Thursday, 3 August 2023

തായ്ത്തള്ളുകൾ....(1) 😜😜😜

 





അമറും അക്ബറും ആൻ്റണിയും ചേർന്ന് പൈസ കൂട്ടി വെച്ചത് പട്ടായയിൽ പോകാനായിരുന്നു...

ഒരു സാധാരണക്കാരന്റെ ഏറ്റവും വലിയ സ്വപ്നമായി അവരതിനെ നെഞ്ചേറ്റി കൊണ്ടുനടന്നു. ഒരു വിദേശയാത്ര എന്നാൽ തായ്‌ലന്റിലേക്കും തായ്‌ലൻഡ് എന്നാൽ പട്ടായയിലേക്കും പട്ടായയിൽ എത്തിയാൽ ചില വിനോദങ്ങളിലേക്കും മാത്രം ഒതുങ്ങുന്ന ഒരു രീതി.  തമാശയായെങ്കിലും ഇത് പ്രചുരപ്രചാരം നേടിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെയാവും കൊച്ചിയിലേക്കുള്ള ട്രെയിൻ യാത്രയിൽ (തായ്ലാൻഡിലേയ്ക്ക് പറഞ്ഞത് നെടുമ്പാശ്ശേരിയിൽ നിന്നായിരുന്നു)ഒരേ ക്യാബിനിൽ ഉണ്ടായിരുന്ന നാലുപേർ മലേഷ്യയിലേക്കാണ് പോകുന്നതെന്ന് ഒരേസ്വരത്തിൽ പറഞ്ഞതും. എന്നാൽ അവരുടെ മട്ടും ഭാവവും യാത്രയുടെ ലക്ഷ്യം ഏതെന്ന് പറയാതെ പറഞ്ഞു. ഒരുപക്ഷേ എന്തിനും ഏതിനും സൗകര്യമാണ് പട്ടായയെന്നും അതുകൊണ്ടുതന്നെ വീട്ടുകാരെ പറ്റിച്ചാണ് അങ്ങോട്ട് പോകുന്നതുമെന്ന തോന്നലായിരിക്കാം ആദ്യഘട്ടത്തിൽ അവരെക്കൊണ്ട് ഇത് പറയിച്ചത്. അതെന്തൊക്കെയായാലും തായ്‌ലൻഡ് എന്നാൽ പട്ടായയാണെന്നും പട്ടായയെന്നാൽ മദ്യവും മദിരാക്ഷിയും മാത്രമാണെന്നും ചിന്തിക്കുന്നത് ശരിയേയല്ല. ഈ അടുത്തകാലത്ത് മാത്രം ഒരു ജനകീയ ഗവൺമെൻറ് അധികാരമേറ്റ തായ്‌ലൻഡ് ഒട്ടേറെ കാര്യങ്ങളിൽ മുന്നിലാണ് എന്ന് പറയാതെ തരവുമില്ല.

കിങ്ഡം ഓഫ് തായ്‌ലൻഡ് എന്നറിയപ്പെടുന്ന തായ്‌ലൻഡ് തെക്ക് കിഴക്കേ ഏഷ്യയിലെ ഒരു ചെറിയ രാജ്യമാണ്. ബാങ്കോക്ക് ആണ് തലസ്ഥാനം. വളരെക്കാലം സയാം എന്നാണ് ഈ രാജ്യം അറിയപ്പെട്ടിരുന്നത്. 1949 ലാണ് സ്വാതന്ത്ര്യം എന്നർത്ഥം വരുന്ന റ്റായ് എന്ന പദത്തിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന തായ് രാജ്യമായി ഇത് മാറിയത്. ഇവിടത്തെ ഏറ്റവും വലിയ ആദിമ ജനവിഭാഗത്തിന്റെ പേരും തായ് എന്ന് തന്നെയാണ്. അവരുടെ ഭാഷയും തായ് തന്നെ. തായ് ബാത്താണ് കറൻസി. ഒരു തായ്ബാത്ത് രണ്ടു രൂപ 40 പൈസയ്ക്ക് തുല്യമാണ്.

ഇന്ത്യൻ സംസ്കാരത്തിൻറെ സ്വാധീനം വളരെയധികം കാണാവുന്ന ഒരു ജനവിഭാഗമാണ് തായ്‌ലൻഡിലുള്ളത്. ഹൈന്ദവ ബുദ്ധമതങ്ങൾ തായ് ജീവിതത്തിൻറെ ഭാഗമാണ്. പതിനെട്ടാം നൂറ്റാണ്ട് മുതൽ തായ്‌ലൻഡ് ഭരിച്ചിരുന്ന രാജാക്കന്മാർ അറിയപ്പെട്ടിരുന്നത് പോലും രാമനാമത്തിലാണ്. തായ് സംസ്കാരത്തിലൂടെ ഒരു സഞ്ചാരം നടത്തിയാൽ രാമായണ കഥകളുടെയും രാമന്റെയും കൃഷ്ണന്റെയുമൊക്കെ സ്വാധീനം ആഴത്തിൽ വേരൂന്നിയിരിക്കുന്നതായി നമുക്ക് കാണാം. അവിടുത്തെ സ്ഥല നാമങ്ങൾക്കുപോലും സംസ്കൃതത്തിന്റെ സ്വാധീനമുണ്ട്.


കഴിഞ്ഞ നൂറ്റാണ്ടിൻറെ പകുതിയിൽ ഭരണ അസ്ഥിരതയിലൂടെ കടന്നു പോയ തായ്‌ലൻഡിൽ ഒരു ജനകീയ ഗവൺമെൻറ് അധികാരത്തിലെത്തുന്നത് 1992 ലാണ്. 30 വർഷം എന്നത് ഒരു ജനകീയ ഭരണത്തിന് വളരെ കുറഞ്ഞ കാലയളവാണെന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ ആ രാജ്യത്തിലൂടെ യാത്ര ചെയ്യുമ്പോൾ അനുഭവിക്കാൻ കഴിയുന്ന ഒട്ടേറെ നന്മകളും മേന്മകളും ഉണ്ട്. കാഴ്ചകൾ കൊണ്ട് മാത്രമല്ല ഒരുപക്ഷേ പെരുമാറ്റം കൊണ്ടും പ്രവർത്തികൊണ്ടും തായ്ജനത സമ്പന്നം തന്നെയാണ്.


കഴിഞ്ഞവർഷം തായ്‌ലൻഡിലൂടെ നടത്തിയ യാത്രയുടെ അനുഭവങ്ങളും ചില കാഴ്ചകളും പങ്കുവെക്കുകയാണിവിടെ...

No comments:

Post a Comment