കാണാൻ അവിടെ എത്തിയിരുന്നു. കൂടി നിന്നവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് സുമതി കുമാരൻ അക്കരെയിക്കരെ തുഴഞ്ഞു വന്നു. തുടർന്ന് പേരക്കുട്ടിയെയും വാർഡ് മെമ്പറേയും ഒപ്പം കയറി. അവിടെനിന്നങ്ങോട്ട് അഭിനന്ദപ്രവാഹമായിരുന്നു സുമതിക്ക് ലഭിച്ചത്.

 

എന്നാൽ അവിടം കൊണ്ടിത് അവസാനിപ്പിക്കാൻ അവർ തയ്യാറായിരുന്നില്ല. പുഴയിൽ തുഴഞ്ഞു നടന്ന് അവിടവിടെ അടിഞ്ഞു കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വാരിക്കൂട്ടാനാണ് പിന്നീട് അവർ ശ്രമിച്ചത്. ഇക്കാര്യത്തിൽ അമ്മൂമ്മയോടൊപ്പം ചേരാൻ 12 വയസ്സുള്ള കൊച്ചു മകൻ ഗൗതം ദേവയ്ക്കും ഉത്സാഹമായിരുന്നു. പക്ഷേ ലൈഫ് ജാക്കറ്റ് ഇല്ലാതെ ഇത്തരത്തിൽ ഒരു പ്രവർത്തനം നടത്തുന്നത് ജീവന് ഭീഷണിയാകുമെന്നത് ഒരു പ്രശ്നമായി അവശേഷിച്ചു. അതിന് പരിഹാരമായെത്തിയത് സുമതി പഠിച്ച ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ കുട്ടികളും അധികൃതരുമായിരുന്നു. സുമതിയുടെ ഈ പ്രവർത്തനത്തെ അവർ അഭിനന്ദിച്ചതിനോടൊപ്പം ലൈഫ് ജാക്കറ്റും ഗ്ലൗസും സമ്മാനമായി നൽകി. ഇനി സുമതിക്ക് ധൈര്യമായി പുഴയിലിറങ്ങാം. പഞ്ചായത്തിൽ നിന്നും മെമന്റോയും പൊന്നാടയും കിട്ടിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി. സുമതി കരുതുന്നു. പഞ്ചായത്ത് മാത്രമല്ല കുടുംബശ്രീയും പുരോഗമന കലാസാഹിത്യ സംഘവും വായനശാലയും അമൃത ഹോസ്പിറ്റലുമൊക്കെ അഭിനന്ദനങ്ങളുമായി മുന്നോട്ടുവന്നു. ഇത് പറയുമ്പോൾ ആ കണ്ണുകളിൽ വല്ലാത്ത തിളക്കമുണ്ടായിരുന്നു, വാക്കുകളിൽ ആവേശവും. പത്രങ്ങളുടെ പ്രാദേശിക പേജുകളിൽ വന്ന വാർത്തകൾ ഒരു നിധിപോലെ സുമതി സൂക്ഷിച്ചു വയ്ക്കുന്നു. മാതൃഭൂമിയും 24ന്യൂസും ദി ഫോർത്തും പ്രാദേശിക ചാനലുകളും ഓൾ ഇന്ത്യ റേഡിയോയും അടക്കം ദൃശ്യശ്രാവ്യ മാധ്യമങ്ങളും സുമതിയുടെ നേട്ടം വാർത്തയാക്കി. ഹരിതകർമ്മ സേനാംഗങ്ങൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ മൂന്നാം സ്ഥാനം നേടാനും സുമതിക്കായി.

 

കെട്ടിടം പണിക്ക് പോകാൻ കഴിയാതായപ്പോൾ പ്രായമായ അമ്മമാരെ സംരക്ഷിക്കുന്നതിനും കുട്ടികളെ നോക്കുന്നതിനുമടക്കം പല ജോലികളും ചെയ്താണ് സുമതി നിത്യവൃത്തിക്കുള്ള വക കണ്ടെത്തിയിരുന്നത്. മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ അന്നൊന്നും സുമതിക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ അവയെ കുഴികുത്തി മൂടി, മറ്റുള്ളവരിൽ കുറ്റം ചാർത്തി ഒന്നും ചെയ്യാതിരിക്കാനും സുമതിക്കു കഴിഞ്ഞില്ല. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് പറയുന്നതുപോലെ സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റാനാണ് സുമതി എല്ലായ്പോഴും ശ്രമിച്ചത്. എക്സ്-റേ ഫിലിം ഉപയോഗിച്ച് പൂക്കളും ചിത്രശലഭങ്ങളും ഉണ്ടാക്കിയതു പോലെ തന്നെ മറ്റ് പാഴ്വസ്തുക്കളും നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിച്ചുവന്നു. കൊതുമ്പും ഐസ്ക്രീം സ്പൂണും ഉപയോഗിച്ച് കളി വള്ളങ്ങൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ച് പൂപ്പാത്രങ്ങൾ, പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് വസ്ത്രങ്ങളുടെ മോഡലുകൾ അങ്ങനെ കിട്ടിയതെന്തും ഉപയോഗിച്ച് മനോഹരങ്ങളായ വസ്തുക്കൾ സുമതി നിർമ്മിച്ചെടുത്തു. അതിൻറെ ഏറ്റവും അവസാന മാതൃകയാണ് പുഴയിലൂടെ തുഴഞ്ഞു പോകാൻ സഹായിച്ച ചങ്ങാടത്തിൻ്റെ നിർമ്മാണം. ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നില്ല. എന്തായാലും കാലിൻറെ വേദന ഭേദമായാൽ പുഴയിൽ ഇറങ്ങി മാലിന്യം വാരി വൃത്തിയാക്കണം എന്ന ഉറച്ച ആഗ്രഹം ഇപ്പോഴുമുണ്ട്. യാതൊരു പ്രതിഫലവുമില്ലാതെ ഈ പുഴ ഞാൻ വൃത്തിയാക്കുന്നതു കണ്ട് ഒരാളെങ്കിലും വലിച്ചെറിയുന്നതവസാനിപ്പിച്ചാൽ അതിൽപരം സന്തോഷം വേറൊന്നുമില്ല എന്ന് പറയുന്ന സുമതിയെ കണ്ടുപഠിക്കണം ഈ നാട്.

Thursday, 28 March 2024

തടവറയിൽ നിന്ന് മോചിപ്പിക്കപ്പെടുന്ന പുസ്തകങ്ങൾ





 'നിങ്ങൾ ഒരു നല്ല പുസ്തകം വായിക്കുമ്പോൾ വളരെ മാന്ത്രികമായ എന്തെങ്കിലും സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു' എന്ന് പറഞ്ഞത് ലോകപ്രശസ്ത എഴുത്തുകാരിയായ ജെ കെ റൗളിങ്ങാണ്. വായനയുടെ ലോകത്തേയ്ക്ക് ഊളിയിട്ടു കഴിഞ്ഞാൽ ചുറ്റുപാടും മറക്കുകയും മറ്റൊരു ലോകത്തെത്തുകയും ചെയ്യുക പതിവുമായിരുന്നു. ചെറുപ്പത്തിൽ വായിച്ചു വളർന്ന മംഗലക്കൽ നേതാജി ഗ്രന്ഥശാലയും വായനോർമ്മയും മനസ്സിൽ പറ്റിച്ചേർന്ന് നിൽക്കുന്നതുകൊണ്ടാകാം യാത്രയിൽ എവിടെയെങ്കിലും വായനശാല കണ്ടാൽ ഉള്ളിൽ കൗതുകം ജനിക്കുന്നത്. പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം ലഭിക്കുന്നതെന്നാരോ(സാമുവൽ ബട്ലർ) പറഞ്ഞു. ഇന്ന് വായനയ്ക്ക് പല രീതികളുണ്ടെങ്കിലും പുസ്തകങ്ങൾക്ക് മരണം സംഭവിച്ചിട്ടില്ല.

പോണ്ടിച്ചേരി യാത്രക്കിടയിലാണ് അലമാരകളിൽ നിന്നും മോചനം ലഭിക്കുന്ന പുസ്തകങ്ങളുള്ള ഒരു വായനശാല കാണാനിടയായത്. റൊമൈൻ റോളണ്ട് ലൈബ്രറി... ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിലെ ലൈബ്രറികളിൽ ഏറ്റവും വലുതാണിത്. Bibliotheque Publique എന്നറിയപ്പെട്ടിരുന്ന ലൈബ്രറി 1966 ലാണ് റൊമൈൻ റോളണ്ട് ലൈബ്രറിയായി മാറിയത്. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഫ്രഞ്ച് നോവലിസ്റ്റാണ് റൊമൈൻ റോളണ്ട്. മഹാത്മാഗാന്ധിജിയുടെ അടുത്ത സുഹൃത്തായിരുന്ന ഇദ്ദേഹം ഇന്ത്യയെ വളരെയധികം സ്നേഹിച്ചിരുന്നു. 1827 ഈ ലൈബ്രറി സ്ഥാപിക്കപ്പെടുമ്പോൾ അത് ഉപയോഗിക്കാൻ യൂറോപ്യന്മാർക്കു മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇന്ന് 50,000 അംഗങ്ങളും മൂന്നുലക്ഷം പുസ്തകങ്ങളുമുള്ള ഒരു വലിയ ലൈബ്രറിയായി അത് വളർന്നിരിക്കുന്നു. എന്തായാലും ഇവിടത്തെ പുസ്തകങ്ങൾ അലമാരയ്ക്കുള്ളിൽ തളച്ചിടപ്പെട്ടിട്ടില്ല എന്നാണ് അവിടത്തെ ഉദ്യോഗസ്ഥർ പറയുന്നത്. അമ്പതിനായിരത്തോളം ലൈവ് അംഗങ്ങളും ദിവസവും എത്തുന്ന ആയിരത്തോളം പേരും തന്നെയാണ് ഇതിന് കാരണമായി തീരുന്നത്. തമിഴിലും ഇംഗ്ലീഷിലുള്ള പുസ്തകങ്ങൾ മാത്രമല്ല ഫ്രഞ്ച് ഭാഷയിലും എന്തിന് മലയാളത്തിലുമുള്ള പുസ്തകങ്ങളും ഇവിടെയുണ്ട്. സാധാരണ ലൈബ്രറികളിൽ കാണുന്നതുപോലുള്ള മങ്ങിയ നിറവും ഇടുങ്ങിയ മുറികളും പൊടിമണം കൊണ്ട് തൊടാൻ കഴിയാതെയായി പോകുന്ന പുസ്തകങ്ങളുമല്ല ഇവിടത്തെ കാഴ്ച. മനോഹരമായി അടുക്കി വെച്ചിരിക്കുന്ന ബുക്ക് ഷെൽഫുകളും കണ്ടാൽ ഇരുന്നു വായിക്കാൻ തോന്നിപ്പോകുന്ന ലൈബ്രറിഹാളുമടക്കം നല്ല സംവിധാനങ്ങളുള്ള മെച്ചപ്പെട്ട ഒരു ലൈബ്രറി. ഉയർന്ന തൊഴിൽ സാധ്യതകൾ അന്വേഷിക്കുന്ന അവിടത്തെ വിദ്യാർഥികൾക്ക് സഹായകമായ ഒരു കരിയർ സെക്ഷൻ ഭംഗിയായി ഇവിടെ പ്രവർത്തിക്കുന്നു. വളരെ അപൂർവങ്ങളായ പുസ്തകങ്ങൾ ഉള്ളതു കൊണ്ടുതന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നു പോലും ഗവേഷണ വിദ്യാർത്ഥികൾ സ്ഥിരമായി അന്വേഷിച്ചെത്തുന്ന ഒരിടം കൂടിയാണിത്. അത്തരം പുസ്തകങ്ങളെ ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കാനുള്ള നടപടികളും ഇവിടെ പുരോഗമിക്കുന്നു. ലൈബ്രറിയുടെ എല്ലാ ഭാഗവും കയറി കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനു പോലും ഉള്ള സൗകര്യം അധികൃതർ ചെയ്തു തന്നു എന്ന് മാത്രമല്ല വിവരങ്ങൾ പറഞ്ഞു തരുകയും ചെയ്തു എന്നത് സന്തോഷം പകരുന്നു. പോണ്ടിച്ചേരിയിലെ പ്രശസ്തമായ പ്രൊമനേഡ് ബീച്ചിലേക്ക് നടക്കുന്ന വഴിയിൽ ഇടതുവശത്തായി മനോഹരമായ ശില്പ ഭംഗിയുള്ള ഒരു കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തെ പോണ്ടിച്ചേരിയിൽ ചെന്നാൽ കാണാതെ പോരുന്നതെങ്ങനെ ..

Sunday, 8 October 2023

സാൻ സിന്ദഗി ആസാദി സ്ത്രീ-ജീവിതം-സ്വാതന്ത്ര്യം



നർഗെസ് മൊഹമ്മദിക്ക് സമാധാനത്തിനുള്ള നോബൽ പുരസ്കാരം. 

ഈ പുരസ്കാര വാർത്ത നമ്മുടെ അരികിലേക്ക് എത്തുമ്പോൾ, സിക്കിമിലെ ജനത മേഘവിസ്ഫോടനത്തിന്റെ പിടിയിലാണ്. സിക്കിമിൽ നിന്നു മാത്രമല്ല, ന്യൂയോർക്ക് സിറ്റിയിൽ നിന്നു വരുന്നതും അത്തരത്തിലുള്ള വാർത്തയാണ്. കേരളീയരും ഒരുപക്ഷേ അതിൻറെ രൂക്ഷത നേരിട്ടനുഭവിച്ചവരാണ്. അതൊക്കെ നമുക്കൊരു വാർത്തയേ അല്ലാതായിരിക്കുന്നു. 

ഇതൊക്കെ പ്രകൃതിദുരന്തങ്ങളാണെന്ന് സമാധാനപ്പെടുമ്പോഴും, അങ്ങനെയല്ലാത്ത വാർത്തകൾക്കും ക്ഷാമമില്ല. സിറിയയിലെ സൈനിക അക്കാദമിയിൽ ബിരുദദാന ചടങ്ങിനിടയിലാണ് ബോംബാക്രമണം നടന്നത്. അറിവിൻറെ ഉത്സവത്തിൽ പങ്കെടുത്ത 100 പേരാണ് മരിക്കാനിടയായത് എന്നത് വേദനയുടെ ആഴം ഒന്നുകൂടി വർദ്ധിപ്പിക്കുന്നു. ഉക്രൈനിലെ ദുരന്തങ്ങൾക്കും ശമനമില്ല. മണിപ്പൂരിൽ അശാന്തി നടമാടിത്തുടങ്ങിയിട്ട് നാളുകളേറെയായി. നവജാത ശിശുക്കളടക്കം 40 കുഞ്ഞുങ്ങൾ ഒരു ദിവസം മരിക്കുന്നതായി മഹാരാഷ്ട്രയിൽ നിന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. മനുഷ്യനിർമ്മിതമായ ദുരന്തങ്ങൾ ഇത്രയധികമായിരിക്കുമ്പോഴും നയതന്ത്രങ്ങളിലെ വിള്ളലുകളുടെ ആഴം കുറയ്ക്കാനുള്ള ശ്രമങ്ങളല്ല നടക്കുന്നത്. ഭരണത്തിലിരിക്കുന്നവർ തമ്മിലുള്ള ചേരിപ്പോരിൽ സുപ്രീം കോടതി പലപ്പോഴും ഇടപെടുന്നതും കാണുന്നു. മാധ്യമങ്ങളിൽ നാവരിയപ്പെടുന്നവരെ കാണുമ്പോൾ ഭീതിയും ഒപ്പം മുട്ടിലിഴയുന്നവരെ കാണുമ്പോൾ ദൈന്യതയും ഉണ്ടാകുന്നത് സാധാരണമായിരിക്കുന്നു. മതാധികാര- ലിംഗാധികാരവാഴ്ച ലോകം മുഴുവൻ തിമിർത്താടുകയാണ്. 


ഈ ദുരന്തങ്ങൾക്കിടയിലും സ്ത്രീകളെ അടിച്ചമർത്താൻ ഭരണാധികാരികളോ മതാധികാരികളോ മറക്കാറില്ല. തട്ടം വലിച്ചെറിഞ്ഞ് പുറത്തിറങ്ങി സ്വാതന്ത്ര്യം അനുഭവിക്കുന്ന സ്ത്രീകളെ ഇവിടിരുന്ന് കാണുക തന്നെ വേണം. ചർച്ചുകളും ചാപ്പലുകളുമൊക്കെ ബാർ ഹോട്ടലുകൾ പോലുമായി മാറുന്ന യൂറോപ്പിലേക്കാണ് ഇവിടത്തെ പുതുതലമുറ ഓടിപ്പോകുന്നത്. സ്വാതന്ത്ര്യം 75 ആണ്ടായിട്ടും ഭരണത്തിലേയ്ക്കെത്താൻ സ്ത്രീസംവരണ ബില്ലിനെ വേഴാമ്പലിനെപ്പോലെ കാത്തിരിക്കേണ്ടിവരുന്ന ഗതികേടിലാണ് ഇന്ത്യൻ സ്ത്രീകൾ. ഈ ദുഃഖങ്ങൾക്കും ദുരന്തങ്ങൾക്കും ഇടയിലാണ് മുനിഞ്ഞു കത്തുന്ന ചേരാതുകളായി ചില നേർത്ത പ്രകാശനാളങ്ങൾ കാണുന്നത്. വെടിയുണ്ട ശിരസ്സിലേറ്റുവാങ്ങിയ മലാലയും പാർലമെന്റിനു മുന്നിൽ സമരം ചെയ്തു തുടങ്ങിയ ഗ്രെറ്റ തൻബെർഗ്ഗും ഒക്കെ ഈ ചങ്ങലയിലെ കണ്ണികളാണ്. സ്ത്രീകൾക്ക് നേരെയുള്ള കടന്നുകയറ്റത്തിനെതിരെയും മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിച്ച നർഗെസാണ് ഇപ്പോൾ ആദരിക്കപ്പെട്ടിരിക്കുന്നത്.

പക്ഷേ സമാധാനത്തിന്റെ ഈ വെള്ളരിപ്രാവിപ്പോൾ ഇറാനിലെ കുപ്രസിദ്ധമായ എവിൻ തടവറയിലാണ്. എട്ടുവർഷമായി തന്റെ കുഞ്ഞുങ്ങളെ ഒന്ന് താലോലിക്കാനോ കാണാനോ എന്തിന് ഒന്ന് സംസാരിക്കാനോ പോലും ആകാതെ കഴിയുകയാണ് ഈ മനുഷ്യാവകാശ പ്രവർത്തക.


 സൻ-സിന്ദഗി-ആസാദി

സ്ത്രീ-ജീവിതം-സ്വാതന്ത്ര്യം

പ്രിയപ്പെട്ട ഭരണാധികാരികളെ, മതനേതാക്കളെ...

മനുഷ്യർക്ക് വേണ്ടത് സമാധാനമാണ്, സ്നേഹമാണ്, സ്വസ്ഥമായ ജീവിതമാണ്...

അത് നൽകാൻ കഴിഞ്ഞില്ലെങ്കിൽ, ഇത് തങ്ങൾക്ക് പറ്റിയ ഇടമല്ല എന്ന് തിരിച്ചറിയുക... 

അതിന് കഴിവുള്ളവർ ഏറ്റെടുത്തുകൊള്ളും. 

 കൂടുതൽ നർഗെസുമാരെയാണ് പുതിയ കാലം ആവശ്യപ്പെടുന്നത്..

Dr Sindhu Prabhakaran

ചരിത്രമുറങ്ങുന്ന വെൽഹ ഗോവ (ഗോവൻ ഡയറി-6)

 










ഗോവയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത് അവിടത്തെ മനോഹരങ്ങളായ ബീച്ചുകളാണ്. ലോകപ്രസിദ്ധമായ ഈ ബീച്ചുകൾക്കു പുറമേ, ഏറെ സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകം കൂടി ഈ നാടിന് സ്വന്തമായുണ്ട്. വെൽഹ ഗോവ എന്നുകൂടി അറിയപ്പെടുന്ന ഓൾഡ് ഗോവയാണ് ഈ ചരിത്ര പൈതൃകത്തിന്റെ പ്രധാന കേന്ദ്രം. പതിനാറാം നൂറ്റാണ്ടു മുതൽ നിർമ്മിക്കപ്പെട്ട ഒട്ടേറെ കെട്ടിടങ്ങളാൽ സമ്പന്നമാണ് ഓൾഡ് ഗോവ. അക്കാലത്ത് യൂറോപ്പിൽ നിലനിന്നിരുന്ന വാസ്തുവിദ്യാ രീതികൾ (ക്ലാസിക്കൽ, ബാറോക്ക്, മാനുലിൻ ശൈലികൾ) ഈ കെട്ടിടങ്ങളുടെ നിർമ്മിതികളിൽ പ്രതിഫലിക്കുന്നുണ്ട്. കത്തീഡ്രലുകൾ, പള്ളികൾ, ചാപ്പലുകൾ, കോൺവെന്റുകൾ എന്നിവയുടെയൊക്കെ  രൂപത്തിലാണ് ഈ വാസ്തുവിദ്യാ കലാസൃഷ്ടികൾ നിർമ്മിക്കപ്പെട്ടത്.


ഇന്ത്യയിൽ ക്രിസ്തുമതത്തിന് ആഴത്തിൽ വേരുകളുണ്ടായത്  പോർച്ചുഗീസുകാർ ഗോവയിലെത്തിയതോടെയാണെന്നു പറയാം. അന്ന് ഭരണവും മതവും തോളോട് തോൾ ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. തങ്ങൾ കീഴടക്കിയ പ്രദേശങ്ങളിലെല്ലാം തന്നെ തദ്ദേശീയരായ ജനങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ അവർ സ്ഥാപിച്ച സഭകൾക്കെല്ലാം വേണ്ടി പള്ളികളോ കോൺവെന്റുകളോ ഒക്കെ പണി കഴിപ്പിച്ചത് യൂറോപ്പിൽ നിലനിന്നിരുന്ന വാസ്തുവിദ്യാ ശൈലിയിലാണ്. സെൻറ് അഗസ്റ്റിൻ ചർച്ച്, സെന്റ് ഫ്രാൻസിസ് അസീസി ചർച്ച്, ബോം ജീസസ് ബസലിക്ക, സെ കത്തീഡ്രൽ, ചാപ്പൽ ഓഫ് സെൻറ് കാതറിൻ,  അവർ ലേഡി ഓഫ് റോസറി ചർച്ച് എന്നിവയൊക്കെ അവയിൽ ചിലതാണ്. വിശുദ്ധ ഫ്രാൻസ് സേവ്യറുടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസിലിക്ക, പോർച്ചുഗീസ്-ഗോത്തിക് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഗോവയിലെ ഏറ്റവും വലിയ കത്തീഡ്രൽ ആയ സേ കത്തീഡ്രൽ, റോമിലെ സെൻറ് പീറ്റേഴ്സ് ചർച്ചിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന സെൻ്റ് കജേതാൻ ചർച്ച് എന്നിവ പ്രത്യേകം പരാമർശിക്കാതെ തരമില്ല. ഇവ ഓരോന്നിനെക്കുറിച്ചും വിശദമായി എഴുതിയാൽ അത് വല്ലാതെ നീണ്ടു പോവും എന്നതുകൊണ്ട് അതിന് മുതിരുന്നില്ല. 


തടിയിൽ വരച്ച പെയിൻറിംഗുകളും തടിയിലും കല്ലിലും തീർത്ത ശില്പങ്ങളും ഈ കെട്ടിടങ്ങളിൽ പലയിടത്തും കാണാവുന്നതാണ്.  കാഴ്ചകൾ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. ആദിൽ ഷായുടെ കൊട്ടാരം നശിച്ചുവെങ്കിലും അവിടുത്തേയ്ക്കുള്ള പ്രവേശനകവാടം, പോർച്ചുഗീസുകാർ ഗോവ കീഴടക്കിയപ്പോൾ നിർമിച്ച വൈസ്രോയിയുടെ ആർച്ച്, ആർക്കിയോളജിക്കൽ മ്യൂസിയം എന്നിങ്ങനെ കാഴ്ചയുടെ പട്ടിക പിന്നെയും നീളുകയാണ്. 


മറ്റൊട്ടേറെ ചരിത്ര സ്മാരകങ്ങളുടെ നടുവിലായി വെൽഹ ഗോവയുടെ ഹൃദയഭാഗത്താണ് ആർക്കിയോളജിക്കൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇതിൻ്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന 3.6 മീറ്റർ ഉയരമുള്ള അഫോൻസോ ഡി അൽബുക്കർക്കിൻ്റെ വെങ്കല പ്രതിമയും ആദ്യകാല പര്യവേക്ഷകരുടെ കടൽ വഴികൾ കാണിക്കുന്ന ഭൂപടങ്ങളും സന്ദർശകരെ ഗോവയുടെ ഗതകാല ചരിത്രത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ആദ്യകാല- മധ്യകാലഘട്ടങ്ങളിലെ വീരശിലകൾ, ഛായാചിത്രങ്ങൾ, നാണയങ്ങൾ, കറൻസികൾ, റവന്യൂ, കോർട്ട് ഫീ സ്റ്റാമ്പുകൾ, പോർച്ചുഗീസ് കാലഘട്ടത്തിലെ തടി, വെങ്കല ശിൽപങ്ങൾ, ആയുധശേഖരം തുടങ്ങി കൗതുകമുണർത്തുന്ന ഒട്ടേറെ ചരിത്രവസ്തുക്കൾ ഇവിടത്തെ ശേഖരത്തിലുണ്ട്. പോർച്ചുഗീസ് ഭാഷയിലെ മഹാനായ കവി ലൂയീഷ് വാഷ് ദ് കാമോയിഷിൻ്റെ വെങ്കലത്തിൽ തീർത്ത ഒരു പൂർണ്ണകായ പ്രതിമ പ്രധാന ഗ്യാലറിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഒരു കണ്ണ് മാത്രമുണ്ടായിരുന്ന ഈ ദേശീയ കവിയുടെ വലതു കൈയിൽ നിവർത്തി പിടിച്ചിരിക്കുന്നത് ഉഷ് ലുസീയദഷ് എന്ന കവിത എഴുതിയ പേപ്പറാണ്. വാസ്കോ ദ ഗാമ ഇന്ത്യയിലേക്ക് നടത്തിയ ആദ്യ സമുദ്രയാത്രയുടെ മനോഹരമായ വിവരണമാണ് ഈ കവിത. ഇങ്ങനെ അനവധി നിരവധി ചരിത്ര വസ്തുതകളിലേക്ക് കൺതുറക്കുന്ന ഈ മ്യൂസിയത്തിന്റെ ടിക്കറ്റ് നിരക്ക് വെറും 10 രൂപയാണ്. എങ്കിലും ബോം ജീസസ് ബസിലിക്കയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ മ്യൂസിയം പല യാത്രക്കാരും ഒഴിവാക്കാറാണ് പതിവ്. കുട്ടികളുമായി പോകുന്ന യാത്രക്കാരെങ്കിലും നിർബന്ധമായും ഈ സ്ഥലങ്ങളിൽ പോകണം. അവരെ നമ്മുടെ നാടിൻറെ ചരിത്രത്തിലൂടെ നടത്തിക്കണം.


നോർത്ത് ഗോവയിലേയ്ക്കും സൗത്ത് ഗോവയിലേയ്ക്കുമുള്ള രണ്ട് ട്രിപ്പും ഒരു ക്രൂയിസ് സന്ദർശനവും കഴിഞ്ഞാൽ ഗോവ കണ്ടു കഴിഞ്ഞു എന്ന് കരുതുന്ന സന്ദർശകരാണ് അധികവും. എന്നാൽ ഗോവയുടെ സാംസ്കാരികവും ചരിത്രപരവുമായ കാഴ്ചകൾ കൂടി ഉൾപ്പെടുമ്പോഴാണ് ഗോവ ഒരു വികാരമായി മനസ്സിൽ കയറി കൂടുന്നത്. വെറുമൊരു വിനോദത്തിനപ്പുറം ഒരു രണ്ടുദിവസമെടുത്ത് ഓൾഡ് ഗോവയിലെ ചരിത്രത്തിൻറെ നേർസാക്ഷ്യങ്ങളിലൂടെ യാത്ര ചെയ്താൽ ഗോവയുടെ തുടിപ്പ് ഒരു പെരുമ്പറ പോലെ മനസ്സിൽ മുഴങ്ങിക്കേൾക്കും.

മാടി മാടി വിളിക്കും ക്രൂയിസുകൾ ... (ഗോവൻ ഡയറി-5)

 








ഒരു ക്രൂയിസ് യാത്രയില്ലാതെ ഗോവൻ കാഴ്ചകൾ പൂർണ്ണമാവില്ല. ഗോവയിലെത്തുന്ന ആരാണ് ഒരു ആഘോഷത്തിന്റെ മൂഡിലേക്ക് മാറാതിരിക്കുക... 

ആഘോഷം അതിൻറെ ഉച്ചസ്ഥായിയിൽ അനുഭവിക്കാൻ ക്രൂയിസുകളെക്കാൾ മെച്ചപ്പെട്ട മറ്റൊന്നില്ല തന്നെ..

നമ്മുടെ പോക്കറ്റിന്റെ വലിപ്പത്തിനും ഡിമാന്റിനും അനുസരിച്ച് പലതരത്തിലുമുള്ള ക്രൂയിസുകൾ ലഭ്യമാണ് ഗോവയിൽ. 400 രൂപ മുതൽ ലക്ഷങ്ങൾ വരെ കൊടുക്കേണ്ടുന്ന ക്രൂയിസുകളുണ്ട്. 

ഗോവയുടെ വശ്യമനോഹരമായ ഗ്രാമീണ സൗന്ദര്യവും ഭൂദൃശ്യങ്ങളും ആസ്വദിച്ച് വില്ലേജുകളും പഴയ ചർച്ചുകളുമൊക്കെ കണ്ട്, കടൽ വിഭവങ്ങൾ നിറഞ്ഞ ഗോവൻ ഫുഡും കഴിച്ച് അവിസ്മരണീയമായ ഒരു യാത്ര ആഗ്രഹിക്കുന്നവർ ഹൗസ് ബോട്ട് ക്രൂയിസിൽ തന്നെ കയറണം. എന്നാൽ സംഗീതവും നൃത്തവും ഒക്കെ ആസ്വദിച്ച് മാണ്ഡവി നദിയിലൂടെ ഒരു രാത്രി യാത്ര മതിയെങ്കിൽ സാന്താമോണിക്കയിൽ നിന്നും രാത്രി 8.30ന് പുറപ്പെടുന്ന ഡിന്നർ ക്രൂയിസ് ആണ് തിരഞ്ഞെടുക്കേണ്ടത്.

ഗെയിമും ഫണ്ണും മറ്റു വിനോദങ്ങളും ഒപ്പം സംഗീതവും നൃത്തവും ഒക്കെ സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിച്ച് ആഘോഷിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാസിനോകൾ നമ്മെ കാത്തിരിക്കുന്നുണ്ട്. ജലകേളികൾക്ക് പ്രാധാന്യം കൊടുത്തിരിക്കുന്ന കറ്റാമാരൻ ക്രൂയിസ്, നദിയിലൂടെ യാത്ര ചെയ്തുകൊണ്ട് സൂര്യാസ്തമയം കാണാനും കാർണിവൽ വില്ലേജിലേക്ക് പോകാനും സൺസെറ്റ് റിവർ ക്രൂയിസ്, ഷാംപെയിൻ അടക്കം വിളമ്പുന്ന ഷാംപെയിൻ ബ്രേക്ക്ഫാസ്റ്റ് ക്രൂയിസ്, അറബിക്കടലിലെ വിസ്മയ കാഴ്ചകളൊരുക്കുന്ന ലക്ഷ്വറി ക്രൂയിസ്, ഡോൾഫിൻ കാഴ്ചകളുടെ മായാലോകം ഒരുക്കിത്തരുന്ന ഐലൻഡ് ക്രൂയിസ്.. 

അങ്ങനെയങ്ങനെ നീളുകയാണ് ക്രൂയിസുകളുടെ ലോകം. ഇനി ഇതൊന്നുമല്ല, ഏറ്റവും ഇഷ്ടമുള്ള ആളോടൊപ്പം ഇത്തിരി സമയം ഒരു ശല്യവും ഇല്ലാതെ ചെലവഴിക്കണോ? ഒരു പേഴ്സണൽ ക്രൂയിസ് എടുത്ത് യാത്ര ചെയ്താൽ മതി. ഒരു ചെറിയ പാർട്ടിയൊക്കെ നടത്താനും ആവശ്യമായ സമയം വെള്ളത്തിലൂടെ ഒഴുകി നടക്കാനും ആഘോഷിക്കാനും ആണെങ്കിൽ ഫ്രീ സ്പിരിറ്റ് ക്രൂയിസ് റെഡിയാണ്. അങ്ങനെ പല തരത്തിൽ ആഘോഷങ്ങൾക്ക് നിറം പകരുന്ന ക്രൂയിസിലൂടെയുള്ള ഒരു യാത്ര ചെയ്യാതെ ഒരു യാത്രികനും ഗോവയിൽ നിന്നും മടങ്ങി പോരാനാവില്ല.


ഗായകരുടെയും നർത്തകരുടെയും പ്രകടനം വെറുതെ കണ്ടു നിൽക്കാനല്ല, ആ ആവേശം കാഴ്ചക്കാരിലും സന്നിവേശിപ്പിച്ച്, സദസ്സിനെയാകെ ഇളക്കിമറിച്ച്, ആഘോഷം അതിൻറെ ഉച്ചസ്ഥായിയിൽ എത്തുക്കുകയാണ് ക്രൂയിസിലെ കലാകാരന്മാർ ചെയ്യുന്നത്. വൈദ്യുത വർണ്ണത്താൽ മുങ്ങി നിൽക്കുന്ന അടൽ സേതുവിൻറെ മായിക സൗന്ദര്യം ആസ്വദിച്ച്, ഉയർന്നുപൊങ്ങുന്ന സംഗീതത്തിനൊപ്പം ചുവടുവെച്ച്, കൂട്ടത്തിൽ നുരഞ്ഞു പൊന്തുന്ന അല്പം ലഹരിയുമായി മാണ്ഡവിയുടെ ഓളപ്പരപ്പിലൂടെ 2-3 മണിക്കൂർ യാത്ര കഴിഞ്ഞു വരുമ്പോൾ ഒരു ദേവലോക സന്ദർശനം നടത്തിയതാണെന്ന പ്രതീതി ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...

എന്തായാലും എല്ലാക്കാലത്തും ഓർമ്മയിൽ സൂക്ഷിക്കാൻ ഗോവയുടെ ഒരു ഒന്നാന്തരം സമ്മാനം...

സ്നേഹത്തിൻറെ കാഴ്ചബംഗ്ലാവ് (ഗോവൻ ഡയറി - 4)











 പൊതുവേ ഗോവയിലേയ്ക്ക് സഞ്ചാരികൾ എത്തുന്നത് ബീച്ചുകളും നൈറ്റ് ലൈഫും പാർട്ടിയും മദ്യവുമൊക്കെ ആഘോഷിക്കുന്നതിനാണ്. എന്നാൽ ഗോവയ്ക്ക് വളരെ മെച്ചപ്പെട്ട ഒരു കലാ- സാംസ്കാരിക പാരമ്പര്യമുണ്ട്. അത് ഒന്ന് തൊട്ടറിയണമെങ്കിൽ ഗോവയിലെ മ്യൂസിയങ്ങളിലൂടെയും പഴയ ഗോവയിലെ പുരാതന കെട്ടിടങ്ങളിലൂടെയും ഒക്കെ ഒന്ന് കയറിയിറങ്ങിയാൽ മതി. ഓൾഡ് ഗോവയിലെ ആർക്കിയോളജിക്കൽ മ്യൂസിയം, സാൻ തോം മ്യൂസിയം, ക്രിസ്ത്യൻ ആർട്ട് മ്യൂസിയം, നേവൽ ഏവിയേഷൻ മ്യൂസിയം, ഗോവ ചിത്രമ്യൂസിയം, ബിഗ് ഫൂട്ട് മ്യൂസിയം, ഗോവ സയൻസ് സെൻറർ, മ്യൂസിയം ഓഫ് ഗോവ തുടങ്ങി പബ്ലിക്കും പ്രൈവറ്റുമായി ഒട്ടേറെ മ്യൂസിയങ്ങൾ ഉള്ള ഒരു സംസ്ഥാനമാണ് ഗോവ. ഗോവയിൽ എത്തുന്ന ടൂറിസ്റ്റുകൾ അധികം സന്ദർശിക്കാത്ത ഒരു മ്യൂസിയമാണ് മ്യൂസിയം ഓഫ് ഗോവ. സമകാലിക കലാരൂപങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള ഒരു പ്രൈവറ്റ് മ്യൂസിയമാണിത്. ഗോവയിലെ പ്രശസ്ത ആർട്ടിസ്റ്റായ ഡോ. സുബോധ് കെർക്കർ ആണ് പിലേനിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ മ്യൂസിയം ഓഫ് ഗോവ സ്ഥാപിച്ചത്. 

വളരെ ചിട്ടയായി അവിടെ ക്രമീകരിച്ചിരിക്കുന്ന പ്രദർശന വസ്തുക്കൾ മാത്രമല്ല, തുടർച്ചയായി സംഘടിപ്പിക്കപ്പെടുന്ന പലതരം വർഷോപ്പുകളും ചർച്ചകളും നാടക-സിനിമാ പ്രദർശനങ്ങളുമൊക്കെ ഇവിടുത്തെ പ്രത്യേകതയാണ്. മ്യൂസിയം ഓഫ് ഗോവ എന്നതിൻറെ ചുരുക്കഴുത്താണ് MOG. കൊങ്കിണി ഭാഷയിൽ ഈ വാക്കിനർത്ഥം സ്നേഹമെന്നാണ്. ചിത്രകാരനായ അച്ഛനോടൊപ്പം (ചന്ദ്രകാന്ത് കെർക്കർ) ചെറുപ്പത്തിൽ കടൽതീരത്തിലൂടെ നടത്തിയ യാത്രകൾ അദ്ദേഹത്തിന്റെ സർഗ്ഗാത്മകതക്ക് പ്രേരകമായി. ചിത്രരചനയും ശില്പനിർമ്മാണവും ഇൻസ്റ്റലേഷനുമൊക്കെ കെർക്കറിന് ഒരുപോലെ വഴങ്ങി. ഇരുമ്പും ടെറാക്കോട്ടയും പ്രകൃതിയിൽ നിന്ന് കിട്ടുന്ന സാധാരണ വസ്തുക്കളും പ്ലാസ്റ്റിക് വേസ്റ്റും ഇരുമ്പ് നട്ട്സും ടയറിന്റെ വേസ്റ്റും ഒക്കെ കലാരൂപങ്ങൾ നിർമ്മിക്കാനുള്ള വസ്തുക്കളായി അദ്ദേഹം മാറ്റിയെടുത്തു. ഡോക്ടറായിരുന്ന അദ്ദേഹം ആശുപത്രിയും പ്രാക്ടീസും ഒക്കെ ഉപേക്ഷിച്ചാണ് ഒരു കലാകാരനാകാൻ തീരുമാനിച്ചത്. എന്തായാലും ചിത്രകാരൻ എന്ന നിലയിലും ശില്പി എന്ന നിലയിലും ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വ്യക്തിയായി മാറാൻ സുബോധ് കെർക്കറിന് സാധിച്ചു.

ഗൗർ എന്ന ശക്തനായ കാളയാണ് മ്യൂസിയത്തിന്റെ വാതുക്കൽ സന്ദർശകരെ എതിരേൽക്കാനായി നിൽക്കുന്നത്. കാളയുടെ ശക്തിയെ കാണിക്കാനാകണം ഇതിനെ ഇരുമ്പ് കൊണ്ട്  നിർമ്മിച്ചത്. കാലിയെ മേച്ച് നടന്ന ഗോവൻ സംസ്കാരവും ഇതിൽ പ്രതിഫലിക്കുന്നു. ഗോവക്കാർക്ക് മത്സ്യത്തോടുള്ള ഇഷ്ടം മാത്രമല്ല, ഏണസ്റ്റ് ഹെമിങ്‌വേ യുടെ കിഴവനും കടലും എന്ന പുസ്തകത്തെയും ഓർമ്മിപ്പിക്കുന്ന ശില്പമാണ് ദി ഓൾഡ് മാൻ ആൻഡ് ദി ഫിഷ്. ഈ ഇരട്ട ശില്പത്തിലൊന്ന് ചുവന്ന കല്ലുകൊണ്ട് നിർമ്മിച്ചപ്പോൾ മറ്റേത് ഇരുമ്പ് നട്ടുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കടലിനോടും കടൽ വിഭവങ്ങളോടും ചേർന്ന് കിടക്കുന്ന ഗോവൻ ജീവിതത്തിന്റെ നേർക്കാഴ്ചയായി ഈ ശില്പം മാത്രമല്ല, വിവിധ മാധ്യമത്തിൽ ചെയ്തെടുത്ത ഒട്ടേറെ മനോഹരശില്പങ്ങൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുമാത്രം നിർമ്മിച്ച ഭൂമിയുടെ രൂപമാകട്ടെ ഇന്നത്തെ അവസ്ഥയെ സൂചിപ്പിക്കുന്നു. കലാമൂല്യം കൊണ്ടും ആശയ സമ്പുഷ്ടത കൊണ്ടും മെച്ചപ്പെട്ടതാണ് ഇവിടത്തെ ഓരോ പ്രദർശന വസ്തുക്കളും. 

ഇന്ത്യയിൽ പൊതുവേ പാചകത്തിന് കുരുമുളകും മറ്റ് സുഗന്ധ വ്യഞ്ജനങ്ങളും വളരെ പ്രാചീനകാലം മുതലേ ഉപയോഗിച്ചുവന്നിരുന്നു. എന്നാൽ മുളക് ഉപയോഗിച്ച് തുടങ്ങിയത്, പതിനാറാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തെക്കേ അമേരിക്കയിൽ നിന്നും പോർച്ചുഗീസുകാർ ഗോവയിലേക്ക് അത് എത്തിച്ചതോടുകൂടിയാണ്. അതുകൊണ്ടാണ് മുളകിനെ ബഹുമാനിക്കുന്നതിനായി റബ്ബർ ടയറും കോട്ടൺ തുണികളും ഫൈബർ ഗ്ലാസും ഒക്കെ ചേർത്ത് മനോഹരമായ മുളകുരൂപങ്ങൾ അദ്ദേഹം തീർത്തത്. 

ധാരാളം പെയിന്റിങ്ങുകൾ കൊണ്ടുകൂടി സമ്പന്നമാണ് ഈ മ്യൂസിയം. ടെക്നോളജി കൂടി ഉൾച്ചേർത്ത നിർമ്മിതികളും ഇവിടുത്തെ പ്രത്യേകതയാണ്. ഗോവൻ ജീവിതത്തെക്കുറിച്ചും ചിത്ര ശിൽപ്പ നിർമ്മാണത്തെക്കുറിച്ചുമൊക്കെ കെർക്കർ തന്നെ വിശദീകരിക്കുന്ന 15 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻററി പ്രദർശനവും കുട്ടികളുടെ കലാവിരുതുകളുടെ സെക്ഷനും പുതിയ ശില്പങ്ങളുടെ നിർമ്മാണവും മനോഹരമായി സെറ്റ് ചെയ്തിരിക്കുന്ന ഒരു കോഫി ഷോപ്പുമൊക്കെ ഈ മ്യൂസിയത്തിന്റെ ഭാഗമാണ്.

ഗോവയിലെ ഈ മ്യൂസിയം കലാരൂപങ്ങളുടെ ഒരു ശേഖരം എന്ന നിലയിൽ മാത്രമല്ല അവ പരസ്പരം സംവാദം നടത്തുന്ന ആശയങ്ങളുടെ പരീക്ഷണശാലയായും കണക്കാക്കപ്പെടുന്നു. കലയിലും സംസ്കാരത്തിലും ചരിത്രത്തിലും താത്പര്യമുള്ളവർ മാത്രമല്ല മാനവികത ഉൾക്കൊള്ളുന്നവരെല്ലാം ഗോവയിലെത്തിയാൽ ഈ മ്യൂസിയം കാണാതെ മടങ്ങരുത്.

ഗോവയുടെ ജീവദായിനി (ഗോവൻ ഡയറി -3)

 

അടൽ സേതു 





കാസിനോ







മാണ്ഡവി നദി...

ഗോവയുടെ ജീവദായിനി..

കർണാടകയിലെ ബൽഗാം ജില്ലയിൽ നിന്നും ഉൽഭവിച്ച്,

ആകെയുള്ള 81 കിലോമീറ്റർ നീളത്തിന്റെ പകുതിയിലധികം ഭാഗവും ഗോവയിലൂടെ ഒഴുകി,

 കാബോ അഗൗഡയിൽ വെച്ച് സുവാരി നദിയുമായി ചേർന്ന്, മോർമുഗാവ് എന്ന പ്രധാന തുറമുഖത്തിന്റെ സൃഷ്ടിയൊരുക്കി,

അറബിക്കടലിലേക്ക് വിലയം പ്രാപിക്കുന്ന മഹാനദി...

മഹാദായി എന്നും മാദേയി എന്നും അറിയപ്പെടുന്ന ഈ നദി ഗോവൻ ജീവിതവുമായി ഇഴപിരിക്കാനാകാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്നു..

ചിലയിടങ്ങളിലെങ്കിലും ഗോമതി എന്ന വിളിപ്പേരും  ഈ നദിക്കുണ്ട്..

പനജിയിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ദൂധ് സാഗർ വെള്ളച്ചാട്ടം ഈ നദിയിലാണ്..

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ, ആകാശത്തുനിന്നും ഭൂമിയിലേക്ക്, 

പാൽനുര ചിതറിത്തെറിച്ചു വരുന്നതുപോലെയാണ് ഈ വെള്ളച്ചാട്ടം. അക്ഷരാർത്ഥത്തിൽ ഒരു പാൽക്കടൽ. നാല് തട്ടുകളിലായി താഴേക്ക് ഒഴുകിയെത്തുന്ന ഇത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. മാണ്ഡവി സമ്മാനിക്കുന്ന ഈ മനോഹര ദൃശ്യം ഒരു പ്രാവശ്യമെങ്കിലും കാണാനിടയാകുന്ന ഒരാളുടെയും മനസ്സിൽ നിന്ന് അത് മാഞ്ഞു പോകില്ല. ബൽഗാമിൽ നിന്നും വാസ്കോഡഗാമയിലേക്ക് യാത്ര ചെയ്താൽ ട്രെയിനിലിരുന്നും ഈ കാഴ്ച ആസ്വദിക്കാം...

ഷാരൂഖ് ഖാനും ദീപികയും തകർത്തഭിനയിച്ച ബോളിവുഡ് സിനിമ ചെന്നൈ എക്സ്പ്രസിലെ രംഗങ്ങൾ ഇവിടെ ചിത്രീകരിച്ചിരുന്നു.

ഗോവയുടെ ഇപ്പോഴത്തെ തലസ്ഥാനമായ പനജിയും പഴയ തലസ്ഥാനമായ ഓൾഡ് ഗോവയും മാണ്ഡവിയുടെ ഇടതു കരയിലെ പ്രധാന പട്ടണങ്ങളാണ്. ഓൾഡ് ഗോവയുടെ സമീപത്തായി ഈ നദിയിൽ ചില ദ്വീപുകളുമുണ്ട്. ഈ ദ്വീപുകളെയും കരയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഫെറി സർവീസും ചരക്കും കൊണ്ട് നീങ്ങുന്ന കപ്പലുകളും ടൂറിസ്റ്റുകളെയും വഹിച്ചുകൊണ്ടുള്ള കാസിനോകളും ഈ പുഴയിലെ സാധാരണ കാഴ്ചയാണ്.

ഗോവയിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് ക്രൂയിസിലൂടെയുള്ള യാത്ര. ക്രൂയിസുകളും കാസിനോകളും യാത്രക്കാരന്റെ പോക്കറ്റിന്റെ കനമനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്. കരയോടടുത്ത് നിർത്തിയിട്ടിരിക്കുന്നതും വെള്ളത്തിലൂടെ ഒഴുകി നടക്കുന്നതുമായ കാസിനോകൾ മാണ്ഡവിയിലുണ്ട്. പാട്ടും നൃത്തവും കുടിയും തീറ്റയുമായി പാതിരാവോളം നീളുന്ന ആഘോഷങ്ങളാണ് ഈ ജലയാനങ്ങളിൽ ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത്. 

ഗോവയുടെ ടൂറിസത്തിന്റെ വളർച്ചയിൽ ഒരു പ്രധാന പങ്ക് ഈ നദിക്കുണ്ട്. എന്നാൽ ഇതിലെ വെള്ളം പങ്കുവയ്ക്കുന്നതിൽ കർണാടകയും ഗോവയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളും കാലങ്ങളായി നിൽക്കുന്നു.

മാണ്ഡവിക്കു കുറുകെ പണിതിട്ടുള്ള അടൽ സേതു വെറുമൊരു പാലം മാത്രമല്ല, ഒരു മനോഹര കാഴ്ച കൂടിയാണ്. ഒട്ടേറെ പ്രത്യേകതകൾ ഈ പാലത്തിനുണ്ട്.  പനജിയെയും പർവോറിമിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇതിന് അഞ്ച് കിലോമീറ്ററിലധികം നീളമുണ്ട്.

ഈ പാലത്തിൻറെ ഉയരക്കൂടുതൽ കണക്കിലെടുത്ത് ടൂവീലറുകളെയും ത്രീവീലറുകളെയും ഇതിലൂടെ പോകുന്നതിൽ നിന്നും നിരോധിച്ചിട്ടുമുണ്ട്. കേബിളുകളിൽ താങ്ങി നിർത്തിയിരിക്കുന്ന ഒരു പാലമാണിത്. ഇത്തരത്തിൽ ഇന്ത്യയിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും നീളം കൂടിയ മൂന്നാമത്തെ പാലം. ഈ നദിക്ക് കുറുകെ നേരത്തെ ഉണ്ടായിരുന്ന രണ്ട് പാലങ്ങളുടെയും മധ്യത്തിലൂടെയാണ് അടൽ സേതു നിർമ്മിച്ചിരിക്കുന്നത്. 


പകലും രാത്രിയും വ്യത്യസ്ത തലത്തിലുള്ള കാഴ്ചയാണ് ഈ പാലം ഓരോ സഞ്ചാരിക്കും നൽകുന്നത്. അതിന്റെ എഞ്ചിനീയറിങ് വൈദഗ്ദ്ധ്യവും  നിർമ്മാണചാതുരിയുമായിരിക്കും പകൽ നമ്മെ ആകർഷിക്കുന്നത്. ഈ പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ വിമാന സഞ്ചാരത്തിലെന്ന പോലുള്ള കാഴ്ചകളാണ് കാണാനാകുന്നത്. എന്നാൽ രാത്രിയായാൽ, മിന്നിത്തെളിയുന്ന വൈദ്യുത ദീപങ്ങളാലവൾ അണിഞ്ഞൊരുങ്ങും. ഈ വർണ്ണങ്ങൾ വെള്ളത്തിൽ പ്രതിഫലിക്കുക കൂടി ചെയ്യുമ്പോൾ, സൗന്ദര്യം ഒന്നുകൂടി വർദ്ധിക്കും. ക്രൂയിസിലൂടെ യാത്ര ചെയ്യുന്ന ഒരു സഞ്ചാരിയ്ക്കും തങ്ങളുടെ മനസ്സിലേക്കും ഒപ്പം ക്യാമറയിലേക്കും ഈ ദൃശ്യം പകർത്താതെ കടന്നുപോകാനാകില്ല.