Friday, 26 April 2024

തണൽ വിരിയുന്ന വഴിത്താരകൾ - 2

 














പരിശ്രമം ചെയ്യുകിലെന്തിനേയും...

കളമശ്ശേരിയിലെ ആ ചെറിയ വാടകവീട്ടിലിരുന്ന് സുമതി കുമാരന്റെ മനസ്സ് തുഴയുകയാണ്, ചേരാനല്ലൂരിലെ ഇടയക്കുന്നം പുഴയിലൂടെസ്വന്തമായി നിർമ്മിച്ച് വെള്ളത്തിലിറക്കിയ ആ ചങ്ങാടം ഇപ്പോഴും മനസ്സിലുണ്ട്. കാൽപാദത്തിലെ എല്ലൊടിഞ്ഞതിൽ പ്ലാസ്റ്ററിട്ട് നടക്കാനാകാതെ മകളുടെ വീട്ടിൽ വിശ്രമത്തിലാണിപ്പോൾ. റോഡിൻറെ വശത്തുണ്ടായിരുന്ന സ്ലാബിൽ ചെറുതായെന്ന് കാൽ തട്ടിയതാണ്. എത്രയും വേഗം നടക്കാനായാൽ തന്റെ ചങ്ങാടവുമായി പുഴയിൽ ഇറങ്ങാനുള്ള ആവേശമാണ് മനസ്സു നിറയെ. ഏറെ ആവേശം തരുന്നതാണ് സുമതി ചേച്ചിയുടെ കഥ. കർമ്മോത്സുകരായ് കടമകൾ ചെയ് വിൻ സമ്മാനങ്ങൾ കൊതിച്ചീടാതെ എന്ന് കവി പാടിയതു പോലെയാണ് അവരുടെ പ്രവർത്തനങ്ങൾ. തൻറെ പ്രവൃത്തിയിലൂടെ ഒരാൾക്കെങ്കിലും മനം മാറ്റമുണ്ടായാൽ അത് ഏറ്റവും വലിയ കാര്യമായി കരുതുന്ന ആളാണ് 62 കാരിയായ സുമതി കുമാരൻ.

 

വളരെ പാവപ്പെട്ട ഒരു കുടുംബത്തിലെ അംഗമായിരുന്നു സുമതി. വിവാഹശേഷവും സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റമൊന്നും ഉണ്ടായില്ല. ഭർത്താവ് കുമാരൻ കാര്യമായ പണിക്കൊന്നും പോയിരുന്നില്ല. സ്വയം പണിയെടുത്ത് കുടുംബം പോറ്റേണ്ട ബാധ്യതകൂടി വിവാഹശേഷം സുമതിയുടെ ചുമലിലായി. എല്ലുകൾ പെട്ടെന്ന് ഒടിഞ്ഞുപോകുന്ന അസുഖമുള്ളയാളാണ് സുമതി. ഈ അസുഖത്തിനിടയിലും കെട്ടിടം പണിക്ക് പോകാതെ നിവൃത്തിയുണ്ടായിരുന്നില്ല. ഭർത്താവ് കൂടെ ഉണ്ടായിരുന്ന കാലത്തും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ കാലത്തും കുട്ടികളെ വളർത്താൻ ഇവർ തന്നെ പണിയെടുക്കേണ്ടി വന്നു. അതിനായി കണ്ടെത്തിയതാണ് കെട്ടിടം പണിക്ക് കയ്യാളാവുക(helper) എന്നത്. ശ്വാസംമുട്ടലും നടുവേദനയും കൂട്ടിനെത്തിയതോടെ ആ പണി ചെയ്യാനാവാതായി. ആയിടെയെയാണ് ചേരാനല്ലൂർ പഞ്ചായത്ത് വീടുകളിൽ നിന്നും മാലിന്യ ശേഖരണം ആരംഭിച്ചത്. അന്ന് വാതിൽപ്പടി മാലിന്യ ശേഖരണത്തിന് ആളെ കിട്ടുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ജീവിക്കാൻ മറ്റൊരു മാർഗവുമില്ലാതിരുന്ന ആ കാലത്ത് മാലിന്യ ശേഖരണത്തിനായി കൂടെ ചേരുക മാത്രമേ ഒരു പോംവഴിയായി സുമതിയുടെ മുന്നിലുണ്ടായിരുന്നുള്ളൂ. അങ്ങനെ 2016-ൽ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ജോലിക്ക് ചേർന്നു. ഈ ജോലിയിലൂടെയാണ്, 2019-, ഹരിതകർമ്മസേനാംഗമായി മാറിയത്. അജൈവ മാലിന്യ ശേഖരണത്തിനിടയിൽ കിട്ടിയിരുന്ന ചില വസ്തുക്കൾ സുമതിയെ വല്ലാതെ മോഹിപ്പിച്ചു. അവയൊക്കെ ഉപയോഗിച്ച് എല്ലായ്പ്പോഴും പുതിയ വസ്തുക്കൾ നിർമ്മിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഉള്ളിലെവിടെയോ ഉറങ്ങിക്കിടന്നിരുന്ന കലാവാസന ചെറുപ്പത്തിൽ രക്ഷിതാക്കൾ തിരിച്ചറിഞ്ഞില്ല. പിന്നീട് ജീവിതത്തിലേക്ക് കടന്നുവന്ന പങ്കാളിക്കും അതിനു കഴിഞ്ഞില്ല. എന്നും കൂട്ടായുണ്ടായിരുന്ന മോശം സാമ്പത്തികാവസ്ഥയും ഇതിനൊന്നും അവരെ അനുവദിച്ചില്ല. പലപ്പോഴായി കൈയും കാലുമൊക്കെ ഒടിഞ്ഞു കിടന്നിരുന്ന അവസരത്തിൽ, ആദ്യ പരീക്ഷണം നടത്തിയത് സ്വന്തം എക്സ് റേ ഫിലിമുകളിൽ ആയിരുന്നു. ഈ എക്സറേ ഷീറ്റുകൾ ഉപയോഗിച്ച് മനോഹരമായ പൂക്കൾ നിർമ്മിച്ചു കൊണ്ടായിരുന്നു സുമതി തൻറെ മനസ്സിലെ ആഗ്രഹങ്ങൾ പൂർത്തീകരിച്ചത്. തുടർന്ന് തന്റെ പേരക്കുട്ടിയായ ഗൗതം ദേവക്ക് സ്കൂളിൽ കൊണ്ടുപോകാൻ പൂക്കളും ചിത്രശലഭങ്ങളും മറ്റു ചില വസ്തുക്കളും നിർമ്മിച്ചു നൽകി. ഈ പൂക്കളുടെ മനോഹാരിത കണ്ട് ചിലരൊക്കെ ആവശ്യക്കാരായെത്തി. സെമിത്തേരിയിലും മറ്റും വയ്ക്കുന്നതിനാണ് അവർ പൂക്കൾക്ക് ഓർഡർ നൽകിയത്. ആസ്റ്റർ മെഡിസിറ്റിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന സഹോദരി ഓമന കൊണ്ടുവന്നു നൽകിയ ഉപയോഗശൂന്യമായ എക്സറേ ഷീറ്റുകൾ അങ്ങനെ മനോഹരങ്ങളായ പൂക്കളായി വിടർന്നു. പൂക്കളും പൂപ്പാത്രങ്ങളും മറ്റു ചില അലങ്കാരവസ്തുക്കളുമൊക്കെ ഈ കാലഘട്ടത്തിൽ സുമതി തയ്യാറാക്കിയിരുന്നു. ചില്ലറ നാണയത്തുട്ടുകളും ആയിനത്തിൽ സുമതിക്ക് ലഭിച്ചിട്ടുണ്ട്. ജോലിക്കൊന്നും പോകാൻ കഴിയാതിരുന്ന ആ കാലഘട്ടത്തിൽ ഒരു ചെറിയ ആശ്വാസം ഇതിലൂടെ കണ്ടെത്താനും അവർക്ക് സാധിച്ചു.

 

ജീവിതത്തിലെ ഏതു പ്രയാസങ്ങൾക്കിടയിലും മനസ്സിനെ കുളിരണിയിപ്പിക്കുന്ന ചില ബാല്യകാല  ഓർമ്മകൾ എല്ലാവർക്കും ഉണ്ടാകുമല്ലോ. ഇടയക്കുന്നം പുഴയിൽ നീന്തിത്തുടിച്ചതും കക്ക വാരിയതും മീൻ പിടിച്ചതുമൊക്കെ സുമതിയും ഇടയ്ക്കിടെ ഓർക്കാറുണ്ട്. അന്ന് കിട്ടിയ മീനും കക്കയുമൊക്കെ ഒരുതരത്തിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സഹായിച്ചിരുന്നു എന്നതും ഒരു സത്യമായിരുന്നു. കണ്ണീരു പോലെ തെളിഞ്ഞ വെള്ളമുണ്ടായിരുന്ന ആ പുഴയുടെ ഇന്നത്തെ അവസ്ഥ വളരെ മോശമാണ്. സ്വന്തമായി നിർമ്മിച്ച ഒരു വള്ളത്തിൽ പുഴയുടെ അക്കരെയിക്കരെ തുഴഞ്ഞു നടക്കുന്നത് ഒരു സ്വപ്നം പോലെ സുമതി കൊണ്ടുനടന്നു. നീന്താൻ പോയിട്ട് കാലു കഴുകാൻ പോലും ഇപ്പോൾ ആ വെള്ളം ഉപയോഗിക്കാനാവില്ല. 2018ലെ വെള്ളപ്പൊക്കം കൂടിയായപ്പോൾ സംഗതി ഒന്നു കൂടി മോശമായി. കണക്കിൽ കവിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പുഴയിലൂടെ ഒഴുകിയെത്തിയതും കരയ്ക്കടിഞ്ഞതും. ഇതുകൂടി കണ്ടപ്പോൾ ആഗ്രഹം ഒന്നു കൂടി ബലപ്പെട്ടു. തുഴഞ്ഞുപോവുക മാത്രമല്ല കഴിയുന്നിടത്തോളം ഈ മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും മോഹിച്ചു.  ഹരിതകർമ്മസേനയിൽ എത്തിയതോടെ ഇഴഞ്ഞു നടന്നിരുന്ന മോഹങ്ങൾക്കു ചിറകു വന്നു. പാഴ്വസ്തുക്കൾ ഉപയോഗിച്ച് പലപല കൗതുക വസ്തുക്കളും ഉണ്ടാക്കിയിരുന്ന ശീലം ഒന്നുകൂടി വർദ്ധിച്ചു. കുടുംബശ്രീയിൽ നിന്നും ഹരിതകർമ്മസേനാംഗം എന്ന നിലയിലും ലഭിച്ച പരിശീലനങ്ങൾ സുമതി കുമാരനിലെ ആത്മവിശ്വാസം വളർത്തി. സ്വന്തമായി എന്തെങ്കിലും ചെയ്യാനാകുമെന്ന ചിന്ത കൂടിക്കൂടി വന്നു. വാഴത്തട ചേർത്തു കെട്ടി പുഴയിലൂടെ തുഴഞ്ഞു നടന്നിരുന്ന കുട്ടിക്കാലം പലപ്പോഴും ഓർമ്മയിലേക്ക് തെളിഞ്ഞുവന്നു. പാഴ് വസ്തുക്കൾ ഉപയോഗിച്ച് അതുപോലെ ഒരു വഞ്ചി ഉണ്ടാക്കിയാലോ എന്ന തന്റെ ചിന്ത കൂട്ടുകാരുമായി പങ്കുവച്ചു. പക്ഷേ കൂടെച്ചേരാൻ ആരുമുണ്ടായില്ല. ഒരു പുതിയ സംരംഭം ഏറ്റെടുക്കാൻ പൊതുവേ മടിയുള്ളവരാണല്ലോ സ്ത്രീകൾ. എന്നിരുന്നാലും അവരൊന്നും തന്നെ സുമതികുമാരനെ നിരുത്സാഹപ്പെടുത്തിയില്ല. ആകെ ഒരു സെൻറ് മാത്രമുണ്ടായിരുന്ന സ്ഥലത്തെ കുഞ്ഞു വീടിനുള്ളിലെ കട്ടിലിനടിയിൽ ശേഖരിച്ചുവച്ചിരുന്ന ഒട്ടനവധി വസ്തുക്കളിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ പുറത്തെടുത്തു. മൂന്നെണ്ണം വീതം ചേർത്ത് കെട്ടി, സെല്ലോ ടേപ്പ് ഒട്ടിച്ചു. അവയെല്ലാം ചേർത്തുവച്ച് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു. അതിനു മുകളിൽ കയറി ഇരുന്നപ്പോൾ ഒരു വശം മുഴുവനും ചുളിഞ്ഞു പോയി. തൽക്കാലം ആ ശ്രമം ഉപേക്ഷിക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. 

 

 ജീവിതവും ചേരാനല്ലൂർ പുഴ പോലെ നിറഞ്ഞും മെലിഞ്ഞും ഒഴുകിക്കൊണ്ടിരുന്നു. ഈ വർഷം(2024) റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരു മത്സരം ഹരിതകർമ്മസേനാംഗങ്ങൾക്കായി നടത്തുന്നുണ്ട് എന്നറിഞ്ഞപ്പോൾ സുമതിയുടെ മോഹം വീണ്ടും ചിറകു വിടർത്തി. മത്സരത്തിനു വേണ്ടിയെന്നായപ്പോൾ മറ്റ് അംഗങ്ങൾ ഉത്സാഹിപ്പിച്ചു. വാർഡ് മെമ്പറും സഹപാഠിയുമായ ബെന്നി ഫ്രാൻസിസും ഹരിതകേരളം മിഷൻ ആർ പി ആയ ആഷ്ന ജിബിനും പ്രോത്സാഹനവുമായി കൂടെ ചേർന്നു.  കുറേശ്ശെയായി പണി തുടങ്ങി. പണം കൊടുത്തു വാങ്ങിയത് രണ്ട് റോൾ സെല്ലോടേപ്പ്, ആകെ ചെലവ് 80 രൂപ.

 

ഓരോ ദിവസവും തന്റെ ജോലി കഴിഞ്ഞു വന്നതിനുശേഷമാണ് വഞ്ചിയുണ്ടാക്കുന്ന പണി സുമതി ചെയ്തിരുന്നത്. നേരത്തെ കുപ്പിവെള്ളത്തിൻ്റെ കുപ്പികളാണ് സുമതി ഉപയോഗിച്ചത്. അതിന് ബലക്കുറവ് അനുഭവപ്പെട്ടതിനാൽ തവണ കുറച്ചു കൂടി കട്ടിയുള്ള സോഡാ ബോട്ടിലുകൾ ഉപയോഗപ്പെടുത്തി. രാത്രി വീട്ടിലിരുന്ന് കുപ്പികൾ പരസ്പരം കൂട്ടിക്കെട്ടി സെല്ലോ ടേപ്പ് വച്ച് ഒട്ടിച്ചെടുത്തു. പഴയ ബെഡ് കവറിനകത്തേക്ക് കയറ്റി ഇവ അടുക്കിവെച്ചു. അങ്ങനെയുള്ള മൂന്ന് തട്ടുകളാക്കി, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞ് ചങ്ങാടത്തിന്റെ മാതൃകയിലാക്കി. ഏകദേശം നൂറോളം കുപ്പികളാണ് ഈ ചങ്ങാട നിർമ്മാണത്തിന് ആവശ്യമായി വന്നത്. ഫ്രിഡ്ജിനകത്ത് ഉപയോഗിക്കുന്ന തെർമോകോൾ ഒരു ആക്രിക്കടയിൽ നിന്ന് സംഘടിപ്പിച്ച് ഇരിക്കാനുള്ള സീറ്റുമാക്കി. അങ്ങനെ ജനുവരി 26ന് വൈകുന്നേരം സുമതി കുമാരന്റെ വഞ്ചി ചേരാനല്ലൂർ പുഴയിലിറങ്ങി. പഞ്ചായത്ത് പ്രസിഡന്റും മെമ്പർമാരും ഹരിതകർമ്മ സേനാംഗങ്ങളും കുടുംബശ്രീയും ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം ഒരു വലിയ ജനക്കൂട്ടം ഈ കാഴ്ച കാണാൻ അവിടെ എത്തിയിരുന്നു. കൂടി നിന്നവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് സുമതി കുമാരൻ അക്കരെയിക്കരെ തുഴഞ്ഞു വന്നു. തുടർന്ന് പേരക്കുട്ടിയെയും വാർഡ് മെമ്പറേയും ഒപ്പം കയറി. അവിടെനിന്നങ്ങോട്ട് അഭിനന്ദപ്രവാഹമായിരുന്നു സുമതിക്ക് ലഭിച്ചത്.

 

എന്നാൽ അവിടം കൊണ്ടിത് അവസാനിപ്പിക്കാൻ അവർ തയ്യാറായിരുന്നില്ല. പുഴയിൽ തുഴഞ്ഞു നടന്ന് അവിടവിടെ അടിഞ്ഞു കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വാരിക്കൂട്ടാനാണ് പിന്നീട് അവർ ശ്രമിച്ചത്. ഇക്കാര്യത്തിൽ അമ്മൂമ്മയോടൊപ്പം ചേരാൻ 12 വയസ്സുള്ള കൊച്ചു മകൻ ഗൗതം ദേവയ്ക്കും ഉത്സാഹമായിരുന്നു. പക്ഷേ ലൈഫ് ജാക്കറ്റ് ഇല്ലാതെ ഇത്തരത്തിൽ ഒരു പ്രവർത്തനം നടത്തുന്നത് ജീവന് ഭീഷണിയാകുമെന്നത് ഒരു പ്രശ്നമായി അവശേഷിച്ചു. അതിന് പരിഹാരമായെത്തിയത് സുമതി പഠിച്ച ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ കുട്ടികളും അധികൃതരുമായിരുന്നു. സുമതിയുടെ ഈ പ്രവർത്തനത്തെ അവർ അഭിനന്ദിച്ചതിനോടൊപ്പം ലൈഫ് ജാക്കറ്റും ഗ്ലൗസും സമ്മാനമായി നൽകി. ഇനി സുമതിക്ക് ധൈര്യമായി പുഴയിലിറങ്ങാം. പഞ്ചായത്തിൽ നിന്നും മെമന്റോയും പൊന്നാടയും കിട്ടിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി. സുമതി കരുതുന്നു. പഞ്ചായത്ത് മാത്രമല്ല കുടുംബശ്രീയും പുരോഗമന കലാസാഹിത്യ സംഘവും വായനശാലയും അമൃത ഹോസ്പിറ്റലുമൊക്കെ അഭിനന്ദനങ്ങളുമായി മുന്നോട്ടുവന്നു. ഇത് പറയുമ്പോൾ ആ കണ്ണുകളിൽ വല്ലാത്ത തിളക്കമുണ്ടായിരുന്നു, വാക്കുകളിൽ ആവേശവും. പത്രങ്ങളുടെ പ്രാദേശിക പേജുകളിൽ വന്ന വാർത്തകൾ ഒരു നിധിപോലെ സുമതി സൂക്ഷിച്ചു വയ്ക്കുന്നു. മാതൃഭൂമിയും 24ന്യൂസും ദി ഫോർത്തും പ്രാദേശിക ചാനലുകളും ഓൾ ഇന്ത്യ റേഡിയോയും അടക്കം ദൃശ്യശ്രാവ്യ മാധ്യമങ്ങളും സുമതിയുടെ നേട്ടം വാർത്തയാക്കി. ഹരിതകർമ്മ സേനാംഗങ്ങൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ മൂന്നാം സ്ഥാനം നേടാനും സുമതിക്കായി.

 

കെട്ടിടം പണിക്ക് പോകാൻ കഴിയാതായപ്പോൾ പ്രായമായ അമ്മമാരെ സംരക്ഷിക്കുന്നതിനും കുട്ടികളെ നോക്കുന്നതിനുമടക്കം പല ജോലികളും ചെയ്താണ് സുമതി നിത്യവൃത്തിക്കുള്ള വക കണ്ടെത്തിയിരുന്നത്. മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ അന്നൊന്നും സുമതിക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ അവയെ കുഴികുത്തി മൂടി, മറ്റുള്ളവരിൽ കുറ്റം ചാർത്തി ഒന്നും ചെയ്യാതിരിക്കാനും സുമതിക്കു കഴിഞ്ഞില്ല. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് പറയുന്നതുപോലെ സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റാനാണ് സുമതി എല്ലായ്പോഴും ശ്രമിച്ചത്. എക്സ്-റേ ഫിലിം ഉപയോഗിച്ച് പൂക്കളും ചിത്രശലഭങ്ങളും ഉണ്ടാക്കിയതു പോലെ തന്നെ മറ്റ് പാഴ്വസ്തുക്കളും നിർമ്മാണ പ്രവർത്തനത്തിന് ഉപയോഗിച്ചുവന്നു. കൊതുമ്പും ഐസ്ക്രീം സ്പൂണും ഉപയോഗിച്ച് കളി വള്ളങ്ങൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ ഉപയോഗിച്ച് പൂപ്പാത്രങ്ങൾ, പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് വസ്ത്രങ്ങളുടെ മോഡലുകൾ അങ്ങനെ കിട്ടിയതെന്തും ഉപയോഗിച്ച് മനോഹരങ്ങളായ വസ്തുക്കൾ സുമതി നിർമ്മിച്ചെടുത്തു. അതിൻറെ ഏറ്റവും അവസാന മാതൃകയാണ് പുഴയിലൂടെ തുഴഞ്ഞു പോകാൻ സഹായിച്ച ചങ്ങാടത്തിൻ്റെ നിർമ്മാണം. ഇവിടം കൊണ്ട് അവസാനിപ്പിക്കുന്നില്ല. എന്തായാലും കാലിൻറെ വേദന ഭേദമായാൽ പുഴയിൽ ഇറങ്ങി മാലിന്യം വാരി വൃത്തിയാക്കണം എന്ന ഉറച്ച ആഗ്രഹം ഇപ്പോഴുമുണ്ട്. യാതൊരു പ്രതിഫലവുമില്ലാതെ ഈ പുഴ ഞാൻ വൃത്തിയാക്കുന്നതു കണ്ട് ഒരാളെങ്കിലും വലിച്ചെറിയുന്നതവസാനിപ്പിച്ചാൽ അതിൽപരം സന്തോഷം വേറൊന്നുമില്ല എന്ന് പറയുന്ന സുമതിയെ കണ്ടുപഠിക്കണം ഈ നാട്.

Thursday, 28 March 2024

തടവറയിൽ നിന്ന് മോചിപ്പിക്കപ്പെടുന്ന പുസ്തകങ്ങൾ





 'നിങ്ങൾ ഒരു നല്ല പുസ്തകം വായിക്കുമ്പോൾ വളരെ മാന്ത്രികമായ എന്തെങ്കിലും സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു' എന്ന് പറഞ്ഞത് ലോകപ്രശസ്ത എഴുത്തുകാരിയായ ജെ കെ റൗളിങ്ങാണ്. വായനയുടെ ലോകത്തേയ്ക്ക് ഊളിയിട്ടു കഴിഞ്ഞാൽ ചുറ്റുപാടും മറക്കുകയും മറ്റൊരു ലോകത്തെത്തുകയും ചെയ്യുക പതിവുമായിരുന്നു. ചെറുപ്പത്തിൽ വായിച്ചു വളർന്ന മംഗലക്കൽ നേതാജി ഗ്രന്ഥശാലയും വായനോർമ്മയും മനസ്സിൽ പറ്റിച്ചേർന്ന് നിൽക്കുന്നതുകൊണ്ടാകാം യാത്രയിൽ എവിടെയെങ്കിലും വായനശാല കണ്ടാൽ ഉള്ളിൽ കൗതുകം ജനിക്കുന്നത്. പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം ലഭിക്കുന്നതെന്നാരോ(സാമുവൽ ബട്ലർ) പറഞ്ഞു. ഇന്ന് വായനയ്ക്ക് പല രീതികളുണ്ടെങ്കിലും പുസ്തകങ്ങൾക്ക് മരണം സംഭവിച്ചിട്ടില്ല.

പോണ്ടിച്ചേരി യാത്രക്കിടയിലാണ് അലമാരകളിൽ നിന്നും മോചനം ലഭിക്കുന്ന പുസ്തകങ്ങളുള്ള ഒരു വായനശാല കാണാനിടയായത്. റൊമൈൻ റോളണ്ട് ലൈബ്രറി... ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിലെ ലൈബ്രറികളിൽ ഏറ്റവും വലുതാണിത്. Bibliotheque Publique എന്നറിയപ്പെട്ടിരുന്ന ലൈബ്രറി 1966 ലാണ് റൊമൈൻ റോളണ്ട് ലൈബ്രറിയായി മാറിയത്. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഫ്രഞ്ച് നോവലിസ്റ്റാണ് റൊമൈൻ റോളണ്ട്. മഹാത്മാഗാന്ധിജിയുടെ അടുത്ത സുഹൃത്തായിരുന്ന ഇദ്ദേഹം ഇന്ത്യയെ വളരെയധികം സ്നേഹിച്ചിരുന്നു. 1827 ഈ ലൈബ്രറി സ്ഥാപിക്കപ്പെടുമ്പോൾ അത് ഉപയോഗിക്കാൻ യൂറോപ്യന്മാർക്കു മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇന്ന് 50,000 അംഗങ്ങളും മൂന്നുലക്ഷം പുസ്തകങ്ങളുമുള്ള ഒരു വലിയ ലൈബ്രറിയായി അത് വളർന്നിരിക്കുന്നു. എന്തായാലും ഇവിടത്തെ പുസ്തകങ്ങൾ അലമാരയ്ക്കുള്ളിൽ തളച്ചിടപ്പെട്ടിട്ടില്ല എന്നാണ് അവിടത്തെ ഉദ്യോഗസ്ഥർ പറയുന്നത്. അമ്പതിനായിരത്തോളം ലൈവ് അംഗങ്ങളും ദിവസവും എത്തുന്ന ആയിരത്തോളം പേരും തന്നെയാണ് ഇതിന് കാരണമായി തീരുന്നത്. തമിഴിലും ഇംഗ്ലീഷിലുള്ള പുസ്തകങ്ങൾ മാത്രമല്ല ഫ്രഞ്ച് ഭാഷയിലും എന്തിന് മലയാളത്തിലുമുള്ള പുസ്തകങ്ങളും ഇവിടെയുണ്ട്. സാധാരണ ലൈബ്രറികളിൽ കാണുന്നതുപോലുള്ള മങ്ങിയ നിറവും ഇടുങ്ങിയ മുറികളും പൊടിമണം കൊണ്ട് തൊടാൻ കഴിയാതെയായി പോകുന്ന പുസ്തകങ്ങളുമല്ല ഇവിടത്തെ കാഴ്ച. മനോഹരമായി അടുക്കി വെച്ചിരിക്കുന്ന ബുക്ക് ഷെൽഫുകളും കണ്ടാൽ ഇരുന്നു വായിക്കാൻ തോന്നിപ്പോകുന്ന ലൈബ്രറിഹാളുമടക്കം നല്ല സംവിധാനങ്ങളുള്ള മെച്ചപ്പെട്ട ഒരു ലൈബ്രറി. ഉയർന്ന തൊഴിൽ സാധ്യതകൾ അന്വേഷിക്കുന്ന അവിടത്തെ വിദ്യാർഥികൾക്ക് സഹായകമായ ഒരു കരിയർ സെക്ഷൻ ഭംഗിയായി ഇവിടെ പ്രവർത്തിക്കുന്നു. വളരെ അപൂർവങ്ങളായ പുസ്തകങ്ങൾ ഉള്ളതു കൊണ്ടുതന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നു പോലും ഗവേഷണ വിദ്യാർത്ഥികൾ സ്ഥിരമായി അന്വേഷിച്ചെത്തുന്ന ഒരിടം കൂടിയാണിത്. അത്തരം പുസ്തകങ്ങളെ ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കാനുള്ള നടപടികളും ഇവിടെ പുരോഗമിക്കുന്നു. ലൈബ്രറിയുടെ എല്ലാ ഭാഗവും കയറി കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനു പോലും ഉള്ള സൗകര്യം അധികൃതർ ചെയ്തു തന്നു എന്ന് മാത്രമല്ല വിവരങ്ങൾ പറഞ്ഞു തരുകയും ചെയ്തു എന്നത് സന്തോഷം പകരുന്നു. പോണ്ടിച്ചേരിയിലെ പ്രശസ്തമായ പ്രൊമനേഡ് ബീച്ചിലേക്ക് നടക്കുന്ന വഴിയിൽ ഇടതുവശത്തായി മനോഹരമായ ശില്പ ഭംഗിയുള്ള ഒരു കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തെ പോണ്ടിച്ചേരിയിൽ ചെന്നാൽ കാണാതെ പോരുന്നതെങ്ങനെ ..