Thursday, 14 March 2019

*അതിജീവനത്തിൻ്റെ കാഴ്ച വസന്തം*

സിന്ധു പ്രഭാകരൻ

ഇത് ഡിസംബറിലെ മഞ്ഞു വീഴുന്ന ദിനരാത്രങ്ങളുടെ കാലം. കാഴ്ചയുടെ വസന്തത്തിന് തിരി തെളിയുന്ന കാലം. നിഴലും വെളിച്ചവും ഇഴ പിരിയുന്ന സിനിമയുടെ മാന്ത്രികക്കാലം. രാവേറെ ചെന്നാലും മടുക്കാത്ത സൗഹൃദങ്ങളുടെയും ഗൗരവമാർന്ന ചർച്ചകളുടെയും സുവർണകാലം. തലസ്ഥാനനഗരിക്ക് സിനിമയുടെ വസന്തകാലം. അതെ, മലയാളിക്കിത് അന്തർദ്ദേശീയ ആഘോഷക്കാലം. കേരളത്തിൻ്റെ സ്വന്തം രാജ്യാന്തര ചലച്ചിത്രോത്സവക്കാലം.

കഴിഞ്ഞ നൂറ്റാണ്ടിനിടയിൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായിരുന്ന ഇരുപത്തി മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം പ്രബുദ്ധകേരളത്തിൻ്റെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രമാണ് യാഥാർത്ഥ്യമായത്. സർക്കാരിൻ്റെ സാമ്പത്തിക സഹായം ഇല്ലാതെ സ്പോൺസർമാരെ കണ്ടെത്തിയും ഡെലിഗേറ്റ് ഫീസ് ഉയർത്തിയുമാണ് ചെലവിനുള്ള പണം കണ്ടെത്തിയത്. മേളയുടെ നടത്തിപ്പിൻ്റെ വിവിധഘട്ടങ്ങളിൽ പ്രതിഫലമില്ലാതെ പണിയെടുക്കാൻ യുവതലമുറ തയ്യാറാകുക കൂടി ചെയ്തപ്പോൾ, മലയാളിക്ക് വഴങ്ങാത്തതായി ഒന്നുമില്ല എന്ന് ഒരിക്കൽ കൂടി നാം അടയാളപ്പെടുത്തുകയായിരുന്നു.

*അതിജീവനത്തിൻ്റെ പ്രകാശം*

പ്രളയദുരന്തം ദുരിതം വിതച്ച ജീവിതങ്ങൾക്ക് അതിജീവനപാഠമൊരുക്കിയാണ് ഇത്തവണ മേള കടന്നുപോയത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ മനുഷ്യന് പ്രചോദനമേകുന്ന തരത്തിലുള്ള അഞ്ച് ചിത്രങ്ങളടങ്ങിയ 'ദ ഹ്യൂമൻ സ്പിരിറ്റ്: ഫിലിംസ്  ഓൺ ഹോപ്പ് ആന്റ് റീബിൽഡിംഗ്' എന്ന വിഭാഗം ഈ മേളയുടെ പ്രത്യേകതയായിരുന്നു. ദുരന്തങ്ങളെ അതിജീവിച്ചവരിൽ നിന്നും ഊർജം ഉൾക്കൊണ്ട് നിർമ്മിച്ച അപ്പോകാലിപ്റ്റോ, വെള്ളപ്പൊക്കത്തിൽ, മണ്ടേല-ലോങ് വാക് ടു ഫ്രീഡം തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടത്. ചുറ്റും ചൂഴ്ന്നുനിൽക്കുന്ന വിനാശത്തിൻ്റെ ഇരുട്ടിൽ, ഇങ്ങനെ പലതരത്തിൽ ലഭിക്കുന്ന പ്രകാശനാളങ്ങളാണ് ഒരു തലമുറയെത്തന്നെ ആത്മവിശ്വാസത്തോടെ മുന്നേറാൻ സഹായിക്കുന്നത്.

*ലോകസിനിമയുടെ പൂക്കാലം*

ഡിസംബർ 7 മുതൽ 13 വരെ ഏഴ് ദിനരാത്രങ്ങളിലായി 72 രാജ്യങ്ങളിൽനിന്നുള്ള 164 ചിത്രങ്ങളാണ് ഈ മേളയിൽ പ്രദർശിപ്പിക്കപ്പെട്ടത്. വർഷാവസാനം നടക്കുന്ന മേളയായതുകൊണ്ടു തന്നെ, വർഷം മുഴുവൻ പുറത്തിറങ്ങുന്ന എല്ലാ നല്ല ചിത്രങ്ങളും മേളയിലേക്ക് എത്തിക്കാൻ സംഘാടകർക്ക് കഴിയുന്നു. കാൻ,  മോൺട്രിയൽ, ടൊറൻഡോ, ലൊക്കാർണോ, വെനീസ്,  ബെർലിൻ, റോട്ടർഡാം തുടങ്ങി ഒട്ടേറെ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചതും വിജയിച്ചതുമായ മിക്ക ചിത്രങ്ങളും കാണാനുള്ള അവസരം മലയാളിപ്രേക്ഷകർക്ക് ലഭിച്ചുകഴിഞ്ഞു. മലയാളത്തിൽ നിന്നുള്ള ഈ. മ. യൗ., സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങൾ അന്തർദേശീയ മത്സരത്തിൽ സ്ഥാനം പിടിച്ചിരുന്നു. മേളയുടെ നടത്തിപ്പ് ചെലവ് ചുരുക്കി ആയിരുന്നെങ്കിലും, ഉള്ളടക്കം ഒരുപിടി നല്ല ചിത്രങ്ങളുടെ കാഴ്ചയാൽ സമ്പന്നമായിരുന്നു.

*ചലച്ചിത്രമേളയുടെ ചരിത്രം*

ആദ്യമായി കോഴിക്കോട് വച്ച് 1994 ഡിസംബർ 17 മുതൽ 23 വരെ നടന്ന ഈ മേള, 23 വർഷം പിന്നിടുമ്പോൾ ഇന്ന് ഏഷ്യയിലെ ഏറ്റവും ജനപങ്കാളിത്തമുള്ളതും ഇന്ത്യയിലെ ഏറ്റവും മികച്ചതുമായ മേളയായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിന് സ്വന്തമായ ഒരു ചലച്ചിത്രമേള എന്ന ആശയം ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല. 1960 മുതൽ കേരളത്തിൻ്റെ മുക്കിലും മൂലയിലും സജീവമായിരുന്ന ഫിലിം സൊസൈറ്റികളിൽ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളും പങ്കാളികളായിരുന്നു. 1965-ൽ അടൂർ ഗോപാലകൃഷ്ണൻ്റെ നേതൃത്വത്തിൽ രൂപംകൊണ്ട 'ചിത്രലേഖ' ഫിലിം സൊസൈറ്റിയും തുടർന്ന് കേരളത്തിലങ്ങോളമിങ്ങോളം രൂപംകൊണ്ട ഫിലിം സൊസൈറ്റികളും ചെറിയചെറിയ ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിച്ചിരുന്നു. 1988-ൽ തിരുവനന്തപുരത്തുവച്ച് സംഘടിപ്പിക്കപ്പെട്ട ഇന്ത്യയുടെ ഇൻറർനാഷണൽ ഫിലിംഫെസ്റ്റിവൽ കേരളത്തിലെ ചലച്ചിത്രപ്രേമികളെ ഒട്ടൊന്നുമല്ല ആവേശം കൊള്ളിച്ചത്. ഇങ്ങനെ കേരളത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഫിലിം സൊസൈറ്റികളും പലപ്പോഴായി സംഘടിപ്പിക്കപ്പെട്ട ചലച്ചിത്രമേളകളും ചലച്ചിത്ര ആസ്വാദകരും ഒക്കെ കൂടിച്ചേർന്ന ഒരു ചാലക ശക്തിയാണ് ഇന്ന് നാം കാണുന്ന, പടർന്നുപന്തലിച്ച് നിൽക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം കുറിക്കാൻ പ്രചോദനമേകിയത്.

ഈ വർഷത്തെ മേള പോലെതന്നെ ആദ്യമേളയും സ്പോൺസർഷിപ്പിലൂടെയാണ് സംഘടിപ്പിക്കപ്പെട്ടത്. പൂനെയിലെ ഫിലിം ആർക്കൈവ്സിൽ നിന്നും ലഭിച്ച ചിത്രങ്ങൾ വച്ചായിരുന്നു മേള ആരംഭിച്ചത്. മലയാളത്തിലെ രണ്ടാമത്തെ നിശബ്ദ ചിത്രമായ മാർത്താണ്ഡവർമ്മയുടെ പ്രദർശനത്തോടെ ആരംഭിച്ച മേളയിൽ അന്നുവരെ ലോകത്തുണ്ടായിട്ടുള്ള പ്രധാനപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്. ആദ്യ രണ്ട് മേളകൾക്ക് ശേഷമാണ് മത്സരവിഭാഗം ആരംഭിക്കുന്നത്. ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു ഒരു സംസ്ഥാന ഗവൺമെൻ്റ് ഇത്തരത്തിലുള്ള മേള സംഘടിപ്പിക്കുന്നത്. ഇന്നും അനുസ്യൂതം തുടരുന്ന വൻജനപങ്കാളിത്തവും പിന്തുണയുമാണ് മേള തുടർന്ന് നടത്താൻ സർക്കാരിന് പ്രചോദനമേകിയത്.

*വളർച്ചയും വികാസവും**

ചലച്ചിത്രോത്സവങ്ങളുടെ പൊതുദിശ തീരുമാനിക്കപ്പെട്ടത് തിരുവനന്തപുരത്ത് നടന്ന രണ്ടാമത് മേളയിലാണ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പൊതുവേ യൂറോപ്യൻ ചിത്രങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ഇതിൽനിന്നും വ്യത്യസ്തമായി ഒരു വികസ്വര രാജ്യത്തിൽ നടക്കുന്ന മേളയിൽ അത്തരം രാജ്യങ്ങളിൽ നിന്നുവരുന്ന ചിത്രങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന തീരുമാനത്തിൻ്റെ ഫലമാണ് ആഫ്രോ-ഏഷ്യൻ-ലാറ്റിനമേരിക്കൻ ചിത്രങ്ങൾക്ക് ലഭിച്ച പ്രമുഖ സ്ഥാനം. മറ്റ് പല വികസ്വര രാജ്യങ്ങളിലും ഈ മാതൃക പരിഗണിക്കപ്പെട്ടു എന്നതും നമ്മുടെ മേളയെ അർത്ഥപൂർണ്ണമാക്കുന്നു. ഫെസ്റ്റിവലിന് സ്വന്തമായി ഒരു ലോഗോ ഉണ്ടാകുന്നത് മൂന്നാമത് മേളയിലാണ്.   ജി അരവിന്ദനാണ് നിഴൽക്കൂത്തിലെ കഥാഖ്യാനത്തിനായി ഉപയോഗിക്കുന്ന തോൽപ്പാവയുടെ ചിത്രം (ലങ്കാലക്ഷ്മി)  ലോഗോയ്ക്കായി ഡിസൈൻ ചെയ്തത്. കഥ പറയുവാനുള്ള മനുഷ്യ മോഹത്തെ ആവിഷ്കരിച്ച കലാരൂപങ്ങളാണ്, ആയിരത്തോളം വർഷങ്ങളായി ഏഷ്യയുടെ തന്നെ സാംസ്കാരിക പാരമ്പര്യമായി മാറിയ പാവകളിയും  നിഴൽ പാവക്കൂത്തും മറ്റും. ഈ മഹത്തായ പാരമ്പര്യത്തിന്റെ ഊർജ്ജമുൾക്കൊണ്ട രൂപമാണ്, നിഴലും വെളിച്ചവും സമ്മേളിക്കുന്ന കലയായ സിനിമയുടെ മേളയ്ക്ക് ലോഗോ ആയി മാറിയത്.

ചലച്ചിത്ര അക്കാദമി ഇതിൻ്റെ സാരഥ്യം ഏറ്റെടുക്കുന്നത് നാലാമത് മേള മുതലാണ്. 6-ാമത് മേള മുതൽ ഈ ഉത്സവത്തിൻ്റെ സ്ഥിരം വേദിയായി തിരുവനന്തപുരം തിരഞ്ഞെടുക്കപ്പെട്ടു. ഒരു ചെറിയ സംരംഭം എന്ന നിലയിൽ ആരംഭിച്ച ഈ ചലച്ചിത്രമേള, ഗൗരവപൂർണമായ ഒരു ചലച്ചിത്രപ്രവർത്തനമെന്ന നിലയിൽ ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒന്നായി ഇന്ന് വളർന്നു കഴിഞ്ഞു. മർദ്ദിത ജനവിഭാഗങ്ങളുടെ ശബ്ദം കേൾപ്പിക്കുന്നതിനും, വർഗീയതയുടേയും ഫാസിസത്തിൻ്റേയും എതിരെയുള്ള കൂട്ടായ്മയ്ക്ക് കളമൊരുക്കുന്നതിനും കൂടിയുള്ള സംഗമഭൂമിയായി മാറിക്കഴിഞ്ഞിരിക്കുന്നു ഈ മഹാമേള.

*പ്രസക്തം സിഗ്നേച്ചർ ഫിലിം*

കേരളത്തെ മുക്കിയ പ്രളയജലത്തിൽ നിന്നും ഉയർന്നുവരുന്ന ലങ്കാലക്ഷ്മിയ്ക്ക് ചുറ്റും കോർത്തുപിടിച്ച കരങ്ങൾ ചകോരങ്ങളായി ഉയർന്നു പറക്കുന്നു. മനോധൈര്യത്തിൻ്റേയും ഒരുമയുടെയും പിൻബലത്തിൽ പ്രളയത്തെ അതിജീവിച്ച അതേ മനക്കരുത്തോടെ ഇനി പുനർനിർമാണത്തിനും കൈകോർത്ത് മുന്നോട്ടു കുതിക്കാം എന്ന ആശയമാണ് ഈ സിഗ്നേച്ചർ ഫിലിം നൽകുന്നത്. എല്ലാ അതിർവരമ്പുകളും ഭേദിച്ച്, നവകേരളസൃഷ്ടിക്കായി, ഒത്തൊരുമയോടെ മുന്നോട്ടു കുതിക്കാൻ കേരളത്തിലെ യുവതലമുറ പ്രാപ്തരാണ് എന്ന പ്രതീക്ഷ പ്രചോദനമാകുന്ന തരത്തിലാണ് 40 സെക്കൻഡ് ദൈർഘ്യമുള്ള അവതരണഗാനവീഡിയോ അരുൺ ശ്രീപാദം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

*സവിശേഷതകളുടെ  മേള*

പ്രളയത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നിട്ടും, ഇച്ഛാശക്തിയുള്ള ഒരു സർക്കാർ നേതൃത്വം നൽകിയപ്പോൾ വൻവിജയമാക്കിത്തീർക്കാൻ സാധിച്ചു എന്നതു തന്നെയാണ് ഈ മേളയുടെ ഏറ്റവും വലിയ സവിശേഷത. ഇത് മലയാളിക്കല്ലാതെ ലോകത്ത് മറ്റൊരു വിഭാഗം ജനത്തിനും സാധ്യമാകും എന്നു തോന്നുന്നില്ല. ലോക സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വിസ്മയ പ്രതിഭയായ ഇൻഗ്മാർ ബർഗ്മാൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിനെക്കുറിച്ചുള്ള ഡോക്യുമെൻററി ഉൾപ്പെടെ ചിത്രങ്ങളുടെ പ്രത്യേകപ്രദർശനം, കെനിയൻ ഫിലിം ക്ലാസിഫിക്കേഷൻ ബോർഡ് അനുമതി നിഷേധിച്ച ഏറ്റവും മികച്ച ചിത്രമായ റഫീക്കിയുടെ പ്രദർശനം, ലക്ഷദ്വീപിലെ ലിപിയില്ലാത്ത 'ജസരി' ഭാഷയിൽ നിർമ്മിച്ച ആദ്യ ചിത്രമായ 'സിൻജാറി'ൻ്റെ പ്രദർശനം എന്നിവയൊക്കെ ഈ മേളയ്ക്ക് കൊഴുപ്പേകി. മികച്ച നവാഗത ഇന്ത്യൻ സംവിധായകന് ഒരു പുതിയ എൻഡോവ്മെൻ്റ് ഏർപ്പെടുത്തിയത് ഈ വർഷത്തെ മറ്റൊരു പ്രത്യേകതയാണ്. പ്രശസ്ത സംവിധായകനും, അന്തർദേശീയ ചലച്ചിത്രമേളയുടെ മുൻ ഡയറക്ടറുമായിരുന്ന കെ ആർ മോഹനൻ്റെ സ്മരണാർത്ഥം ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്ററാണ് ഈ എൻഡോവ്മെൻ്റ് ഏർപ്പെടുത്തിയത്. രാജ്യാന്തര മത്സര വിഭാഗത്തിൽ ഉൾപ്പെട്ട 14 ചിത്രങ്ങളിൽ നാല് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു എന്നത് ലിംഗ സമത്വത്തിന് വേണ്ടി ശക്തമായ വാദം നടക്കുന്ന ഈ കാലഘട്ടത്തിൽ മേളയുടെ മാറ്റു കൂട്ടുന്നു. ടർക്കിഷ് നടിയും സംവിധായികയുമായ വുൽസറ്റ് സരഷോഗുവിൻ്റെ 'ഡെബ്റ്റ്സ്',  ബ്രസീലിയൻ എഴുത്തുകാരിയും സംവിധായികയുമായ ബിയാട്രീസ് സൈനറിൻ്റെ 'ദി സൈലൻസ്', അർജൻറീനിയൻ നടിയും സംവിധായികയുമായ മോണിക്ക  ലൈനാറയുടെ 'ദി ബെഡ്',  ഇന്ത്യൻ നാടകപ്രവർത്തകയായ അനാമിക ഹക്സറിൻ്റെ 'ടേക്കിംഗ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്' എന്നിവയാണ് ആ ചിത്രങ്ങൾ. പോർച്ചുഗീസിൽ നിന്നുള്ള 'പിൽഗ്രിമേജ്' അടക്കം എട്ടു ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദർശന വേദി, ടൊറൻഡോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ 'ഡാർക്ക് ഈസ് ദ നൈറ്റ്' എന്ന ഫിലിപ്പൈൻ ചിത്രത്തിൻ്റേതടക്കം 26 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനവേദി എന്നിങ്ങനെ മറ്റു നിരവധി സവിശേഷതകളും ഈ മേളയ്ക്ക് ഉണ്ട്.

വാർത്താവിനിമയത്തിനും വോളണ്ടിയർ കണ്ട്രോളിനുമായി ചലച്ചിത്രമേളയിൽ ഇതാദ്യമായി ഹാം റേഡിയോ സർവീസ് പ്രയോജനപ്പെടുത്തി. കേരളത്തിലുടനീളമുള്ള സേവനസന്നദ്ധരായ ഇരുപത്തിരണ്ടോളം വരുന്ന ലൈസൻസ്ഡ് അമച്വർ റേഡിയോ അംഗങ്ങളാണ് ഈ സംവിധാനം തീർത്തും സൗജന്യമായി പ്രവർത്തിപ്പിച്ചത്. അപ്രതീക്ഷിതവും അനാവശ്യവുമായി പ്രഖ്യാപിക്കപ്പെട്ട ഹർത്താലിൽ പ്രതിനിധികൾ വലഞ്ഞു പോകാതിരിക്കാൻ യുവജന പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ പോരാളികൾ രംഗത്തിറങ്ങിയ കാഴ്ചയ്ക്കും ഈ മേള സാക്ഷ്യം വഹിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നും പൊതിച്ചോറ് ശേഖരിച്ച് പ്രതിനിധികൾക്ക് വിതരണം ചെയ്താണ്  ഡിവൈഎഫ്ഐ തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചത്. 13 തീയേറ്ററുകളിലും പ്രതിനിധികൾക്ക് ഭക്ഷണം എത്തിക്കാൻ ജയിൽ വകുപ്പും സഹകരിച്ചു. പരാതികളും പ്രതിഷേധങ്ങളും ഏറ്റവുംകുറഞ്ഞ മേള എന്ന പ്രത്യേകതയും ഇതിനു സ്വന്തം.

*അവഗണന ഇങ്ങനെയും*

കൊൽക്കത്ത രാജ്യാന്തരചലച്ചിത്രമേളയിലടക്കം നിരവധി മേളകളിൽ പ്രദർശിപ്പിച്ച, ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ 'മുഹമ്മദ്: ദ മെസഞ്ചർ ഓഫ് ഗോഡ്' എന്ന ചിത്രം പ്രദർശിപ്പിക്കാനുള്ള അനുമതി നൽകാതെ കേന്ദ്രസർക്കാർ കേരളത്തോടുള്ള സമീപനം ഒരിക്കൽക്കൂടി പറയാതെ പറഞ്ഞു. അനുമതി നിഷേധിച്ചാൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രതിഷേധം കണക്കിലെടുത്താകണം, പ്രദർശനാനുമതി തേടിയുള്ള അക്കാദമിയുടെ കത്തിന് മറുപടി നൽകാതെ ഒരു ഒളിച്ചുകളി നടത്തിയത്. പല പ്രധാന വിഷയങ്ങളിലും സജീവമായ ചർച്ചകളും പ്രതികരണങ്ങളും ഒപ്പം പ്രതിഷേധങ്ങളും നടക്കുന്ന ഒരു വേദി കൂടി ആയതുകൊണ്ടാകാം കേന്ദ്രസർക്കാർ ഇവ്വിധം പെരുമാറിയത്. ഇസ്ലാംമതത്തിലെ മനുഷ്യത്വം ചർച്ചചെയ്യുന്നതിനും ഇസ്ലാമിക തത്വങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്നതിൽ നിന്ന് മോചനം നേടുന്നതിനുമാണ് ഇത്തരത്തിൽ ഒരു സിനിമ നിർമ്മിച്ചതെന്നും നിരൂപകരാണ് ഇത് വിലയിരുത്തേണ്ടതെന്നും  ജൂറി ചെയർമാൻ കൂടിയായ മജീദ് മജീദി 'ഇൻ കോൺവർസേഷൻ വിത്തി' ൽ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെടുകയുണ്ടായി.

*സമീപകാല പ്രവണതകൾ*

ജനാധിപത്യത്തിലെ പൊതുഇടങ്ങൾ നഷ്ടപ്പെടുന്ന, ആവിഷ്കാരസ്വാതന്ത്ര്യത്തിൻ്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന ഇന്നിൻ്റെ കെട്ട കാലത്തിലൂടെയാണ് പുതുതലമുറ കടന്നുപോകുന്നത്. അവയൊക്കെ തിരിച്ചു പിടിക്കുന്നതിനുള്ള സാധ്യതകൾ കുറെയേറെയെങ്കിലും തുറന്നിടുന്ന ഒന്നായി ചലച്ചിത്രമേളകൾ നിലകൊള്ളുന്നു എന്നത് ആശ്വാസദായകം തന്നെ. ലോകത്തിലെ മികച്ച ചിത്രങ്ങളുടെ അഭ്രക്കാഴ്ചകൾ ഒരുക്കുന്ന ഒന്ന് മാത്രമല്ല ഇത്തരം മേളകൾ. ഇതിനോടൊപ്പം നടക്കുന്ന ഓപ്പൺ ഫോറങ്ങൾ, ഇൻ കോൺവർസേഷൻ വിത്ത്, പുസ്തക പ്രകാശനങ്ങൾ, മീറ്റ് ദ പ്രസ്സ്, മീറ്റ് ദ ഡയറക്ടർ എന്നിവയൊക്കെ ശക്തമായ അഭിപ്രായ പ്രകടനങ്ങൾക്കും ആശയസംവാദങ്ങൾക്കുമുള്ള വേദിയായിക്കൂടി മാറുന്നുണ്ട്. ഒട്ടേറെ നല്ല പ്രവണതകൾക്കിടയിലും അക്രമത്തിനും രതിക്കും അമിതപ്രാധാന്യം നൽകുന്ന സിനിമകൾ പ്രദർശിപ്പിക്കുന്നതും അവയ്ക്ക് പ്രേക്ഷകർ കൂടി വരുന്നതുമായ സമീപകാല യാഥാർത്ഥ്യങ്ങൾ കാണാതിരുന്നുകൂടാ. കിം കി ഡുക്കിനും മറ്റുമുള്ള ആരാധകവൃന്ദം സൂചിപ്പിക്കുന്നത് മറിച്ചല്ല തന്നെ. നല്ല സിനിമകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകരിൽ എത്തിക്കുന്നതിന് മാധ്യമങ്ങളും ഒന്നുകൂടി ശ്രദ്ധ വയ്ക്കേണ്ടിയിരിക്കുന്നു.

*കാത്തിരിക്കാം*

തലസ്ഥാനനഗരിയിൽ മാത്രമൊതുങ്ങുന്ന ഈ കലാമാമാങ്കത്തിൻ്റെ കൊച്ചു പതിപ്പുകൾക്കായി കാത്തിരിക്കുന്ന ഏറെ പ്രേക്ഷകർ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഉണ്ട്. ഇതിന് ചലച്ചിത്ര അക്കാദമി അടിയന്തര പ്രാധാന്യം നൽകേണ്ടതുമുണ്ട്. പ്രഖ്യാപനത്തിലൊതുങ്ങുന്ന ഫെസ്റ്റിവൽ കോംപ്ലക്സിനും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രപ്രേമികൾ. ഉയർന്ന ഡെലിഗേറ്റ് പാസ് നിരക്ക് മൂലമാണെങ്കിലും മേളയുടെ അച്ചടക്കം പാലിക്കാനാകുമെങ്കിൽ കുറയ്ക്കാതിരിക്കുന്നത് തന്നെയായിരിക്കും നല്ലത് എന്ന അഭിപ്രായവും കുറവല്ല തന്നെ.

എന്തൊക്കെയാണെങ്കിലുംസാധാരണക്കാരുടെ സിനിമാസ്വാദനത്തിന് മാറ്റ് കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ചലച്ചിത്രമേളകൾ. ലോകത്തിലെ എല്ലാ കോണിലുമുള്ള ചലച്ചിത്ര പ്രവർത്തകർക്കും ആസ്വാദകർക്കും ധൈഷണിക കൂടിച്ചേരലിനുള്ള ഒരിടമാണിത്. പഴയ തലമുറയുടെ പരിചയസമ്പത്തും പുതുതലമുറയുടെ കഴിവും ഒത്തുചേരുന്ന ഔന്നത്യത്തിലേക്കാണ് ചലച്ചിത്രമേളകൾ വളരുന്നത്. കാത്തിരിക്കാം അടുത്ത ഡിസംബർ 6 വരെ, മറ്റൊരു കാഴ്ച വസന്തത്തിനായി.

Thursday, 7 March 2019

ടെക് ദൈവവും ആസ്ട്രേലിയൻ കഥാകാരിയും എന്റെ അമ്മുവും

കൽക്കട്ട നാഷണൽ മ്യൂസിയത്തിലെ വിശാലമായ കാഴ്ച ലോകത്തിനിടയിലാണ് അപ്രതീക്ഷിതമായ ഒരു സഹായ അഭ്യർത്ഥന മുന്നിൽ വന്നുപെട്ടത്...
'ഈ മൊബൈലിലെ ക്യാമറ എടുക്കാൻ എന്നെ ഒന്ന് സഹായിക്കാമോ?'
ചോദ്യം പ്രായം ചെന്ന ഒരു വിദേശവനിതയുടേതായിരുന്നു
പെട്ടെന്ന് അമ്മു (അനന്തരവന്റെ മകൾ) മൊബൈൽ വാങ്ങി, നിമിഷനേരംകൊണ്ട് അവളത് ഓണാക്കി തിരികെ നൽകി.
ആറാം ക്ലാസുകാരി അമ്മുവിൻറെ തലയിൽ തലോടിക്കൊണ്ട്
'എന്നെ ടെക് ദൈവം അനുഗ്രഹിച്ചിട്ടില്ല' എന്ന് പുഞ്ചിരിയോടെ അവർ പറഞ്ഞു.
ചില നിമിത്തങ്ങൾ അങ്ങനെയാണ്, അറിയാതെ മുന്നിൽ വന്നുപെടും...
'ഞാൻ പട്രീഷ്യ ബർണാഡ്, ആസ്ട്രേലിയക്കാരിയാണ്' അവർ സ്വയം പരിചയപ്പെടുത്തി...
മോളെ നോക്കിക്കൊണ്ട് തുടർന്നു, കുട്ടികൾക്കായി കുറച്ചു കഥാപുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
പിന്നെ നോട്ടവും പറച്ചിലും എന്റെ മുഖത്തേക്കായിരുന്നു, ഒപ്പം കുറച്ചു നോവലുകളും....
ആസ്ട്രേലിയയിലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയാണ് ഇത്ര സിംപിളായി മുന്നിൽനിൽക്കുന്നത്... തിരിച്ചു പരിചയപ്പെടുത്താൻ ആകെയുള്ള ഒരു ഐഡൻറിറ്റി അധ്യാപിക എന്നതുമാത്രമായിരുന്നു.. അധ്യാപകർക്ക് ഒരുപക്ഷേ ആ സമൂഹം എത്രമാത്രം വില കൽപ്പിക്കുന്നു എന്ന് അവരുടെ മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാമായിരുന്നു
അതുകൊണ്ടാവണം അവർ കൂടുതൽ സംസാരിക്കാൻ തയ്യാറായത്
മുപ്പതോളം പുസ്തകങ്ങൾ അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ചില പുസ്തകങ്ങൾ കുട്ടികൾ കാണേണ്ട, നമ്മൾ മുതിർന്നവർക്കുള്ളതാണ്! പറഞ്ഞുകൊണ്ട് അവർ കണ്ണിറുക്കി...
ഈ കണ്ണിറുക്കലിന് എല്ലായിടത്തും ഒരേ അർത്ഥമാണോ? ആയിരിക്കും
മൊബൈൽ നന്നായി ഉപയോഗിക്കാനറിയാത്തതിന് മൂന്നു പെൺമക്കളും എന്നെ കളിയാക്കാറുണ്ട് എന്ത് ചെയ്യാം ടെക്നോളജി ദൈവത്തിന് എന്നോട് അത്ര ഇഷ്ടം പോര
തെല്ലു പരിഭവം ആ വാക്കുകളിലുണ്ടായിരുന്നോ..?
ഞങ്ങൾ കേരളത്തിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ തന്റെ കേരളയാത്ര ഓർത്തെടുത്തു.
രണ്ടു പ്രാവശ്യം അവർ കേരളം സന്ദർശിച്ചിട്ടുണ്ട്
കൽക്കത്തയിൽ ഇനിയും കാണാത്ത കാഴ്ചകളായ ലോകത്തിലെ ഏറ്റവും വലിയ ആൽമരം 'ദ ഗ്രേറ്റ് ബനിയൻ ട്രീ'യെക്കുറിച്ചും വിശ്വസാഹിത്യകാരൻ ടാഗോറിന്റെ ജന്മഗൃഹമായ 'ജൊറോ സാൻകോ'യെക്കുറിച്ചും പറഞ്ഞപ്പോൾ, സാകൂതം അവർ കേട്ടു നിന്നു...
നാളത്തെ യാത്ര ഈ സ്ഥലങ്ങളിലേക്ക് ആകാം എന്ന് പറയുകയും ചെയ്തു.
ഫിക്ഷനും നോൺഫിക്ഷനും യാത്രാവിവരണങ്ങളും ബാലകഥകളും ഒക്കെയായി നാല്പതോളം പുസ്തകങ്ങളുടെ രചയിതാവാണ് അവർ..
ആസ്ത്രേലിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ'ഒറീലിയൻ' അവാർഡിന് നോമിനേഷൻ ലഭിച്ചിട്ടുമുണ്ട്.
ന്യൂ സൗത്ത് വെയിൽസിൽ നിന്നും ക്യൂബയിലേയ്ക് പോകാൻ ആദ്യമായി അനുവാദം ലഭിച്ച ആൾ എന്ന പ്രത്യേകതയും പട്രീഷ്യയ്ക്കു സ്വന്തം.
തൻറെ എഴുപത്തിയേഴാം വയസ്സിലും ചുറുചുറുക്കോടെ ഒറ്റക്ക് യാത്ര ചെയ്യുകയാണ്...
മക്കളുടെയും കൊച്ചുമക്കളുടെയും ഒക്കെ കാര്യം മാത്രം നോക്കി ജീവിതം കഴിക്കുന്ന നമ്മുടെ സ്ത്രീകൾക്ക് ഇത്തരത്തിലൊക്കെ യാത്ര ചെയ്യാൻ പോയിട്ട് ചിന്തിക്കാൻപോലും എന്നാണ് കഴിയുക... മെയിൽ ഐഡി തന്ന് മോൾക്ക് വായിക്കാൻ കഥകൾ അയച്ചു തരാമെന്ന വാഗ്ദാനത്തോടെയാണ് മ്യൂസിയത്തിലെ കാഴ്ചകളിലേയ്ക്ക് അവർ തിരിഞ്ഞത്....
അതിനിടയിൽ ഞാൻ പിടിച്ച സെൽഫിപ്പടം കൂടി...

Wednesday, 6 March 2019

മുതുവല്ലൂർക്കാഴ്ചകൾ- 1

കാഴ്ചകൾ അവസാനിക്കുന്നില്ല......

നാട്ടിടവഴികളിലൂടെ,
മരങ്ങൾ തീർക്കുന്ന തണലാഴങ്ങളിലൂടെ,
അലസഗമനം നടത്തുന്ന തെളിനീർചാലിൻ്റെ കരയിലൂടെ,
ഉയർന്നുപൊങ്ങിയ പുൽക്കൂട്ടങ്ങൾക്കിടയിലൂടെ, പേരറിയുന്നതും അറിയാത്തതുമായ പൂക്കളുടെ നാടൻ ഭംഗിയിലൂടെ,
ഇളം തെന്നലിൻ്റെ കുളിർ തലോടലേറ്റ്, പള്ളിക്കൂടത്തിലേക്ക്,
ഒരു ഗ്രാമനടത്തം....

ഓർമ്മകൾ കുതിക്കുന്നു, 25 വർഷം പുറകിലേക്ക്... തോട് കടന്ന്, പാടവരമ്പിലൂടെ, പറമ്പിലൂടെ, പറങ്കിമാവിൻ കൂട്ടത്തിനിടയിലൂടെ
സൊറ പറഞ്ഞു നടന്ന ഒരുകാലം...
ഔദ്യോഗിക ജീവിതത്തിലെ ആദ്യ വർഷങ്ങൾ... ചെറാങ്കുത്തെന്ന നിഷ്കളങ്ക ഗ്രാമജീവിതം ഇരുകയ്യുംനീട്ടി ആശ്ലേഷിച്ച ജീവിതകാലം.
സ്നേഹിക്കാൻ മാത്രം അറിയുമായിരുന്ന
ഒരു നാടിൻ്റെ,
ഒരു ജനതയുടെ
ഹൃദയത്തിൽ വസിച്ചിരുന്ന കാലം.
സമാനമായ സാഹചര്യങ്ങളിലേക്ക് ഒരു പുനർ നടത്തം
ഇക്കുറിയും മലബാർ തന്നെ തട്ടകം
മുതുവല്ലൂർ എന്ന കൊച്ചു ഗ്രാമം ....
കുളിർമയുള്ള കാഴ്ചകൾസമ്മാനിച്ചുകൊണ്ട്

അതെ തുടങ്ങിയിട്ടേയുള്ളൂ, ഈ ഗ്രാമജീവിതം ഇനിയും ഒരുപാട് കാണാനുണ്ട്
അനുഭവത്തിലൂടെ പറയാനുമുണ്ട്
കാഴ്ചകൾ അവസാനിക്കുന്നേയില്ല.....

11.11.2018

Sunday, 3 March 2019

മട്ടാഞ്ചേരിയും രമേഷും അല്പം ചായവിശേഷവും

മലയാളിയുടെ പ്രഭാതശീലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചായ...
പലതരത്തിലുള്ള ചായ മലയാളിക്ക് പരിചിതവുമാണ്.
പാൽച്ചായയാണ് ഏറെ പ്രിയം
കട്ടൻചായപ്രിയരും കുറവല്ല
മലബാറിലെത്തിയാൽ പ്രിയം സുലൈമാനിക്ക് വഴിമാറും
പ്രഭാതത്തിൽ മാത്രമല്ല ഒരു നാലുമണിച്ചായയും നമ്മുടെ ഇഷ്ടങ്ങളിൽപ്പെട്ടതു തന്നെ.
ഏറെ ക്ഷീണം തോന്നുമ്പോഴും, തലവേദന അനുഭവപ്പെടുമ്പോഴും ഒരു ചായ നൽകുന്ന ആശ്വാസം ഒന്ന് വേറെ തന്നെ
മഴത്തണുപ്പിൽ ഇത്തിരി കപ്പയും കട്ടൻചായയും പതിവാണല്ലോ
വീട്ടിലെത്തുന്ന അതിഥിയെ ഒരു ചായ നൽകാതെ വിടാറില്ല; മലയാളി
മരണവീട്ടിൽ പോലും ചായ പതിവുണ്ട്
തീവണ്ടിയാത്ര യുടെ അടയാളമാണ് ചായ്ചായേ... എന്ന നീട്ടിയുള്ള വിളി

അത്രമേൽ മലയാളിയോട് ചേർന്നിരിക്കുന്നു ഈ പാനീയം....

എന്തിനാ ഇത്ര വലിയ മുഖവുര എന്നല്ലേ?

വ്യത്യസ്തമായ ചായരുചികൾ വിളമ്പുന്ന ഒരാളെ പരിചയപ്പെടുത്താം....

ചായയിൽ സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ച ആളാണ്
വി പി രമേഷ്
മട്ടാഞ്ചേരി ബസാർ റോഡിൽ വിൽപ്പനനികുതി ഓഫീസിനുസമീപം നടത്തുന്ന തൻ്റെ ചായക്കടയിൽ 14 തരം ചായയാണ് രമേശ് തയ്യാറാക്കി നൽകുന്നത്....
കട ചെറുതാണെങ്കിലും രുചിയുടെ  വലിപ്പം വളരെയേറെയാണ്....
രുചിയിലും ഗുണത്തിലും വിട്ടുവീഴ്ചചെയ്യാൻ രമേഷ് തയ്യാറുമല്ല....

മസാല ചായ, ഇഞ്ചിച്ചായ, ഏലം ചായ, വാനില ചായ, സുലൈമാനി, ചോക്ലേറ്റ് ചായ, കേരള ചായ, കൊച്ചിൻ ചായ....
അങ്ങനെ വൈവിധ്യമാർന്ന ചായക്കൂട്ടുകൾ....
പലതരം ചായ ലഭിക്കുന്ന മറ്റിടങ്ങളിൽ രുചിഭേദങ്ങൾക്കായി കൃത്രിമ എസെൻസുകൾ ഉപയോഗിക്കുമ്പോൾ, സ്വന്തമായി തയ്യാറാക്കുന്ന ചേരുവകളാണ് രുചിയുടെ രഹസ്യം എന്ന് ചിരിച്ചുകൊണ്ട് പറയും, ഇദ്ദേഹം...
ചായ ഉണ്ടാക്കുന്നതും സ്വന്തം കൈയാൽ.. പണിക്കായി ഇതുവരെ ആരെയും തൻ്റെ കടയിൽ നിയോഗിച്ചിട്ടുമില്ല.
ചായ ഉപഭോക്താക്കളിൽ നല്ലൊരുഭാഗം വിദേശികളാണ്
മലയാളിക്ക് ഏറെ പ്രിയപ്പെട്ടത് മസാല ചായയാണെങ്കിൽ, വിദേശികൾക്ക് പ്രിയം മറ്റ് ഇനങ്ങളോടാണ്.
മലയാളം- ഇംഗ്ലീഷ് പത്രങ്ങളിൽ മാത്രമല്ല, ബിബിസി യിലൂടെയും ഈ ചായ പെരുമ നാട്ടുകാർ അറിഞ്ഞിട്ടുണ്ട്...
ഒരിക്കൽ ഒരു കൂട്ടം വിദേശികൾ ഉച്ചവരെ സമയം ചെലവഴിച്ച് 14 തരം ചായയും രുചിച്ചുപോയ അനുഭവം സന്തോഷത്തോടെ രമേഷ് പങ്കുവച്ചു..
ഒരു പ്രാവശ്യം രുചിച്ച ഈ ചായ നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കണോ?
അതിനുമുണ്ട് രമേഷിൻ്റെ പരിഹാരം.
14 തരം രുചിയുടെയും ചായപ്പൊടി കവറിലാക്കി വില്പനക്ക് റെഡി
വാങ്ങാം, വീട്ടിൽപ്പോയി ചായ ഉണ്ടാകാം...
പക്ഷേ ചായയിലേയ്ക്ക് രമേഷ് പകരുന്ന കൈപ്പുണ്യം കൂടി വേണമെങ്കിൽ, അടുത്ത വണ്ടി പിടിച്ചോളൂ, മട്ടാഞ്ചേരിയിലേയ്ക്ക്..

Friday, 1 March 2019

ദേവസുന്ദരി

തിലോത്തമ..
സ്വർഗ്ഗലോകത്തിലെ ദേവനർത്തകിയെ പ്പോലെ സുന്ദരി ...
പക്ഷേ സ്വർഗ്ഗീയ സുഖം പോട്ടെ,
ഭൂമിയിലെ സാധാരണ ജീവിതം പോലും കയ്യെത്തി പിടിക്കാനാകാത്തവൾ...
അങ്ങകലെ വടക്കുകിഴക്കു നിന്നും
അശാന്തിയുടെ ദുരിതപർവ്വം താണ്ടി,
ഇങ്ങ് തെക്കേയറ്റം
സമാധാനത്തിൻ്റെ തുരുത്തിൽ എത്തിപ്പെട്ടവൾ....
തുന്നൽ പഠനത്തിനും
ഒപ്പം ജോലിയിലൂടെ വരുമാനത്തിനുമായി
ഏജൻറ് മുഖാന്തരം ആസ്സാമിൽ നിന്നും പുറപ്പെട്ട് തിരുപ്പൂരിൽ എത്തി.
കെണിയിൽ അകപ്പെടുമെന്ന് മനസ്സിലാക്കി, രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ ആറ് പെൺകുട്ടികളിൽ ഒരുവൾ..
ചെന്നൈയിലും എറണാകുളത്തുമുണ്ടായിരുന്ന ആസാം സ്വദേശികളുടെ സഹായത്തോടെ, കേരളത്തിൽ എത്തിയിട്ട് ഇപ്പോൾ 10 മാസം.
ഹോസ്റ്റലിൽ താമസിച്ച്, ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നു...
ആ മുഖത്തിപ്പോൾ ആശ്വാസത്തിൻ്റെ പുഞ്ചിരി...
'സുഖമാണോ ദീദീ' എന്ന ചോദ്യത്തിൽ സ്നേഹത്തിൻ്റെ പൂത്തിരി..
ഒഴുക്കില്ലാത്ത ഹിന്ദിയിൽ എൻറെയും തപ്പിത്തടഞ്ഞ മലയാളത്തിൽ തിലോത്തമ യുടെയും
സൗഹൃദം വളരുകയാണ്....

Wednesday, 27 February 2019

പുതുവർഷം

*2018 നെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്നു*

ഏറെ ഇഷ്ടപ്പെട്ട ഒരു വർഷം
ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ച വർഷം

പ്രകൃതി ക്ഷോഭങ്ങളെ ഒരുമിച്ച് കൈകോർത്ത് നേരിടാൻ മലയാളി പഠിച്ച കാലം
ഏതു ദുരിതത്തേയും ദുരന്തത്തേയും നേരിടാൻ കരുത്തുള്ള നേതൃത്വം ഉണ്ടെന്ന് തെളിഞ്ഞ കാലം
പുതുതലമുറയുടെ ത്യാഗോജ്ജ്വല പ്രവർത്തനത്തെ മുതിർന്നവർ അംഗീകരിച്ച കാലം
തിരുവനന്തപുരത്തുകാർ പിശുക്കരല്ല എന്ന് പറയിച്ച കാലം
എന്തിനും പോന്ന ഒരു നാവികസേന കേരളത്തിനു മാത്രം സ്വന്തം എന്ന് വെളിവായ കാലം
സേവനത്തോടൊപ്പം ഒരുകൂട്ടർ വേതനവും നൽകുന്നത് കണ്ട കാലം
രണ്ടാം നവോത്ഥാനത്തിന് സമയമായി എന്ന് വിളിച്ചറിയിച്ച കാലം
വിദ്യാലയങ്ങൾ ഹൈടെക് ആകുന്നത് നേരിട്ടനുഭവിച്ച കാലം
ആണധികാരത്തിൻ്റെ താരശോഭയിലേയ്ക് ആഞ്ഞുവീശിയ പെൺകൂട്ടായ്മയുടെ കാലം

വ്യക്തി എന്ന നിലയിലും ഇത് നന്മയുടെ വർഷം
വായനയ്ക്കും പഠനത്തിനും മാത്രമല്ല എഴുത്തിനും ഏറെ സമയം കണ്ടെത്തിയ കാലം
എഴുത്തിന് സ്വന്തമായ ഒരു ശൈലി വരഞ്ഞെടുത്ത കാലം
ക്ലാസ് റൂം അധ്യാപനത്തോടൊപ്പം മറ്റ് ക്ലാസ്സുകൾക്കും സമയം കണ്ടെത്തിയ കാലം
ഏറെക്കാലത്തിനുശേഷം നേരിട്ടും മുഖ പുസ്തകത്തിലൂടെയും നല്ല സുഹൃത്തുക്കളെ ചേർത്തുവെക്കാൻ കഴിഞ്ഞകാലം

ഈ നന്മയുടെ വെളിച്ചത്തിൽ....             പ്രതീക്ഷയോടെ....
                    
                   *2019നായി.....*