അന്തിച്ചന്ത, ഗ്രാമത്തിലെ ഏറ്റവും സജീവമായ വിപണനകേന്ദ്രം. വൈകുന്നേരം നാലുമണിയോടെ, പതിയെപ്പതിയെ ആലസ്യം വിട്ടെഴുന്നേറ്റ്, കലപിലകൂട്ടി ഒരു ഗ്രാമത്തെ മുഴുവൻ ഉൾക്കൊണ്ടിരുന്ന ഗ്രാമീണ ചന്ത...
കുപ്പിവള, കണ്മഷി, ചാന്ത് പൊട്ട്, സോപ്പ്, ചീപ്പ്, കണ്ണാടി തുടങ്ങി ലൊട്ട് ലൊടുക്കു സാധനങ്ങൾ വിറ്റിരുന്ന അണ്ണാച്ചിയുടെ ഒരു ഓല ഷെഡ് ചന്തയുടെ ഏതു കോണിൽ നിന്നു നോക്കിയാലും കാണുന്ന ഭാഗത്തായിരുന്നു. ഷെഡ്ഡിലെ ഇരു തൂണുകളേയും ബന്ധിച്ചു കൊണ്ട് കെട്ടിയിരുന്ന ചരടിൽ തൂങ്ങിയാടിയിരുന്ന ചില വാരികകളും അണ്ണാച്ചിയുടെ കടയിലെ മാത്രം പ്രത്യേകതയാണ്. സൗന്ദര്യവർധകവസ്തുക്കളോടൊപ്പം പെൺമനം കവർന്ന വയിൽ പ്രധാനിയായിരുന്നു *മംഗളം* ആഴ്ചപ്പതിപ്പ്.
കണങ്കാലിന് മുകളിലെത്തുന്ന പാവാടയുടുത്ത് കാറ്റിലാടിക്കളിക്കുന്ന നെല്ലോലകളുടെ ഇടയിലുള്ള വരമ്പത്തൂടെ ഈ പെൺകൊടിമാർ വീട്ടിലേക്ക് മടങ്ങുമ്പോൾ, തലയിലെ പനയോലപ്പെട്ടിയിൽ ചുരുട്ടി ഇറക്കിവെച്ച രൂപത്തിൽ മംഗളം വാരികയും സ്ഥാനം പിടിച്ചു. രാത്രി അത്താഴത്തിനുള്ള മീൻകറി അടുപ്പത്ത് തിളക്കുമ്പോൾ ത്രസിക്കുന്ന ഹൃദയവുമായി മണ്ണെണ്ണ വിളക്കിന്റെ മുനിഞ്ഞ വെളിച്ചത്തിലവർ സുധാകർ മംഗളോദയത്തിനേയും ജോയ്സിയേയുമൊക്കെ ആഹരിച്ച് വയറുനിറച്ചു.
അമ്മമാരുടെ പ്രാക്കിനെ വകവയ്ക്കാതെ, വിളക്കിന്റെ തിരി താഴ്ത്തി, രാവേറെ ചെല്ലുവോളം കോട്ടയം പുഷ്പനാഥിനെയോ ബാറ്റൺ ബോസിനെയോ വായിച്ചു പേടിച്ചു.
പിറ്റേദിവസം മുതൽ തെക്കേലും വടക്കേലും പുത്തൻവീട്ടിലുമൊക്കെ മാറി മാറി മംഗളം വിരുന്നു പോയി.
ഇതിലെ നോവലുകൾ വായിച്ച് പെൺകുട്ടികൾ പകൽക്കിനാവ് കണ്ടു. നോവലിനോടൊപ്പം വരച്ചു ചേർത്തിരുന്ന ചിത്രങ്ങളിലെ നായികമാരുടെ സൗന്ദര്യം കണ്ട് കന്യകമാർ അസൂയപ്പെട്ടു. മെലിഞ്ഞു നീണ്ട ശരീരവും മുട്ടോളമെത്തുന്ന മുടിയും നാണിച്ചു കൂമ്പിയ മുഖവും കേരളീയ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമാക്കപ്പെട്ടു...
മറ്റൊരു വാരികയ്ക്കും സങ്കൽപ്പിക്കാനാകാത്തത്ര പ്രചാരണവും (1985 ൽ 17 ലക്ഷം) അംഗീകാരവുമാണ് മംഗളത്തിനു ലഭിച്ചത്.
പൈങ്കിളി സാഹിത്യമെന്നും 'മ' പ്രസിദ്ധീകരണങ്ങളെന്നും വിളിച്ച് യുവജനപ്രസ്ഥാനക്കാർ ഇത്തരത്തിലുള്ള വാരികകളെ കടന്നാക്രമിച്ചപ്പോഴും അവയുടെ പ്രസക്തി നഷ്ടപ്പെട്ടില്ല. മറ്റു വിനോദങ്ങൾക്കൊന്നും അവസരം നൽകാതെ സ്ത്രീകളെ വീടിനുള്ളിൽ തളച്ചിട്ടപ്പോൾ അവർ തങ്ങൾക്ക് ലഭിച്ച ഈ വായനാനുഭവം നെഞ്ചേറ്റുകയായിരുന്നു. ഒരുകാലത്ത് സ്കൂളിൽ നിന്നും ലഭിച്ച അക്ഷരവെട്ടം മാഞ്ഞ് പോകാതെ തെളിഞ്ഞു നിന്നത് തങ്ങളുടെ പ്രിയപ്പെട്ട മംഗളത്തിലൂടെയായിരുന്നു എന്ന് അവരിന്ന് ചാരിതാർത്ഥ്യത്തോടെ പറയുന്നു. മംഗളത്തിലൂടെ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും മുതിർന്നവരറിയാതെ സ്കൂൾ കുട്ടികൾ പോലും വായനയുടെ ലോകത്തേയ്ക്ക് നടന്നു.
അന്നൊക്കെ ഒരു തുണ്ട് പേപ്പറിന് ആവശ്യം വന്നാൽ പലപ്പോഴും ലഭിച്ചിരുന്നത് മംഗളം വാരികയുടെ പേജുകളായിരുന്നു. എന്തായാലും ഇന്നത്തെ സീരിയലുകൾ ചെയ്യുന്നത്ര ദോഷമൊന്നും ഈ വാരികയിലൂടെ ഉണ്ടായിട്ടുണ്ട് എന്ന് കരുതുക വയ്യ.
1969ൽ എം സി വർഗീസ് തുടങ്ങിയ വാരിക 80-കളിൽ ഒരു രൂപയ്ക്ക് വാങ്ങിയ ഓർമ്മ ഇപ്പോഴുമുണ്ട്. പുസ്തകക്കടയിൽ ചികഞ്ഞ്, അവസാന ലക്കം വാങ്ങി. ഏപ്രിൽ ആദ്യലക്കത്തോടെ അച്ചടി നിർത്തിപ്പോയി എന്ന് കേട്ടപ്പോൾ ഒരു വിഷമം..
ഇനി ഓൺലൈനിൽ മാത്രം..
മാറുന്ന കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാതെ ഒന്നിനും നിലനിൽക്കാനാവില്ല എന്നതല്ലേ സത്യം...
No comments:
Post a Comment