Wednesday, 25 March 2020

മനുഷ്യ ശരീരത്തിന് പുറത്ത് കോവിഡ് ― 19 വൈറസിന് എത്ര കാലം ജീവനോടെ നിലനിൽക്കാനാവും

മനുഷ്യ ശരീരത്തിന് പുറത്ത് കോവിഡ് ― 19 വൈറസിന് എത്ര കാലം ജീവനോടെ നിലനിൽക്കാനാവും

സിന്ധു പ്രഭാകരൻ

നമ്മുടെ കൊച്ചു കേരളം മാത്രമല്ല, ലോകം മുഴുവൻ  കൊറോണ ഭീഷണിയിലാണ്. ഈ സമയത്ത് ഏവരും ചോദിക്കുന്ന ചോദ്യമാണ്, മനുഷ്യ ശരീരത്തിന് പുറത്ത് എത്രകാലമാണ് കോവിഡ് 19 വൈറസിന് ജീവനോടെ ഇരിക്കാൻ കഴിയുക എന്നത്. വളരെ വ്യാപകമായ അബദ്ധധാരണകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്നത്. യഥാർത്ഥത്തിൽ ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ ലോകത്തിൻറെ നാനാ ഭാഗത്തും നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ ഇപ്പോഴും ശാസ്ത്രലോകത്തിന് ലഭിച്ചിട്ടില്ല. ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോർട്ട് പ്രകാരം അന്തരീക്ഷവായുവിൽ മൂന്ന് മണിക്കൂറാണ് ഇതിൻറെ ആയുസ്സ്. കാർഡ് ബോർഡിൽ 24 മണിക്കൂർ വരെയും സ്റ്റീൽ പ്രതലത്തിൽ രണ്ടു മുതൽ മൂന്നു ദിവസം വരെയും ഇവയ്ക്ക് കഴിച്ചുകൂട്ടാനാകും. പോളിപ്രോപ്പിലിൻ എന്ന വിഭാഗം പ്ലാസ്റ്റിക് പ്രതലത്തിൽ മൂന്നുദിവസം ഇവ ജീവനോടെ തങ്ങിനിൽക്കുന്നു. പാത്രങ്ങൾ മുതൽ കളിപ്പാട്ടങ്ങൾ വരെ നിർമിക്കാൻ ഉപയോഗിക്കുന്ന തരം പ്ലാസ്റ്റിക് ആണ് പോളിപ്രോപ്പിലിൻ. മാർച്ച് 17ന് ഇംഗ്ലണ്ടിൽ നിന്ന് പുറത്തിറങ്ങിയ ദ ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ ആണ് ഈ വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞ രീതിയിൽ ആണെങ്കിലും അന്തരീക്ഷ ഊഷ്മാവിലേയും ഈർപ്പത്തിന്റെ അളവിലേയും വ്യത്യാസം ഇവയുടെ ജീവിതകാലത്തെ സ്വാധീനിക്കുന്നുണ്ട് എന്ന നിഗമനത്തിലാണ് ശാസ്ത്രലോകം. ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണഗതിയിൽ വീടുകളിൽ നാം ഉപയോഗിക്കുന്ന വിവിധതരം അണുനാശിനികൾ ഉപയോഗിച്ച് ഇവയെ എളുപ്പത്തിൽ നശിപ്പിക്കാനാകും. 70 ശതമാനം ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്ററൈസറുകൾ വളരെ പെട്ടെന്ന് ഇവയെ നശിപ്പിക്കുന്നു. കൃത്യമായ ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഈ  അസുഖം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ,  വരാതെ നോക്കുന്നത് തന്നെയാണ് നല്ലത്. അതിനായി ആരോഗ്യ പ്രവർത്തകരുടെയും സർക്കാരുകളുടെയും നിർദ്ദേശം കൃത്യമായി നമുക്ക് പാലിക്കാം.