Friday, 29 July 2022

മംഗളം ആഴ്ചപ്പതിപ്പും മലയാളിയുടെ വായനയും.....

 അന്തിച്ചന്ത, ഗ്രാമത്തിലെ ഏറ്റവും സജീവമായ വിപണനകേന്ദ്രം. വൈകുന്നേരം നാലുമണിയോടെ, പതിയെപ്പതിയെ ആലസ്യം വിട്ടെഴുന്നേറ്റ്, കലപിലകൂട്ടി ഒരു ഗ്രാമത്തെ മുഴുവൻ ഉൾക്കൊണ്ടിരുന്ന ഗ്രാമീണ ചന്ത...

കുപ്പിവള, കണ്മഷി, ചാന്ത് പൊട്ട്, സോപ്പ്, ചീപ്പ്, കണ്ണാടി തുടങ്ങി ലൊട്ട് ലൊടുക്കു സാധനങ്ങൾ വിറ്റിരുന്ന അണ്ണാച്ചിയുടെ ഒരു ഓല ഷെഡ് ചന്തയുടെ ഏതു കോണിൽ നിന്നു നോക്കിയാലും കാണുന്ന ഭാഗത്തായിരുന്നു. ഷെഡ്ഡിലെ ഇരു തൂണുകളേയും ബന്ധിച്ചു കൊണ്ട് കെട്ടിയിരുന്ന ചരടിൽ തൂങ്ങിയാടിയിരുന്ന ചില വാരികകളും അണ്ണാച്ചിയുടെ കടയിലെ മാത്രം പ്രത്യേകതയാണ്. സൗന്ദര്യവർധകവസ്തുക്കളോടൊപ്പം പെൺമനം കവർന്ന വയിൽ പ്രധാനിയായിരുന്നു *മംഗളം* ആഴ്ചപ്പതിപ്പ്. 


കണങ്കാലിന് മുകളിലെത്തുന്ന പാവാടയുടുത്ത് കാറ്റിലാടിക്കളിക്കുന്ന നെല്ലോലകളുടെ ഇടയിലുള്ള വരമ്പത്തൂടെ ഈ പെൺകൊടിമാർ വീട്ടിലേക്ക് മടങ്ങുമ്പോൾ, തലയിലെ പനയോലപ്പെട്ടിയിൽ ചുരുട്ടി ഇറക്കിവെച്ച രൂപത്തിൽ മംഗളം വാരികയും സ്ഥാനം പിടിച്ചു. രാത്രി അത്താഴത്തിനുള്ള മീൻകറി അടുപ്പത്ത് തിളക്കുമ്പോൾ  ത്രസിക്കുന്ന ഹൃദയവുമായി മണ്ണെണ്ണ വിളക്കിന്റെ മുനിഞ്ഞ വെളിച്ചത്തിലവർ സുധാകർ മംഗളോദയത്തിനേയും ജോയ്സിയേയുമൊക്കെ ആഹരിച്ച് വയറുനിറച്ചു. 

അമ്മമാരുടെ പ്രാക്കിനെ വകവയ്ക്കാതെ, വിളക്കിന്റെ തിരി താഴ്ത്തി, രാവേറെ ചെല്ലുവോളം കോട്ടയം പുഷ്പനാഥിനെയോ ബാറ്റൺ ബോസിനെയോ വായിച്ചു പേടിച്ചു. 

പിറ്റേദിവസം മുതൽ തെക്കേലും വടക്കേലും പുത്തൻവീട്ടിലുമൊക്കെ മാറി മാറി മംഗളം വിരുന്നു പോയി. 

ഇതിലെ നോവലുകൾ വായിച്ച് പെൺകുട്ടികൾ പകൽക്കിനാവ് കണ്ടു. നോവലിനോടൊപ്പം വരച്ചു ചേർത്തിരുന്ന ചിത്രങ്ങളിലെ നായികമാരുടെ സൗന്ദര്യം കണ്ട് കന്യകമാർ അസൂയപ്പെട്ടു. മെലിഞ്ഞു നീണ്ട ശരീരവും മുട്ടോളമെത്തുന്ന മുടിയും നാണിച്ചു കൂമ്പിയ മുഖവും കേരളീയ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമാക്കപ്പെട്ടു...


മറ്റൊരു വാരികയ്ക്കും സങ്കൽപ്പിക്കാനാകാത്തത്ര പ്രചാരണവും (1985 ൽ 17 ലക്ഷം) അംഗീകാരവുമാണ് മംഗളത്തിനു ലഭിച്ചത്.

പൈങ്കിളി സാഹിത്യമെന്നും 'മ' പ്രസിദ്ധീകരണങ്ങളെന്നും വിളിച്ച് യുവജനപ്രസ്ഥാനക്കാർ ഇത്തരത്തിലുള്ള വാരികകളെ കടന്നാക്രമിച്ചപ്പോഴും അവയുടെ പ്രസക്തി നഷ്ടപ്പെട്ടില്ല. മറ്റു വിനോദങ്ങൾക്കൊന്നും അവസരം നൽകാതെ സ്ത്രീകളെ വീടിനുള്ളിൽ തളച്ചിട്ടപ്പോൾ അവർ തങ്ങൾക്ക് ലഭിച്ച ഈ വായനാനുഭവം നെഞ്ചേറ്റുകയായിരുന്നു. ഒരുകാലത്ത് സ്കൂളിൽ നിന്നും ലഭിച്ച അക്ഷരവെട്ടം മാഞ്ഞ് പോകാതെ തെളിഞ്ഞു നിന്നത് തങ്ങളുടെ പ്രിയപ്പെട്ട മംഗളത്തിലൂടെയായിരുന്നു എന്ന് അവരിന്ന് ചാരിതാർത്ഥ്യത്തോടെ പറയുന്നു. മംഗളത്തിലൂടെ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും മുതിർന്നവരറിയാതെ സ്കൂൾ കുട്ടികൾ പോലും വായനയുടെ ലോകത്തേയ്ക്ക് നടന്നു. 

അന്നൊക്കെ ഒരു തുണ്ട് പേപ്പറിന് ആവശ്യം വന്നാൽ പലപ്പോഴും ലഭിച്ചിരുന്നത് മംഗളം വാരികയുടെ പേജുകളായിരുന്നു. എന്തായാലും ഇന്നത്തെ സീരിയലുകൾ ചെയ്യുന്നത്ര ദോഷമൊന്നും ഈ വാരികയിലൂടെ ഉണ്ടായിട്ടുണ്ട് എന്ന് കരുതുക വയ്യ.


1969ൽ എം സി വർഗീസ് തുടങ്ങിയ വാരിക 80-കളിൽ ഒരു രൂപയ്ക്ക് വാങ്ങിയ ഓർമ്മ ഇപ്പോഴുമുണ്ട്. പുസ്തകക്കടയിൽ ചികഞ്ഞ്, അവസാന ലക്കം വാങ്ങി.  ഏപ്രിൽ ആദ്യലക്കത്തോടെ അച്ചടി നിർത്തിപ്പോയി എന്ന് കേട്ടപ്പോൾ ഒരു വിഷമം..

ഇനി ഓൺലൈനിൽ മാത്രം..

മാറുന്ന കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാതെ ഒന്നിനും നിലനിൽക്കാനാവില്ല എന്നതല്ലേ സത്യം...

നഷ്ടവസന്തത്തിന്റെ മെരിലാൻഡ് നിശ്വാസം…

 കറങ്ങുന്ന ഭൂമിയുടെ മുകളിൽ മയിലിനോടൊപ്പം കുഞ്ഞു വേൽമുരുകൻ… 

ഉയർന്നുയർന്നു വരുന്ന ഈ ചിത്രത്തിൽ തെളിയുന്ന അക്ഷരങ്ങൾ, 

  

നീല പ്രൊഡക്ഷൻസ്  

അവതരിപ്പിക്കുന്ന…  

 

വെള്ളിത്തിരയിൽ തെളിഞ്ഞു കണ്ട ഈ രംഗത്താൽ സിനിമാ പ്രേക്ഷകർ കോൾമയിർ കൊണ്ടു.  

തിരുവനന്തപുരം നേമത്തെ മെരിലാൻഡ് സ്റ്റുഡിയോയിൽ നിന്നും അങ്ങനെ എത്രയോ ചിത്രങ്ങൾ പിറവികൊണ്ടു. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ആദ്യ ദശകങ്ങൾ...

 മലയാളി പ്രേക്ഷകർ ആഘോഷത്തോടെ വരവേറ്റ ഒരു സിനിമാക്കാലം കൂടിയാണത്. 

ആലപ്പുഴ ഉദയാ സ്റ്റുഡിയോയോടൊപ്പം മലയാളസിനിമയുടെ വളർച്ചയ്ക്ക് മുഖ്യ പങ്കു വഹിച്ച മെരിലാൻഡ് സ്റ്റുഡിയോ, നഷ്ടപ്രതാപത്തിന്റെ ദീപ്തസ്മരണയുണർത്തി സ്റ്റുഡിയോ റോഡിൽ ഇപ്പോഴും നിലകൊള്ളുന്നു. 

വെള്ളായണി ജംഗ്ഷനിൽ നിന്നും പൂഴിക്കുന്നിലേക്കുള്ള റോഡ് തന്നെ സ്റ്റുഡിയോ റോഡായത് മെരിലാന്റിന്റെ സാന്നിധ്യത്താലായിരുന്നു.  

 

1951 ൽ പി സുബ്രഹ്മണ്യൻ സ്ഥാപിച്ചത് മുതൽ 1979 വരെ തുടർച്ചയായി സിനിമാ നിർമ്മാണം നടന്നിരുന്നു ഇവിടെ. മലയാള സിനിമ കോടമ്പാക്കത്തു നിന്നും 1947ൽ കുഞ്ചാക്കോ ആലപ്പുഴയിൽ തുടങ്ങിയ ഉദയായിലൂടെയാണ് കേരളക്കരയിലേക്കെത്തിയത്. കോടമ്പാക്കത്തും ഉദയായിലുമായി മലയാള സിനിമ കെട്ടുപിണഞ്ഞു കിടന്ന കാലത്തായിരുന്നു മെരിലാന്റിന്റെ ഉദയം. 

1952 ൽ പി സുബ്രഹ്മണ്യൻ നിർമ്മിച്ച ആത്മസഖി എന്ന കോമഡി സിനിമയിൽ തുടങ്ങി എത്രയെത്ര സിനിമകൾ ഇവിടെ ചിത്രീകരിച്ചു...

 ശ്രീമുരുകൻ, ശ്രീഗുരുവായൂരപ്പൻ, സ്വാമി അയ്യപ്പൻ, സ്നാപകയോഹന്നാൻ തുടങ്ങി പൗരാണിക സിനിമകളും അധ്യാപിക, പട്ടു തൂവാല, വണ്ടിക്കാരി തുടങ്ങി സാമൂഹിക സിനിമകളും ഇവിടെ നിന്നും ജനഹൃദയങ്ങളിലേക്കിറങ്ങിവന്നു. ഏറ്റവും നല്ല സിനിമയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി നേടിയത് 1969 ൽ ഇവിടെ നിന്നും പുറത്തിറങ്ങിയ കുമാരസംഭവം എന്ന സിനിമയാണ്. 

ശാരദയും ശ്രീവിദ്യയും മിസ്കുമാരിയും ജയഭാരതിയും തിരുവിതാംകൂർ സഹോദരിമാരും ഷീലയും നസീറും സത്യനും മധുവുമൊക്കെ ഈ സ്റ്റുഡിയോയിൽ തയ്യാറാക്കപ്പെട്ട സെറ്റുകളിൽ മത്സരിച്ചഭിനയിച്ചു. പ്രശസ്ത നടി കെ വി ശാന്തി അറിയപ്പെട്ടതു തന്നെ മെരിലാൻഡ് ശാന്തി എന്നായിരുന്നു. അവിടത്തെ ഓരോ മണൽത്തരിക്കും പങ്കുവെക്കാനുണ്ടാകും തങ്ങളുടെ പ്രിയ താരങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ. 

ചുറ്റുപാടും താമസിച്ചിരുന്ന ജനങ്ങളുടെ ജീവിതം പോലും സ്റ്റുഡിയോയുമായി ഇഴചേർന്നു കിടന്നു. അവരിൽ പലരും സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട പലവിധ മേഖലകളിൽ കഴിവ് തെളിയിച്ചു.  

 

സ്റ്റുഡിയോക്കുള്ളിൽ നിന്നും സിനിമ പുറത്തിറങ്ങിയതോടെ മെരിലാൻഡിന്റെ പ്രതാപം മങ്ങിത്തുടങ്ങി. പലപ്പോഴായി നിർമ്മിക്കപ്പെട്ട പ്രതിമകളുടെയും സെറ്റുകളുമായി ബന്ധപ്പെട്ട വസ്തുക്കളുടെയും ചില അവശിഷ്ടങ്ങൾ ഗതകാലസ്മരണകൾ ഉണർത്തി ഇന്നും അവശേഷിക്കുന്നു. 1979 ൽ പുറത്തിറങ്ങിയ ഹൃദയത്തിൻറെ നിറങ്ങളാണ് അവസാനമായി ഇവിടെ ചിത്രീകരിച്ചത്. അതേ വർഷം പി സുബ്രഹ്മണ്യൻ മരിച്ചതോടെ സ്റ്റുഡിയോയുടെ പ്രതാപവും നഷ്ടപ്പെട്ടു. 

 

കുറച്ചുകാലമായി ചില സീരിയൽ ഷൂട്ടിംഗും ഒരു എഡിറ്റിംഗ് സ്റ്റുഡിയോയുമാണ് മെരിലാൻഡിൽ ആളനക്കത്തിന് കാരണമാകുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയുടെ ചിത്രീകരണം നടക്കുന്നത് ഇവിടെയാണ്. ഒരു ട്രസ്റ്റിന്റെ കീഴിലാണ് ഇപ്പോൾ സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. 

 

2019 ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയുടെ പ്രൊഡക്ഷൻ കമ്പനികളിൽ ഒന്ന് മെരിലാൻഡ് സ്റ്റുഡിയോ ആയിരുന്നു.  2002 ൽ തുടങ്ങിയ മെരിലാൻഡ് സിനിമ കമ്പനിയുടെ പേരിൽ ഇപ്പോൾ സിനിമാനിർമ്മാണം പുനരാരംഭിച്ചിട്ടുണ്ട്. ബോക്സ് ഓഫീസിൽ വിജയിച്ച ഹൃദയമാണ് ഈ ബാനറിൽ പുറത്തിറങ്ങിയ ആദ്യ സിനിമ.  

 

പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താനായില്ലെങ്കിലും പുതിയ ശ്രമങ്ങൾ പ്രതീക്ഷ നൽകുന്നവ തന്നെയാണ്. മലയാള സിനിമയുടെ ഒരു പ്രധാന ഘട്ടം കടന്നുപോയ ഈ സ്റ്റുഡിയോയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവരിൽ ചിലർ പ്രായമായെങ്കിലും ഇപ്പോഴുമുണ്ടാകും. അവരുടെ ഓർമ്മകളും അനുഭവങ്ങളും ശേഖരിച്ച് കാത്തുവയ്ക്കണം, അടുത്ത തലമുറയ്ക്കായി. കാടുപിടിച്ചു കിടക്കുന്ന സ്റ്റുഡിയോ കോമ്പൗണ്ട് സിനിമയുമായി ബന്ധപ്പെട്ട പലതരത്തിലുള്ള പരിശീലനത്തിനും പഠനത്തിനും ഒപ്പം ഗവേഷണത്തിനുമടക്കം പ്രയോജനപ്പെടുത്തിയാൽ സിനിമാ വിദ്യാർത്ഥികൾക്കും സിനിമാ പ്രേമികൾക്കും സന്തോഷമാകും എന്ന കാര്യത്തിലും 

തർക്കമില്ല…