Friday, 17 January 2020

ജ്യൂസ് കുടിക്കാൻ ഇനി 'പോത'ക്കുഴൽ ―സിന്ധു പ്രഭാകരൻ




പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ എങ്ങനെ ജ്യൂസ് കുടിക്കും എന്ന ആശങ്കയിലാണോ? വിഷമിക്കേണ്ട.. പരിസ്ഥിതിയ്ക്ക് ഏറെ നാശം വിതയ്ക്കുന്ന പ്ലാസ്റ്റിക്  സ്ട്രോകൾക്ക് ഒരു ബദലുമായി തലസ്ഥാനത്തെത്തിയിരിക്കുകയാണ് മഹാത്മാഗാന്ധി സർവ്വകലാശാലയിലെഎൺവയോൺമെന്റ് സയൻസ് വിദ്യാർത്ഥി ഷിജോ ജോയി. തിരുവനന്തപുരം സൂര്യകാന്തിയിൽ ഹരിത കേരള മിഷൻ സംഘടിപ്പിച്ചിരിക്കുന്ന ബദൽ ഉൽപ്പന്ന പ്രദർശന വിപണന മേളയിലാണ് ഈ പരിസ്ഥിതിസൗഹൃദ സ്ട്രോ കാണികളുടെ ശ്രദ്ധയാകർഷിക്കുന്നത്. നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന 'പോത' വർഗ്ഗത്തിൽപ്പെട്ട ഒരു പുൽച്ചെടിയുടെ തണ്ട് ചില പ്രത്യേക മാറ്റങ്ങൾക്ക് വിധേയമാക്കിയാണ് പുതിയയിനം 'സ്ട്രോ'ക്ക് രൂപം നൽകിയിരിക്കുന്നത്.  പ്ലാസ്റ്റിക് സ്ട്രോ മൂലമുണ്ടാകുന്ന ഭീകരമായ മലിനീകരണം ഒഴിവാക്കാനുള്ള അന്വേഷണമാണ് പുല്ലുവർഗ്ഗത്തിലെ ഈ ചെടിയിൽ എത്തിച്ചത് എന്ന് ഷിജോ പറയുന്നു. ഒരു വർഷം നീണ്ടുനിന്ന ഗവേഷണങ്ങൾക്കൊടുവിലാണ്, ഇതിനെ പാനീയം കുടിക്കാൻ കഴിയുന്ന തരത്തിലേക്ക് മാറ്റിയെടുത്തത്.

യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു ഇൻറർനാഷണൽ കോൺഫറൻസിന്റെ സമയത്താണ് പോതസ്ട്രോയുടെ രംഗപ്രവേശം. വിദേശത്ത് നിന്നും വന്ന പ്രതിനിധികൾക്ക് ശീതള പാനീയത്തിനൊപ്പം നൽകിയത് ഈ പ്രകൃതിസ്ട്രോ. തുടക്കം തന്നെ ഗംഭീരമാക്കിക്കൊണ്ടാണ് ഇവൻ രംഗപ്രവേശനം ചെയ്തത്. തന്റെ ഉത്പന്നത്തിന് പേറ്റന്റ് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഈ മിടുക്കൻ. അധ്യാപകൻ സൈലസും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയും  എല്ലാ പിന്തുണയും നൽകി ഈ വിദ്യാർത്ഥിക്കൊപ്പമുണ്ട്. സുഹൃത്തുക്കളായ അജിത്തും അഭിജിത്തും ഈ പ്രോജക്റ്റിന് പൂർണ പിന്തുണയുമായി തിരുവനന്തപുരത്തും എത്തിയിട്ടുണ്ട്.

കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരു കളസസ്യമാണെങ്കിലും ഇതിന്റെ സ്വദേശം വടക്കേ ആഫ്രിക്കയാണ്. പെനിസ്റ്റം സെറ്റാസിയം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം വളരെ പെട്ടെന്ന് പടർന്നു വളരുന്ന ഒന്നാണ്. കൂടാതെ ഇത് മറ്റു സസ്യങ്ങളുടെ വളർച്ചയെ തടയുകയും ചെയ്യുന്നു. പലനിറത്തിലുള്ള പൂങ്കുലകൾ ഉണ്ടാകുന്നതു കൊണ്ട് അലങ്കാര സസ്യമായും ഇതിനെ ചിലയിടങ്ങളിൽ വളർത്താറുണ്ട്. ഇളംപുല്ല് കന്നുകാലികൾക്ക് തീറ്റയായി നൽകാം. ബാക്കിയാകുന്ന തണ്ടാണ് സ്ട്രോ ആയി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. നൈസർഗികമായ ചില മാറ്റങ്ങൾക്ക് വിധേയമാക്കി രണ്ടര മാസം വരെ കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റുകളെ ഉൾപ്പെടുത്തി വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ചാൽ പ്ലാസ്റ്റിക് സ്ട്രോ യെക്കാൾ വില കുറച്ച് വിൽക്കാനാകും. 

ഇത്തിരിക്കുഞ്ഞനാണെങ്കിലും പ്ലാസ്റ്റിക് സ്ട്രോ കൊണ്ടുള്ള മാലിന്യപ്രശ്നം വളരെ വലുതാണ്. അമേരിക്കയിൽ മാത്രം പ്രതിദിനം 50 കോടി സ്റ്റ്രോകൾ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഇവ ചേർത്തുവച്ചാൽ ഭൂമിയെ രണ്ടര പ്രാവശ്യം ചുറ്റാൻ കഴിയുമെന്ന വസ്തുത ഇതിന്റെ ഭീകരത ബോധ്യപ്പെടുത്തും. പുനചംക്രമണം ചെയ്യാൻ കഴിയുന്ന പോളിപ്രോപ്പിലിൻ കൊണ്ടാണ് ഇവ നിർമ്മിക്കുന്നത് എങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പലപ്പോഴും ഇവയൊന്നാകെ ഉപേക്ഷിക്കുകയാണ് പതിവ്. കരയിലുണ്ടാക്കുന്നതിനേക്കാൾ വലിയതോതിലുള്ള ആഘാതം ഇത് സമുദ്രപരിസ്ഥിതിയിലേൽപ്പിക്കുന്നുണ്ട്. കടലിൽ കാണപ്പെടുന്ന മാലിന്യങ്ങളിൽ ആറാം സ്ഥാനമാണ് നിസ്സാരമെന്നു കരുതി നാം വലിച്ചെറിയുന്ന ഈ കുഞ്ഞൻ കുഴൽ സൃഷ്ടിക്കുന്നത്. ജലജീവികളെ ഇത് വല്ലാതെ ബാധിക്കുന്നത്, മൂക്കിലൂടെ കയറിയ സ്ട്രോ കൊണ്ട് വിഷമിക്കുന്ന  ആമയിലൂടെ ലോകം മുഴുവൻ കണ്ടതുമാണ്. അതുകൊണ്ടുതന്നെയാണ് ഈ രംഗത്തെ ഒരു ജൈവ ഉൽപന്നത്തിന്റെ കണ്ടെത്തൽ എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്നത്.

No comments:

Post a Comment