തായ്‌ലൻഡിലേക്ക് യാത്ര ചെയ്യാൻ വിസയുടെ സാങ്കേതിക പ്രശ്നങ്ങളൊന്നുമില്ല. ബാങ്കോക്ക് എയർപോർട്ടിൽ ഇറങ്ങിയാൽ അവിടെ നിന്നു തന്നെ വിസ ഓൺ അറൈവൽ വഴി ഏതാണ്ട് അരമണിക്കൂറിനകത്ത് വിസ ലഭിക്കും. അവിടെത്തന്നെ ലഭ്യമായ അപേക്ഷയും ഫോട്ടോയും പാസ്പോർട്ടും 2000 ബാത്തും നൽകിയാൽ വിസ റെഡി. അല്പം കൂടി വേഗത്തിൽ ലഭിക്കണമെന്നുള്ളവർ കുറച്ചുകൂടി പൈസ ചെലവാക്കണമെന്നു മാത്രം. എയർപോർട്ടിൽ നിന്ന് തന്നെ ഇന്ത്യൻ രൂപ ബാത്തിലേക്ക് മാറ്റിയെടുക്കാനും കഴിയും.
ബാങ്കോക്കിൽ നിന്നും വിസ തരപ്പെടുത്തിയ ശേഷം അടുത്ത ഫ്ലൈറ്റിൽ നേരെ ഫുക്കറ്റിലേക്കാണ് പോയത്. പൊതുവേ ഇന്ത്യൻ ടൂറിസ്റ്റുകൾ അധികമായി പോകാത്ത ഒരു സ്ഥലമാണ് ഫുക്കറ്റ്. ഫുക്കറ്റിൽ നിന്നും പാത്തോങ്ങിലേക്കായിരുന്നു യാത്ര. ഇതിനായി ടാക്സിയും മിനി ബസ്സും സ്മാർട്ട് ബസ്സും എയർപോർട്ടിൽ നിന്ന് തന്നെ കിട്ടും. ഒരു ടൂറിസ്റ്റ് എന്ന നിലയിൽ എയർപോർട്ടിൽ അന്വേഷിക്കുമ്പോൾ ആദ്യം ടാക്സിയെക്കുറിച്ചായിരിക്കും അവർ പറയുക. അത് സ്വാഭാവികവുമാണ്. എന്നാൽ ടാക്സിക്ക് കൊടുക്കേണ്ടിവരുന്ന കൂലിയുടെ പകുതിയിലും താഴെ മാത്രമേ ബസ്സിനായി നൽകേണ്ടതുള്ളൂ. സ്മാർട്ട് ബസ് എന്ന പേര് പോലെ തന്നെ സ്മാർട്ടാണ് ബസ്സ്, ഒപ്പം നല്ല സൗകര്യവും. അല്പം ചെലവ് ചുരുക്കി യാത്ര ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർക്ക് ബസ്സ് തന്നെയാണ് ഏറ്റവും യോജിച്ചത്.
ബസ്സിൽ തിരക്കും കുറവായിരുന്നു. അതുകൊണ്ടുതന്നെ വശങ്ങളിലെ കാഴ്ച ആസ്വദിക്കുന്നതിന് അങ്ങോട്ടും ഇങ്ങോട്ടും മാറി ഇരിക്കുവാനും പ്രശ്നമുണ്ടായിരുന്നില്ല. ബസ്സിലെ യാത്രക്കാർ ചെറിയൊരു അത്ഭുതത്തോടെയാണ് നോക്കിയത്. പൊതുവേ ടൂറിസ്റ്റുകൾ ട്രാൻസ്പോർട്ട് ബസ്സിൽ യാത്ര ചെയ്യുന്നത് കുറവായിരിക്കാം. എങ്കിലും വളരെ സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയുമാണ് അവർ പെരുമാറിയത്. പാത്തോങ്ങിലേക്കുള്ള യാത്രയുടെ കൂടുതൽ സമയവും സമുദ്രതീരത്തു കൂടെയാണ്. മനോഹരം മാത്രമല്ല വൃത്തിയുള്ളതുമായ സമുദ്രതീരക്കാഴ്ച ആസ്വദിച്ചു കൊണ്ടുള്ള ആ യാത്ര തന്നെ വശ്യസുന്ദരമാണ്.
തായ്‌ലൻഡിലുടനീളമുള്ള യാത്രയിൽ ഒരു പ്രശ്നമായി അനുഭവപ്പെട്ടത് ഭാഷയാണ്. പൊതുവേ ഇംഗ്ലീഷ് സംസാരിക്കാത്തവരാണ് അവിടത്തുകാർ. ഹൃദയം കൊണ്ട് യാത്ര ഇഷ്ടപ്പെടുന്ന ഒരാളിന് ഭാഷ ഒരു തടസ്സമേയല്ല. പോകേണ്ടുന്ന ഹോട്ടലിന്റെ വിലാസം കണ്ടക്ടറെ കാണിച്ചുകൊടുത്തു. അദ്ദേഹത്തിന് ആ സ്ഥലം അത്രയ്ക്ക് പരിചയമുണ്ടായിരുന്നില്ല. എന്നിട്ടും ഏതാണ്ട് ഉറപ്പിച്ച ഒരു സ്ഥലത്ത് ബസ് നിർത്തി, അദ്ദേഹം തന്നെ ഇറങ്ങി വന്ന്, അവിടെയുള്ള ആൾക്കാരോട് ചോദിച്ച് വഴിയും കാണിച്ചു തന്നാണ് യാത്രയാക്കിയത്. ഏകദേശം 50 മീറ്റർ മാത്രം നടന്നാൽ ഹോട്ടലിലേക്ക് എത്താവുന്നിടത്തു വരെ എത്തിച്ച അദ്ദേഹത്തോട് ഏത് ഭാഷയിലാണ് ആശയവിനിമയം നടത്തിയത് എന്ന് മാത്രം പറയാൻ എനിക്കറിയില്ല. പക്ഷേ ഒന്ന് നേരിട്ട് മനസ്സിലായി. ടൂറിസ്റ്റുകളോട് അവർ കാണിക്കുന്ന സ്നേഹവും മര്യാദയും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം ടൂറിസ്റ്റുകൾ തായ്‌ലന്റിലേക്ക് വരുന്നതിന്റെ കാരണവും ഒരുപക്ഷേ ഇതും കൂടിയായിരിക്കാം...



No comments:
Post a Comment